ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ മലയാളി സിദ്ധാർഥ ബാബുവിന് സ്വർണം
Mail This Article
തിരുവനന്തപുരം ∙ വെടിച്ചില്ലു പോലെ വന്ന ദുർവിധിക്കു മുന്നിൽ വീഴാതെ സിദ്ധാർഥ ബാബു രക്ഷപ്പെട്ടത് അപാരമായ മനക്കരുത്തു കൊണ്ടാണ്. ഇപ്പോഴിതാ അക്ഷരാർഥത്തിൽ ഒരു വെടിയുണ്ട തിരിച്ചു പായിച്ച് സിദ്ധാർഥ സ്വർണം വീഴ്ത്തിയിരിക്കുന്നു. ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന, ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കായികമേളയായ ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയാണു തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സിദ്ധാർഥ ബാബു രാജ്യത്തിന്റെ അഭിമാനമായത്.
‘മിക്സ്ഡ് 50 മീറ്റർ റൈഫിൾസ് പ്രോൺ എസ്എച്ച്–1 മത്സരത്തിലാണ് സ്വർണനേട്ടം. ‘മിന്നുന്ന പ്രകടനം കാഴ്ച വച്ച നമ്മുടെ പാരാ ഷൂട്ടർ സിദ്ധാർഥ ബാബുവിന് അഭിനന്ദനങ്ങൾ’– പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
19-ാം വയസ്സിൽ തിരുവനന്തപുരത്തെ വെള്ളയമ്പലത്തുണ്ടായ ബൈക്കപകടത്തിൽ സിദ്ധാർഥയുടെ ശരീരം അരയ്ക്കു താഴെ തളർന്നു. പുസ്തകങ്ങൾ വായിച്ച് ഷൂട്ടിങ്ങിനെക്കുറിച്ച് അറിവു നേടി സ്വയം പരിശീലനം തുടങ്ങി. പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ എഴുന്നേറ്റു നിൽക്കാനും വോക്കറിന്റെ സഹായത്തോടെ നടക്കാനും സ്വയം വാഹനം ഓടിക്കാനും പരിശീലിച്ചു. 2021ലെ ടോക്കിയോ പാരാലിംപിക്സിൽ ഫൈനലിൽ എത്തിയിരുന്നു.
മെഡൽനേട്ടത്തിൽ റെക്കോർഡിട്ട് ഇന്ത്യ
ഹാങ്ചോ (ചൈന) ∙ ഏഷ്യൻ ഗെയിംസിനു പിന്നാലെ, ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കായികമേളയായ ഏഷ്യൻ പാരാഗെയിംസിലും മെഡൽനേട്ടത്തിൽ റെക്കോർഡിട്ട് ഇന്ത്യ. ഗെയിംസ് അവസാനിക്കാൻ 2 ദിവസം കൂടി ശേഷിക്കെ ഇന്ത്യയുടെ മെഡൽ നേട്ടം 82 ആയി (18 സ്വർണം, 23 വെള്ളി, 41 വെങ്കലം). 2018 ജക്കാർത്ത ഗെയിംസിലെ 72 മെഡൽ റെക്കോർഡാണു തിരുത്തിയത്. മെഡൽപട്ടികയിൽ ചൈനയാണ് ഒന്നാമത്; ഇന്ത്യ 8–ാം സ്ഥാനത്ത്. നേരത്തേ, ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽക്കൊയ്ത്താണ് (107) നടത്തിയത്.