ADVERTISEMENT

ഹാങ്ചോ∙ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ മെഡൽ പെരുക്കം തുടരുന്നു. തിങ്കളാഴ്ച 6 സ്വർണമടക്കം 17 മെഡലും ഇന്നലെ 4 സ്വർണമുൾപ്പെടെ 18 മെഡലുമാണ് ഇന്ത്യൻ താരങ്ങൾ വാരിക്കൂട്ടിയത്. വനിതകളുടെ പാരാ കനോയിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പാരാ അത്‌ലീറ്റ് പ്രാചി യാദവായിരുന്നു ഇന്നലത്തെ താരം. 10 സ്വർണവും 12 വെള്ളിയും 13 വെങ്കലുമടക്കം 35 മെഡൽ നേടിക്കഴി‍ഞ്ഞ ഇന്ത്യ ചൈന (155), ഇറാൻ (44), ഉസ്ബക്കിസ്ഥാൻ (38) എന്നീ രാജ്യങ്ങൾക്കു പിന്നിൽ നാലാം സ്ഥാനത്താണ്.

തിങ്കളാഴ്ച കനോയിങ്ങിലെ വിഎൽ2 വിഭാഗത്തിൽ വെള്ളി നേടിയതിനു പിന്നാലെയാണ് കെഎൽ2 വിഭാഗത്തിൽ പ്രാചി സ്വർണത്തിളക്കം സ്വന്തമാക്കിയത്. പുരുഷ വിഭാഗം കനോയിങ്ങിൽ പ്രാചിയുടെ ഭർത്താവ് മനീഷ് കൗരവ് വെങ്കലത്തിന് അർഹനായി.

വനിതകളുടെ ടി20 400 മീറ്ററിൽ ദീപ്തി ജീവൻജി, പുരുഷ വിഭാഗം ടി13 5,000 മീറ്ററിൽ ശരത് ശങ്കരപ്പ മകനഹള്ളി, പുരുഷ വിഭാഗം ഡിസ്കസ് ത്രോയിൽ നീരജ് യാദവ് എന്നിവരാണ് ഇന്നലെ സ്വർണം നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ. നീരജിന്റെ ഇനത്തിൽ ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു. വെള്ളി യോഗേഷ് കഥുനിയയും വെങ്കലം മുത്തുരാജയുമാണ് നേടിയത്,

പുരുഷ വിഭാഗം ഷോട്പുട്ടിൽ രവി രംഗോലി, 1,500 മീറ്ററിൽ പ്രമോദ് 400 മീറ്ററിൽ അജയ്കുമാർ, വനിതകളുടെ 100 മീറ്ററിൽ സിമ്രൻ ശർമ എന്നിവർ വെള്ളി സ്വന്തമാക്കി. പാരാഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റളിൽ രുദ്രാൻഷ് ഖണ്ഡേൽവാൾ, മനീഷ് നർവാൽ എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടി.

വനിതകളുടെ ഷൂട്ടിങ്ങിൽ അവനി ലഖാര, പുരുഷ ക്ലബ് ത്രോയിൽ പ്രണവ് സൂർമ, 63 ഹൈജംപിൽ ശൈലേഷ്കുമാർ, ടി47 ഹൈജംപിൽ നിഷാദ്കുമാർ, 5,000 മീറ്ററിൽ അങ്കുർ ധാമ, ടി64 ഹൈജംപിൽ പ്രവീൺകുമാർ എന്നിവരാണ് തിങ്കളാഴ്ച സ്വർണമണിഞ്ഞത്.

മലയാളി താരം ഉണ്ണി രേണുവിന് വെങ്കലം

പുരുഷ ഹൈജംപിൽ കോട്ടയം ആർപ്പൂക്കര പനമ്പാലം അങ്ങാടി തെക്കേടത്ത് ഉണ്ണി രേണു വെങ്കല മെഡൽ നേടി. മുൻ കായിക താരമായ ഉണ്ണിക്ക് അപകടത്തെ തുടർന്ന് ഒരു കാലിനു നീളക്കുറവുണ്ടായി.  മെക്സിക്കോയിൽ കഴിഞ്ഞ വർഷം നടന്ന ലോക പാരാ അത്‌ലറ്റിക് ഗ്രാൻപ്രിയിൽ ഹൈജംപിൽ സ്വർണമെഡൽ നേടിയിരുന്നു.

English Summary:

India wins more medals in Asian Para Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com