ഗോവ ദേശീയ ഗെയിംസിൽ വോളിബോൾ മത്സരയിനമായേക്കില്ല
Mail This Article
കോട്ടയം ∙ അട്ടിമറി വിജയങ്ങളിലൂടെ ഏഷ്യൻ ഗെയിംസിൽ കരുത്തുകാട്ടിയ വോളിബോളിന് ദേശീയ ഗെയിംസിൽ ഇടമില്ല. ഗോവയിൽ അടുത്തയാഴ്ച ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ വോളിബോളിനെ മത്സരയിനമായി ഉൾപ്പെടുത്തിയേക്കില്ല.
ടീം മത്സരങ്ങളിൽ ദേശീയ ചാംപ്യൻഷിപ്പിലെ ആദ്യ 8 സ്ഥാനക്കാരാണ് ദേശീയ ഗെയിംസിൽ മത്സരിക്കുക. എന്നാൽ വോളിബോളിൽ ടീമുകളെ നിശ്ചയിക്കുന്നതിനുള്ള ദേശീയ ചാംപ്യൻഷിപ് സംഘടിപ്പിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയമിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതാണ് പ്രതിസന്ധിക്കു കാരണം. ദേശീയ വോളിബോൾ ഫെഡറേഷനെ ജൂണിൽ പിരിച്ചുവിട്ടശേഷമാണ് ഐഒഎ അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചത്.
ദേശീയ ഗെയിംസിൽ നിലവിലെ ചാംപ്യൻമാരായ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ 10 ദിവസമായി പരിശീലന ക്യാംപിലാണ്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് ടീം ഗോവയിലേക്കു യാത്രയ്ക്കൊരുങ്ങുമ്പോഴാണ് ഇരുട്ടടിയായി വാർത്ത വരുന്നത്. ഗെയിംസ് മത്സരയിനങ്ങളുടെ പട്ടികയിൽ ആദ്യം വോളിബോളിനെ ഉൾപ്പെട്ടിരുന്നതിനാൽ മറ്റു സംസ്ഥാനങ്ങളിലെ ടീമുകളും നേരത്തേ തയാറെടുപ്പ് തുടങ്ങിയിരുന്നു. എന്നാൽ വോളിബോളിനെ ഉൾപ്പെടുത്തണമെന്ന് ഗെയിംസ് ടെക്നിക്കൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള ഒളിംപിക് അസോസിയേഷൻ അറിയിച്ചു.