തിരി തെളിഞ്ഞു, തിളങ്ങാം; ആഘോഷമായി സംസ്ഥാന കായികോത്സവത്തിന്റെ ദീപശിഖാ പ്രയാണം
Mail This Article
തൃശൂർ∙ ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിൽ നടക്കുന്ന കൗമാര കായികോത്സവത്തിനു മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിനു വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണം. നഗരത്തിലെ തേക്കിൻകാട് മൈതാനിയിൽ നിന്നു മത്സരവേദിയായ കുന്നംകുളം സീനിയർ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലേക്കുള്ള ദീപശിഖാ പ്രയാണത്തിനു വിവിധ സെന്ററുകളിലും സ്കൂളുകളിലും മികച്ച സ്വീകരണമാണു ലഭിച്ചത്. ഇന്നലെ രാവിലെ തേക്കിൻകാട് മൈതാനിയിലെ തെക്കേ ഗോപുരനടയിൽ മന്ത്രി ആർ.ബിന്ദു, മുൻ ദേശീയ ഫുട്ബോൾ താരം ഐ.എം.വിജയനു ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. മേയർ എം.കെ.വർഗീസ് അധ്യക്ഷനായി.
എ.സി.മൊയ്തീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റും കായികോത്സവം ആഘോഷ കമ്മിറ്റി ചെയർമാനുമായ മീന സാജൻ, സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ, ജില്ലാ സ്പോർട്സ് കോഓർഡിനേറ്റർ എ.എസ്.മിഥുൻ എന്നിവർ പ്രസംഗിച്ചു. കായിക വകുപ്പ് ഉദ്യോഗസ്ഥരും കായിക വിദ്യാർഥികളും ദീപശിഖയെ അനുഗമിച്ചു. സ്വീകരണം ഏറ്റുവാങ്ങി ദീപശിഖാ പ്രയാണം വൈകിട്ട് 5ന് കുന്നംകുളത്തെത്തി.
പ്രയാണത്തിനു ബഥനി ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂളിൽ കുന്നംകുളം നഗരസഭാ ചെയർപഴ്സൻ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, നഗരസഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്നു നഗര പ്രദക്ഷിണം നടത്തി. കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ എ.സി.മൊയ്തീൻ എംഎൽഎ ദീപശിഖ ഏറ്റുവാങ്ങി.