‘കേരള വോളി ടീം’ ഹാങ്ചോയിൽ, ഇന്ത്യൻ വനിതാ വോളിബോൾ ടീമിലെ 11ൽ എട്ടു പേരും മലയാളികൾ
Mail This Article
ഹാങ്ചോ ∙ ഇന്ത്യൻ വനിതാ വോളിബോൾ കറങ്ങുന്നത് കേരളമെന്ന അച്ചുതണ്ടിലാണ്. ഏഷ്യൻ ഗെയിംസിനായി കഴിഞ്ഞ ദിവസം ഹാങ്ചോയിലെത്തിയ ഇന്ത്യൻ വനിതാ ടീമാണ് അതിന് തെളിവ്.
ടീമിൽ ആകെയുള്ളത് 11 താരങ്ങൾ. അതിൽ 8 പേരും മലയാളികൾ. പകരക്കാരിയെ ഉൾപ്പെടെ ഒരു ഫുൾ ടീമിനെ കോർട്ടിലിറക്കാൻ കരുത്തുണ്ട് ടീമിലെ മലയാളിപ്പടയ്ക്ക്. ഗെയിംസിൽ ആറാംസ്ഥാനവുമായി പുരുഷ ടീം നാട്ടിലേക്കു മടങ്ങിയ ദിവസം തന്നെയായിരുന്നു വനിതാ ടീമിന്റെ ‘ലാൻഡിങ്’.
മൂന്നാം ഏഷ്യൻ ഗെയിംസ് കളിക്കുന്ന മിനി മോൾ എബ്രഹാമാണ് ടീമിലെ സീനിയർ. സെറ്റർ കെ.എസ്.ജിനി, ലിബറോ അശ്വതി രവീന്ദ്രൻ, ബ്ലോക്കർമാരായ എസ്.സൂര്യ, കെ.അശ്വിനി എന്നിവർക്ക് ഇത് രണ്ടാം ഗെയിംസ്. അരങ്ങേറ്റ ഏഷ്യൻ ഗെയിംസിന്റെ ആവേശത്തിലാണ് ബ്ലോക്കർ ആർ.എസ്.ശിൽപ, അറ്റാക്കർ കെ.എസ്.ശരണ്യ, യൂണിവേഴ്സൽ ജിൻസി ജോൺസൻ എന്നിവർ.
പരിശീലന ക്യാംപിൽ ഒരാൾക്കു പരുക്കേറ്റതോടെയാണ് ഇന്ത്യൻ സംഘം പതിനൊന്നായി ചുരുങ്ങിയത്. പകരക്കാരെ ഉൾപ്പെടുത്താൻ അനുമതി ലഭിച്ചില്ല. ഇന്ന് ഉത്തര കൊറിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മലയാളി പരിശീലകൻ എസ്.ടി.ഹരിലാലും സംഘത്തിലുണ്ട്.
മിനിമോൾ വിരമിക്കുന്നു
19 വർഷക്കാലം ഇന്ത്യൻ വോളിബോളിന്റെ നെടുംതൂണായിരുന്ന ഷൊർണൂർ സ്വദേശിനി മിനിമോൾ എബ്രഹാമിന്റെ വിടവാങ്ങൽ ടൂർണമെന്റ് എന്ന പ്രത്യേകതയും ഈ ഏഷ്യൻ ഗെയിംസിനുണ്ട്. 2004ൽ ജൂനിയർ ടീമംഗമായി ഇന്ത്യൻ ടീമിലെത്തിയ മിനിമോൾ 2009ലാണ് സീനിയർ ടീമിൽ അരങ്ങേറുന്നത്. തുടർന്ന് ഒന്നര പതിറ്റാണ്ടുകാലം ദേശീയ സീനിയർ ടീമിലെ സ്ഥിരാംഗമായി മാറിയ താരം 35–ാം വയസ്സിലാണ് വിരമിക്കുന്നത്.
English Summary : Indian Volleyball Team in Hangcho