ഫ്രം ഏഷ്യൻ ഗെയിംസ് വിത് ലവ്
Mail This Article
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മത്സരിക്കുന്ന താരങ്ങൾക്ക് ആശംസയുമായി ഏഷ്യൻ ഗെയിംസിലെ മിന്നുംതാരങ്ങൾ
ഓൾ ദ്് ബെസ്റ്റ്
എന്റെ കുഞ്ഞനുജന്മാരേ, അനുജത്തിമാരേ... സ്കൂൾ കായികോത്സവമെന്നത് ഒളിംപിക്സിലേക്കുള്ള ബേബി സ്റ്റെപ്പായി വേണം കാണാൻ. ആ യാത്രയിലെ ഓരോ നിമിഷവും ആസ്വദിക്കണം. വരുന്ന തെറ്റുകളിൽ നിന്നു പാഠങ്ങൾ പഠിക്കണം. നിങ്ങളുടെ ഏറ്റവും വലിയ എതിരാളി നിങ്ങൾ തന്നെയാണ്. ബീറ്റ് യുവർ ബെസ്റ്റ്. ഓൾ ദ് ബെസ്റ്റ് ! – പി.ആർ. ശ്രീജേഷ് (ഹോക്കി)
ലക്ഷ്യങ്ങൾ വലുതാകട്ടെ
നല്ലൊരു കളിസ്ഥലം ഇല്ലാത്ത നിലമേലിലെ വളയിടം എന്ന ഗ്രാമത്തിൽ വരണ്ടുണങ്ങിയ പാടത്തും കോളജ് മൈതാനത്തുമൊക്കെയാണു ഞാൻ പരിശീലനം തുടങ്ങിയത്. ഏഷ്യൻ ഗെയിംസിൽ 4–400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമാകാൻ കഴിഞ്ഞു. നിങ്ങളും വലിയ ഉയരങ്ങളും ദൂരങ്ങളും ലക്ഷ്യംവയ്ക്കുക. അതിനായി പ്രയത്നിക്കുക. – മുഹമ്മദ് അനസ് (സ്പ്രിന്റർ)
മികച്ച പ്ലാറ്റ്ഫോം
2007ൽ സംസ്ഥാന സ്കൂൾ കായിക മേളയിലും ദേശീയ സ്കൂൾ കായിക മേളയിലും വെള്ളി മെഡൽ നേടിയാണ് എന്റെ കരിയറിന്റെ തുടക്കം. ഇതൊരു നല്ല പ്ലാറ്റ്ഫോമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പിന്തുണ കിട്ടുന്ന മത്സരമാണ് സംസ്ഥാന സ്കൂൾ കായിക മേള. സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു. – ജിൻസൺ ജോൺസൺ (1500 മീറ്റർ)
അവസരങ്ങൾ പ്രയോജനപ്പെടുത്തുക
പരാജയങ്ങളിൽ മനംമടുത്തു പിന്മാറാത്തവർക്കേ മികച്ച കായികതാരങ്ങളായി വളരാൻ കഴിയൂ. എല്ലാ പ്രതിസന്ധിയും മറികടക്കാനുള്ള ഇച്ഛാശക്തിയും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും നമ്മൾ സ്വായത്തമാക്കണം. സ്കൂൾ കായികോൽസവമെന്ന അവസരം നന്നായി പ്രയോജനപ്പെടുത്തുക. എല്ലാ ആശംസകളും. – മിന്നുമണി (ക്രിക്കറ്റ്)
പരാജയങ്ങളിൽ നിന്നു പഠിക്കാം
പരാജയങ്ങളുണ്ടാകുമ്പോൾ ആത്മവിശ്വാസത്തോടെ, ചെറു പുഞ്ചിരിയോടെ നേരിടണം. ഓരോ പരാജയത്തിൽ നിന്നും പഠിക്കാൻ ഏറെയുണ്ട്. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനമായ 400 മീറ്ററിൽ മെഡൽ ലഭിക്കാതെ പോയത് നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ വിഭാഗം റിലേയിലെ സ്വർണ മെഡൽ എനിക്കുമുന്നിൽ ഉണ്ടായിരുന്നു. പലരും സ്കൂൾ കായിക മേളയിലെ മെഡൽ നേട്ടത്തോടെ കായികലോകത്തോട് വിടപറയും. സ്കൂൾ കാലഘട്ടത്തിനു ശേഷവും പരിശീലനം തുടർന്നു രാജ്യത്തിനു വേണ്ടി മെഡൽ നേടാൻ തയാറാവണം. – മുഹമ്മദ് അജ്മൽ (സ്പ്രിന്റർ)
തീരുമാനം നിങ്ങളുടേത്
ഡോക്ടറാകാനല്ല ഞാൻ ആഗ്രഹിച്ചത്. കായിക താരമാകുക എന്നതു മാത്രമായിരുന്നു എന്റെ ലക്ഷ്യം. എംബിബിഎസ് പഠനവും കായിക പരിശീലനവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്നു മനസ്സിലാക്കിയാണ് എംബിബിഎസ് വേണ്ടെന്നു വച്ചത്. എൻജിനീയറിങ്ങിനു ചേർന്നപ്പോഴും കായിക പരിശീലനത്തിനു മതിയായ സമയം ഇല്ലെന്ന കാരണത്താൽ അതും ഉപേക്ഷിച്ചു. നിങ്ങൾ ആരാകണം, എന്താവണം, എവിടെ എത്തണം എന്നെല്ലാം തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. - എം. ശ്രീശങ്കർ (ലോങ്ജംപ്)
കാണാം, വലിയ സ്വപ്നങ്ങൾ
സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ സ്വർണമായിരുന്നു എന്റെ ആദ്യ സ്വപ്നം. 800, 1500 മീറ്റർ മത്സരങ്ങളിൽ സംസ്ഥാന കായിക മേളയിലും ദേശീയ മേളയിലും സ്വർണം നേടിക്കഴിഞ്ഞപ്പോഴാണ് വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത്. സ്പോർട്സ്മാൻ സ്പിരിറ്റോടെ മത്സരിക്കാനും ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്താനുമാണ് ശ്രമിക്കേണ്ടത് – പി. മുഹമ്മദ് അഫ്സൽ (800 മീറ്റർ)
പ്രതീക്ഷ കൈവിടരുത്
നിങ്ങളിപ്പോൾ പങ്കെടുക്കാനൊരുങ്ങുന്ന കായികമേള ഏഷ്യൻ ഗെയിംസിലേക്കുള്ള ചവിട്ടുപടിയാണെന്നു വേണം മനസ്സിലാക്കാൻ. ഞാനും തുടങ്ങിയത് ഇങ്ങനെയൊക്കെയാണ്. പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ചാൽ എല്ലാവർക്കും ഏഷ്യൻ ഗെയിംസിലും ഒളിംപിക്സിലുമൊക്കെ എത്താം. – മിജോ ചാക്കോ കുര്യൻ (സ്പ്രിന്റർ)