ADVERTISEMENT

ഏഷ്യൻ ഗെയിംസിലെ വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം ഉത്തര കൊറിയൻ പരിശീലകൻ സോങ്നാം ജാങ് ഇറങ്ങിപ്പോയി. ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നതിനു പകരം തങ്ങളുടെ രാജ്യത്തെ ഉത്തര കൊറിയ എന്ന് അഭിസംബോധന ചെയ്തുള്ള ചോദ്യമാണ് ജാങ്ങിനെ പ്രകോപിപ്പിച്ചത്. യഥാർഥ കൊറിയ തങ്ങൾ തന്നെയാണെന്ന് ഏഷ്യൻ ഗെയിംസ് വേദിയിലും സ്ഥാപിക്കാൻ ശ്രമിക്കുകയാണ് അവർ.

ഉത്തര കൊറിയയുടെ പേരിലുള്ള ജനാധിപത്യം കാര്യത്തോടടുക്കുമ്പോൾ ഇല്ല എന്നതിന്റെ ചില തെളിവുകളും ഏഷ്യൻ ഗെയിംസ് വേദികളിൽ കണ്ടു. പുറം രാജ്യക്കാരുമായി ഇടപഴകുന്നതിനു കായിക താരങ്ങൾക്കു വിലക്കാണ്. ഗെയിംസ് വില്ലേജിലടക്കം കൂട്ടമായി മാത്രമേ പുറത്തിറങ്ങാനാകൂ. ജീൻസ് അടക്കമുള്ള വസ്ത്രങ്ങൾക്കു വിലക്കുണ്ട്. ഗെയിംസിനെത്തിയവർക്ക് ഔദ്യോഗിക യൂണിഫോം മാത്രമേ ധരിക്കാനാകൂ. ഏഷ്യൻ ഗെയിംസ് ബോക്സിങ് വേദിയിൽ ഉത്തര കൊറിയൻ താരത്തെ കണ്ടപ്പോൾ, പല സംശയങ്ങൾക്കും ഉത്തരം തേടി സംസാരിക്കാൻ ശ്രമിച്ചു.  ഉപദ്രവിക്കരുതേ എന്ന ഭാവത്തിൽ കൈകൂപ്പൽ മാത്രമായിരുന്നു മറുപടി.

3 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഉത്തര കൊറിയ രാജ്യാന്തര മത്സര വേദിയിൽ‌ എത്തിയത്. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാവിലക്ക് ഉത്തര കൊറിയയിൽ ഇപ്പോഴും തുടരുകയാണ്. അതു മറികടന്ന് ഭരണകൂടം കായിക താരങ്ങളെ ഏഷ്യൻ‌ ഗെയിംസിന് അയയ്ക്കാൻ തീരുമാനിച്ചതിനു പിന്നിൽ ഒരു കാരണമേയുള്ളൂ; ഉറ്റവരായ ചൈനയുടെ ക്ഷണം. 

ആ വരവിന് ആദ്യ സമ്മാനം ലഭിച്ചത് പതാകയുടെ രൂപത്തിലാണ്. ഉത്തേജക പരിശോധനകൾ നടത്താത്തത് മൂലം രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) വിലക്ക് നേരിടുന്ന രാജ്യമാണ് ഉത്തര കൊറിയ. അതുകൊണ്ട് തന്നെ ആ രാജ്യത്തിന്റെ ദേശീയ പതാക ഏഷ്യൻ ഗെയിംസ് മത്സരവേദിയിൽ ഉയർത്താൻ പാടില്ലെന്നാണ് ചട്ടം. പക്ഷേ, നല്ല അയൽക്കാരായ ചൈന അക്കാര്യത്തിൽ ഒന്നു കണ്ണടച്ചു. ഏഷ്യൻ ഗെയിംസ് മത്സരവേദികളിലും വില്ലേജുകളിലുമെല്ലാം പാറിപ്പറക്കുകയാണ് ഉത്തര കൊറിയൻ പതാക. 

ഉത്തര കൊറിയയിൽനിന്ന് ആളുകൾക്ക് കൂട്ടത്തോടെ മറ്റു രാജ്യങ്ങളിലേക്കെത്താനാകില്ല. എന്നിട്ടും  മത്സരവേദികളിലെല്ലാം ടീമിനെ പ്രോത്സാഹിപ്പിക്കാൻ ആരാധകക്കൂട്ടമുണ്ട്. മുഖത്തും കയ്യിലുമെല്ലാം ദേശീയ പതാക പതിപ്പിച്ചുകൊണ്ട്. ഇതെങ്ങനെയെന്ന് അദ്ഭുതപ്പെട്ടപ്പോൾ ബോക്സിങ് വേദിയിൽവച്ച് അതിന്റെ രഹസ്യം പറഞ്ഞു തന്നത് ജെജ്യാങ് ഡെയ്‌ലിയിലെ പത്രപ്രവർത്തകനായ ഷിയാവോയാണ്. ഈ ആരാധകക്കൂട്ടത്തിൽ ഭൂരിഭാഗവും ചൈനക്കാരാണ്. നമ്മുടെ നാട്ടിൽ വാ‍ടകയ്ക്ക് ആളുകളെ കൂട്ടുന്നതുപോലെ ഒരു അഡ്ജെസ്റ്റ്‌മെന്റ്!!

English Summary : North Korean coach Songnam Jang walked out yesterday during the press conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com