ചൈനീസ് കുതിപ്പ്
Mail This Article
പൊന്മുടി (തിരുവനന്തപുരം) ∙ ചൈനീസ് സൂപ്പർ താരം ല്യു സിയാൻജിങിന്റെ ഇരട്ട സ്വർണത്തിളക്കവുമായി ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിനു സമാപനം. കഴിഞ്ഞ ദിവസം ഏറ്റവും ദൈർഘ്യമേറിയ (24.5 കി.മി) മത്സരമായ ക്രോസ് കൺട്രി ഒളിംപിക്കിൽ സ്വർണം നേടിയ 25 വയസുകാരൻ ല്യു ഇന്നലെ ഏറ്റവും വേഗമേറിയ ക്രോസ് കൺട്രി എലിമിനേറ്ററിലും ചാംപ്യനായി. 450 മീറ്റർ ദൂരത്തിൽ കുത്തനെ കയറ്റിറക്കങ്ങളുള്ള ട്രാക്കിൽ രണ്ടു ലാപ് പൂർത്തിയാക്കേണ്ട ക്രോസ് കൺട്രി എലിമിനേറ്റർ പുരുഷ വിഭാഗത്തിൽ ചൈനയുടെ തന്നെ യുവാൻ ജിൻവെയ് വെള്ളിയും റിയാദ് ഖക്കിം (സിംഗപൂർ) വെങ്കലവും നേടി. ക്രോസ് കൺട്രി ഒളിംപികിലും യുവാൻ വെള്ളി നേടിയിരുന്നു.
വനിത വിഭാഗം ക്രോസ് കൺട്രി എലിമിനേറ്ററിൽ സ്വർണവും വെള്ളിയും ചൈനീസ് താരങ്ങളായ വു സിഫനും യാങ് മക്വോവും സ്വന്തമാക്കി. സായ് യായു (ചൈനീസ് തായ്പെയ്) വെങ്കലം നേടി. വു സിഫൻ ക്രോസ് കൺട്രി ഒളിംപിക്കിൽ വെങ്കലവും നേടിയിരുന്നു. നാലു ദിവസമായി പൊൻമുടി മെർച്ചിസ്റ്റൺ എസ്റ്റേറ്റിലെ സർക്യൂട്ടിൽ നടന്ന ചാംപ്യൻഷിപ്പിൽ ക്രോസ് കൺട്രി വിഭാഗങ്ങളിൽ ചൈനയുടെ ആധിപത്യമായിരുന്നു. ഡൗൺ ഹിൽ മത്സരങ്ങളിൽ മാത്രമാണ് ചൈനയ്ക്ക് കാര്യമായ മെഡൽ നേട്ടം ഇല്ലാതെ പോയത്. ആതിഥേയരായ ഇന്ത്യക്ക് വേണ്ടി 31 താരങ്ങൾ മത്സരിച്ചെങ്കിലും ഒരു മെഡലും നേടാനായില്ല.
ക്രോസ് കൺട്രി എലിമിനേറ്റർ ജേതാക്കൾക്ക് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനീന്ദർപാൽ സിങും ട്രഷറർ എസ്.എസ്. സുധീഷ്‌കുമാറും മെഡലുകൾ സമ്മാനിച്ചു.