സൂപ്പർ ഗ്രാൻഡ്മാസ്റ്റർ നിഹാൽ, ‘എലീറ്റ് ക്ലബ്ബി’ലേക്കു പടനയിച്ചു കയറുന്ന ആദ്യ മലയാളി
Mail This Article
ചെസ് ലോകത്തെ ‘എലീറ്റ് ക്ലബ്ബി’ലേക്കു പടനയിച്ചു കയറുന്ന ആദ്യ മലയാളി താരമായി നിഹാൽ സരിൻ (19). രാജ്യാന്തര ചെസ് സംഘടനയുടെ (ഫിഡെ) എലോ റേറ്റിങ്ങിൽ 2700 എന്ന മാന്ത്രികസംഖ്യ പിന്നിട്ടാണു നിഹാൽ സരിൻ സൂപ്പർ ഗ്രാൻഡ്മാസ്റ്റർ പട്ടികയിൽ ഇടം നേടിയത്.
യൂറോപ്യൻ ചെസ് ക്ലബ് കപ്പിന്റെ രണ്ടാം റൗണ്ടിൽ ലിത്വാനിയൻ ഒന്നാം നമ്പർ താരം പൗളിസ് പുൾട്ടിനെ വീഷ്യസിനെ തോൽപ്പിച്ചതോടെയാണ് നിഹാൽ ഈ നേട്ടം കൈവരിച്ചത്. നിലവിൽ ലോക റാങ്കിങ്ങിൽ 42ാം സ്ഥാനത്താണ് നിഹാൽ. വിശ്വനാഥൻ ആനന്ദ്, ഡി. ഗുകേഷ്, പി.ഹരികൃഷ്ണ, വിദിത് ഗുജറാത്തി, ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗാസി എന്നിവരാണ് നിലവിൽ 2700 നു മുകളിൽ റേറ്റിങ്ങുള്ള ഇന്ത്യക്കാർ.
കെ.ശശി കിരണും ഭാസ്കരൻ അധിബനും മുൻപ് ഈ നേട്ടം കൈവരിച്ചെങ്കിലും പിന്നീട് റേറ്റിങ്ങിൽ പിന്നോട്ടു പോയിരുന്നു. ലോക ചെസ് ഒളിംപ്യാഡിലെ വ്യക്തിഗത സ്വർണ മെഡൽ ജേതാവാണ് തൃശൂർ സ്വദേശിയായ നിഹാൽ.
English Summary : Nihal Sarin in super grandmaster list