ബോറടി മാറ്റാൻ നീന്താനിറങ്ങിയ ധിനിധി ദേസിങ്കു, ഇന്ത്യൻ ടീമിലെ പ്രായംകുറഞ്ഞ താരം
Mail This Article
ബോറടി മാറ്റാൻ നീന്താനിറങ്ങിയതാണ് ധിനിധി ദേസിങ്കു. ഏഷ്യൻ ഗെയിംസ് നീന്തൽക്കുളത്തിലെ അദ്ഭുത ബാലിക. ഹാങ്ചോയിൽ ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായ ഈ 13 വയസ്സുകാരി അമ്മ വഴി മലയാളിയാണ്. കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയായ ജെസിത വിജയന്റെയും തമിഴ്നാട് സ്വദേശി ദേസിങ്കുവിന്റെയും മകൾ.
ഹാങ്ചോ അക്വാട്ടിക്സ് സെന്ററിൽ വച്ചാണ് ധിനിധിയെയും മാതാപിതാക്കളെയും കണ്ടത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ ഏഷ്യൻ ഗെയിംസിനു യോഗ്യത നേടിയ ധിനിധിയെക്കുറിച്ച് നേരത്തേ കേട്ടിരുന്നു. പക്ഷേ, അദ്ഭുതപ്പെടുത്തിയതു മറ്റൊന്നാണ്. മത്സരവേദിക്ക് അരികിൽനിന്ന് ധിനിധി അമ്മയോടു പച്ചവെള്ളം പോലെ മലയാളം സംസാരിക്കുന്നു!
മുൻ ദേശീയ ഖൊഖോ താരമായ ജെതിസതയ്ക്കും ദേസിങ്കുവിനും ചെറുപ്പം മുതലേ നീന്തൽ ഇഷ്ടമാണ്. ബെംഗളൂരുവിലെ ഫ്ലാറ്റ് ജീവിതത്തിന്റെ ഒറ്റപ്പെടലിൽ നിന്നു മകളെ പുറത്തുകടത്താൻ ഇരുവരും കണ്ടെത്തിയ വഴിയും നീന്തൽ തന്നെയായി. 8 വയസ്സ് പ്രായമുള്ളപ്പോൾ പനിച്ചു വിറച്ച് നീന്തൽകുളത്തിലിറങ്ങിയ പെൺകുട്ടി പെട്ടെന്നു തിരിച്ചുകയറുമെന്നാണ് മാതാപിതാക്കൾ കരുതിയത്. പക്ഷേ പ്രതിഭയുടെ ചിറകുള്ള താരമാണെന്ന് തിരിച്ചറിയാൻ ഏറെ വൈകിയില്ല. വർണ പെൻസിൽ കൊണ്ട് ചിത്രം വരയ്ക്കേണ്ട പ്രായത്തിൽ ദേശീയ നേട്ടങ്ങൾ ധിനിധി ഒന്നൊന്നായി കഴുത്തിലണിഞ്ഞു.
സബ്ജൂനിയർ, ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി 8 ദേശീയ റെക്കോർഡുകൾ ഇപ്പോൾ തന്നെ കൈവശമുണ്ട്. ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതാ മത്സരമായ ഇത്തവണത്തെ ദേശീയ സീനിയർ ചാംപ്യൻഷിപ്പിൽ 200 മീറ്റർ ഫ്രീസ്റ്റൈലിൽ രാജ്യത്തെ സീനിയർ താരങ്ങൾക്കൊപ്പം ധിനിധി മത്സരിച്ചു. അന്ന് ഒരു ഇന്ത്യക്കാരിയുടെ ഏറ്റവും മികച്ച പ്രകടനത്തോടെ സ്വർണം നേടിയാണ് ഈ 13 വയസ്സുകാരി രാജ്യത്തെ വിസ്മയിപ്പിച്ചത്. ഹാങ്ചോയിൽ 200 ഫ്രീസ്റ്റൈൽ, ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിലാണ് ധിനിധിയുടെ മത്സരം.
മത്സരങ്ങളുടെ സമ്മർദമകറ്റാൻ ഏഷ്യൻ ഗെയിംസിനെത്തിയ മറ്റു താരങ്ങൾ പലവഴി തേടുമ്പോൾ ധിനിധിയുടെ മുഖത്ത് ഒരു ടെൻഷനുമില്ല. പൂന്തോട്ടത്തിലെത്തിയ പൂമ്പാറ്റയെപ്പോലെ ഉല്ലാസവതിയാണ് അവൾ. മകളുടെ സന്തോഷത്തിന് കൂട്ടായി അച്ഛനും അമ്മയും എപ്പോഴും കൂടെയുണ്ട്.
English Summary : Who is Dhinidhi Desinghu?