പാലക്കാടൻ കാറ്റോട്ടം
Mail This Article
കുന്നംകുളം ∙ പതിവു സമവാക്യങ്ങൾ മാറിമറിയാമെന്ന മലപ്പുറത്തിന്റെ വെല്ലുവിളിയെ അതിജീവിച്ചു സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ഒന്നാംദിനം പാലക്കാടിന്റെ മുന്നേറ്റം. 7 സ്വർണമടക്കം 14 മെഡലുകളുമായി 50 പോയിന്റ് നേടിയാണു നിലവിലെ ചാംപ്യൻമാർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 4 സ്വർണമടക്കം 11 മെഡലുകളുമായി 37 പോയിന്റ് നേടി മലപ്പുറം കടുത്ത പോരാട്ടവുമായി രണ്ടാം സ്ഥാനത്തുണ്ട്. കാസർകോട് (3 സ്വർണമടക്കം 6 മെഡലുകൾ, 22 പോയിന്റ്) ആണു മൂന്നാം സ്ഥാനത്ത്. പഴയ പ്രതാപികളായ എറണാകുളം17 പോയിന്റുമായി നാലാം സ്ഥാനത്താണ്. സ്കൂളുകൾ തമ്മിലുള്ള പോരിൽ നിലവിലെ ചാംപ്യൻ മലപ്പുറത്തെ ഐഡിയൽ കടകശേരി 2 സ്വർണമടക്കം 18 പോയിന്റുമായി ഒന്നാം സ്ഥാനം കൈവശംവച്ചു. 2 സ്വർണമടക്കം 14 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്തും 2 സ്വർണമടക്കം 13 പോയിന്റുമായി കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ കെ.സി.സർവാൻ, സീനിയർ ആൺ 400 മീറ്ററിൽ പാലക്കാട് മാത്തൂർ സിഎഫ്ഡി വിഎച്ച്എസ്എസിലെ പി.അഭിറാം എന്നിവരാണു പുതിയ മീറ്റ് റെക്കോർഡിട്ടത്. ഗ്ലാമർ ഇനമായ 100 മീറ്ററിലെ ഫൈനലുകളാണ് ഇന്നത്തെ ആകർഷണം. ഇവയടക്കം 22 ഫൈനലുകൾ ഇന്നു നടക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തി. വർണാഭമായ മാർച്ച് പാസ്റ്റിനു ശേഷം മന്ത്രി വി. ശിവൻകുട്ടി കായികോത്സവം ഉദ്ഘാടനം ചെയ്തു. എ.സി. മൊയ്തീൻ എംഎൽഎയിൽ നിന്ന് ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ ദീപശിഖ ഏറ്റുവാങ്ങി. ഒളിംപ്യൻ പി.ആർ. ശ്രീജേഷ് ദീപശിഖ സ്റ്റേഡിയത്തിൽ സ്ഥാപിച്ചു. ഏഷ്യൻ ഗെയിംസ് താരങ്ങളെ ആദരിച്ച് 107 ബലൂണുകൾ ആകാശത്തു പറത്തിയത് ആവേശമായി.