ADVERTISEMENT

ഹാങ്ചോ∙ തോക്കെടുത്തപ്പോൾ മെഹുലി ഘോഷിന് ആദ്യം പറ്റിയത് അബദ്ധമാണ്. പരിശീലനത്തിനിടെ അറിയാതെ വെടിപൊട്ടി. ജീവനക്കാരിൽ‌ ഒരാൾക്കു പരുക്കേറ്റു. അതോടെ ക്ലബ്ബിൽ നിന്നു പുറത്തായി. പൊലീസ് കേസും എഫ്ഐആറും ഒക്കെയായി കരിയർ അവസാനിച്ചേക്കാവുന്ന സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ ഇരുപത്തിരണ്ടുകാരി ഷൂട്ടിങ് താരമായത്.

ഏഷ്യൻ ഗെയിംസിൽ 3 പേർ പങ്കെടുത്ത 10 മീറ്റർ എയർ റൈഫിൾ‌ ടീം ഇനത്തിലാണ് മെഡലെങ്കിലും ഈ നേട്ടത്തിലേക്കെത്തിയതിന്റെ അണിയറക്കഥകളാണ് മെഹുലി നേടിയ വെള്ളി മെഡലിന്റെ തിളക്കം വർധിപ്പിക്കുന്നത്. ഷൂട്ടിങ് താരമാകുന്നതിന് ആദ്യം വെല്ലുവിളി പണമായിരുന്നു. വാടകയ്ക്കെടുത്ത തോക്കിലായിരുന്നു പരിശീലനം. 2014ൽ 13–ാം വയസ്സിലാണ് മെഹുലിയുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ‌ വെടിപൊട്ടിയത്. ക്ലബ്ബിൽ നിന്നു പുറത്തായതോടെ പരിശീലനം താളംതെറ്റി.

മാനസികമായി തളർന്ന മെഹുലി ഷൂട്ടിങ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, വീട്ടുകാരുടെ  നിർബന്ധമാണ് ആ തീരുമാനം മാറ്റിയത്. സ്വന്തം ഗ്രാമത്തിൽ നിന്ന് ഏറെ അകലെയുള്ള പുതിയ അക്കാദമിയിൽ ചേർന്ന മെഹുലിക്ക് ഭാരമേറിയ ഷൂട്ടിങ് ഉപകരണങ്ങളും വഹിച്ച് ദിവസവും 5 മണിക്കൂറിലേറെ ട്രെയിൻ യാത്ര നടത്തേണ്ടിവന്നു. പരിശീലനത്തിനുശേഷം രാത്രി 12നായിരുന്നു വീട്ടിൽ തിരിച്ചെത്തിയിരുന്നത്.  

‌അഭിനവ് ബിന്ദ്രയോടുള്ള ആരാധന മൂത്ത് ഷൂട്ടിങ്ങിലെക്കെത്തിയതാണ് ഈ ബംഗാൾ സ്വദേശിനി. 2008 ബെയ്ജിങ് ഒളിംപിക്സിൽ‌ ബിന്ദ്ര ഒളിംപിക്സ് സ്വർണം നേടുമ്പോൾ മെഹുലിക്ക് 7 വയസ്സ്. 10 വർഷത്തിനുള്ളിൽ ബിന്ദ്രയുടെ അതേ ഇനത്തിൽ ദേശീയ ചാംപ്യനുമായി. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ വെള്ളി നേടിയ താരം ഈ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിൽ 10 മീറ്റർ എയർറൈഫിൾ ടീം ഇനത്തിലും സ്വർ‌ണം നേടിയിരുന്നു. 

English Summary : Silver medal to Mehuli Ghosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com