സംസ്ഥാന ജൂനിയർ മീറ്റ്: കുതിപ്പ് തുടർന്ന് പാലക്കാട്
Mail This Article
തേഞ്ഞിപ്പലം(മലപ്പുറം)∙ പെരുമഴയിൽ മുങ്ങിയ സംസ്ഥാന ജൂനിയർ മീറ്റിന്റെ രണ്ടാം ദിനവും പോയിന്റ് നിലയിൽ ലീഡ് തുടർന്ന് പാലക്കാട്. 20 സ്വർണവും 15 വെള്ളിയും 12 വെങ്കലവുമുൾപ്പെടെ 342.5 പോയിന്റാണ് പാലക്കാടിന്റെ സമ്പാദ്യം. 253.83 പോയിന്റുമായി എറണാകുളം (14 സ്വർണം, 11 വെള്ളി, 12 വെങ്കലം) രണ്ടാം സ്ഥാനത്തും 207. 83 പോയിന്റുമായി മലപ്പുറം (9 സ്വർണം, 9 വെള്ളി, 12 വെങ്കലം) മൂന്നാം സ്ഥാനത്തുമാണ്.
5 മീറ്റ് റെക്കോർഡുകളാണ് ഇന്നലെ പിറന്നത്. അണ്ടർ 18 ആൺകുട്ടികളുടെ ഷോട്പുട്ടിൽ കാസർകോടിന്റെ കെ.സി.സെർവാൻ (ദൂരം: 17.88 മീറ്റർ), പെൺകുട്ടികളുടെ വിഭാഗത്തിൽ വി.എസ്.അനുപ്രിയ (ദൂരം: 15.78 മീറ്റർ), പെൺകുട്ടികളുടെ വിഭാഗം 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ എറണാകുളത്തിന്റെ സി.ആർ.നിത്യ(സമയം: 7 മിനിറ്റ് 31 സെക്കൻഡ്) എന്നിവരും അണ്ടർ 14 പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ കണ്ണൂർ ടീമും (സമയം: 52.28 സെക്കൻഡ്), അണ്ടർ 20 പുരുഷ വിഭാഗം 4x400 മീറ്റർ മിക്സഡ് റിലേയിൽ തിരുവനന്തപുരം ടീമും (സമയം: 3 മിനിറ്റ് 42 സെക്കൻഡ്) റെക്കോർഡ് നേടി.സമയക്കുറവു കാരണം ഇന്നലെ മാറ്റിവച്ച 3 ഇനങ്ങളിലെ ഫൈനൽ അടക്കം മേളയുടെ സമാപന ദിവസമായ ഇന്ന് 29 ഇനങ്ങളിൽ ഫൈനൽ നടക്കും.
English Summary: Junior State meet concludes today