ത്രോ അളന്നതിലെ പിഴവ് വലിയ തെറ്റ്, കിഷോർ ജനയുടെ ഫൗളും തെറ്റെന്നു നീരജ് ചോപ്ര
Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് ഫൈനലിലെ തന്റെ ആദ്യ ത്രോ അളന്നതിലെ പിഴവ് അംഗീകരിക്കാനാകില്ലെന്നും ഇത്തരം അനുഭവം കരിയറിൽ ആദ്യമാണെന്നും നീരജ് ചോപ്ര.
‘‘എന്റെ ആദ്യ ത്രോ മികച്ചതായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. ആ സമയത്ത് ദൂരം അളക്കുന്ന യന്ത്രത്തിനു തകരാർ സംഭവിച്ചിരുന്നു. എന്നാൽ, തകരാർ പരിഹരിച്ചശേഷം അത് തിട്ടപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. പക്ഷേ, അടുത്ത മത്സരാർഥി ത്രോ ചെയ്യാൻ എത്തിയപ്പോഴേക്കും എന്റെ ജാവലിൻ പതിച്ച സ്ഥലത്തെ അടയാളം മായ്ച്ചു കളയുന്നത് ശ്രദ്ധയിൽപെട്ടു. ഇത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ ഒഫിഷ്യലുകൾ സ്ഥലത്തെത്തിയത്. ആർക്കും എന്റെ ത്രോ എവിടെയാണ് പതിച്ചതെന്നു കണ്ടെത്താനായില്ല.
വീണ്ടും ത്രോ ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടു. തർക്കിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയതിനാൽ ഞാൻ വീണ്ടും ജാവലിനെടുത്തു. കിഷോർ ജനയുടെ മത്സരത്തിനിടെ ഫൗൾ വിളിച്ചതും തെറ്റായ ഇടപെടലാണ്’’– നീരജ് മത്സരശേഷം പറഞ്ഞു. ആദ്യ ത്രോയിലെ ആ പിഴവ് തന്നെ അൽപം നിരാശനാക്കിയെന്ന് നീരജ് വ്യക്തമാക്കി. എന്നാൽ വൈകാതെ തന്നെ മത്സരത്തിലേക്കു തിരിച്ചെത്താൻ കഴിഞ്ഞു.
അവസാനം നമ്മളാണ് യഥാർഥ ചാംപ്യൻമാരെന്ന് അവരെയെല്ലാം ബോധ്യപ്പെടുത്താൻ കഴിഞ്ഞു. അതാണ് വലിയ നേട്ടം. കിഷോറിന്റെ പ്രകടനം വലിയ അഭിനന്ദനം അർഹിക്കുന്നതാണെന്നും നീരജ് പറഞ്ഞു.
English Summary : Error in measuring the throw is a big mistake says Neeraj Chopra