ബാഡ്മിന്റണിൽ ആദ്യമായി വെള്ളി നേടി ഇന്ത്യ; അഭിമാനമായി ശ്രീശങ്കറും ജിൻസണും
Mail This Article
ഹാങ്ചോ ∙ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ആദ്യമായി വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചു. ചൈനയ്ക്കു മുന്നിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്തായത്. പുരുഷ ലോങ്ജംപിൽ മലയാളി താരം എം.ശ്രീശങ്കർ വെള്ളി മെഡൽ നേടി. 8.19 മീറ്റർ ചാടിയാണു താരത്തിന്റെ നേട്ടം. മറ്റൊരു മലയാളി താരം ജിൻസൺ ജോൺസൺ 1500 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും കരസ്ഥമാക്കി. 1500 മീറ്ററിൽ അജയ് കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്ററിൽ ഹർമിലാൻ ബെയ്ൻസും വെള്ളി നേടി. ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം അർധ സെഞ്ചറി പിന്നിട്ടു. 13 സ്വർണവും 21 വെള്ളിയും 19 വെങ്കലവും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ നാലാമതാണ്.
സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയ്ക്കാണു സ്വർണം. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‍ലെയാണു സ്വർണം നേടിയത്. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ്ങും സ്വർണം നേടി. അവസാന ശ്രമത്തിൽ 20.36 മീറ്റർ ദൂരമാണ് തജീന്ദർപാൽ സിങ് കൈവരിച്ചത്. ഇന്ത്യയുടെ 13–ാം സ്വർണമാണിത്. ഡിസ്കസ് ത്രോയിൽ 40 വയസ്സുകാരിയായ ഇന്ത്യൻ താരം സീമ പുനിയ വെങ്കല മെഡൽ നേടി. ഹെപ്റ്റാത്തലനിൽ ഇന്ത്യയുടെ നന്ദിനി അഗാസാര വെങ്കലം കരസ്ഥമാക്കി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ ജ്യോതി യാരാജിയും വെങ്കലം നേടി.
വനിതകളുടെ 50 കിലോ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ നിഖാത് സരീൻ വെങ്കലം സ്വന്തമാക്കി. ഷൂട്ടിങ് ട്രാപ് ഇനത്തിൽ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയത്. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാര്‍ സിങ് എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം വെടിവച്ചിട്ടത്. വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി. ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കൈനാൻ ചെനായ് വെങ്കലം നേടി. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും പൂർത്തിയായി. ഷൂട്ടിങ്ങിൽനിന്നു മാത്രം ഇന്ത്യ ആകെ നേടിയത് 22 മെഡലുകൾ. 7 സ്വർണം, 9 വെള്ളി, ആറ് വെങ്കലം.
English Summary: Asian Games 2023, Day 8 Updates