പായ്വഞ്ചിയില് ലോകം ചുറ്റണം, ചരിത്രം കുറിക്കാൻ ധന്യ പൈലോ
Mail This Article
കോട്ടയം ∙ പായ്‌വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിക്കാൻ ഒരു മലയാളി വനിത കൂടി. മുംബൈ മലയാളിയായ ധന്യ പൈലോയാണ് ഇംഗ്ലണ്ടിലെ സതാംപ്ടനിൽനിന്ന് ആരംഭിച്ച ഓഷ്യൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്നത്. ധന്യയ്ക്കൊപ്പം ഇന്ത്യൻ നാവികസേന കമാൻഡറായ പായൽ ഗുപ്ത ഉൾപ്പെടെ 12 വനിതകളാണ് യുകെയിൽ റജിസ്റ്റർ ചെയ്ത ‘മെയ്ഡൻ’ എന്ന പായ്‌വഞ്ചിയിലുള്ളത്.
നാലു പാദങ്ങളിലായി കടലിലൂടെ ലോകം ചുറ്റിവരുന്ന സാഹസിക പായ്‌വഞ്ചിയോട്ടമാണ് ഓഷ്യൻ ഗ്ലോബ് റേസ്. സെപ്റ്റംബർ 10ന് സതാംപ്ടനിൽനിന്ന് ആരംഭിച്ച റേസിന്റെ ആദ്യപാദം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ സമാപിച്ചു. ന്യൂസീലൻഡിലെ ഓക്‌ലൻഡിലേക്കുള്ള രണ്ടാം പാദം നാളെ ആരംഭിക്കും. തുടർന്ന് യുറഗ്വായ് തീരം വഴി സതാംപ്ടനിലെ ഫിനിഷിങ് ലൈനിൽ എത്തുന്ന വിധത്തിലാണ് റേസ്.
3 വിഭാഗങ്ങളിലായി 14 ബോട്ടുകളാണ് മത്സരത്തിലുള്ളത്. ഇതിൽ, വനിതകൾ മാത്രമുള്ള ടീമാണ് മെയ്‌ഡൻ എന്ന ബോട്ടിലെന്നു കേപ്ടൗണിൽനിന്ന് ധന്യ പൈലോ ‘മനോരമ’യോടു പറഞ്ഞു. ഫിലിം മേക്കറും ഡിസൈനറുമായ ധന്യ പൈലോ പായ്‌വഞ്ചിയോട്ടത്തിൽ മുൻപ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ റിട്ടയേഡ് നാവികസേന കമാൻഡർ രാജീവ് പൈലോയുടെ മകളായ ധന്യ മുംബൈയിൽ നേവിയുടെ സെയ്‌ലിങ് ക്ലബ്ബിൽനിന്നാണ് പായ്‌വഞ്ചിയോട്ടത്തിൽ പരിശീലനം നേടിയത്. ഇരുപതു വർഷത്തോളമായി വിവിധ പായ്‌വഞ്ചിയോട്ടങ്ങളിൽ പങ്കെടുക്കുന്നു.
മലയാളി നാവികൻ അഭിലാഷ് ടോമി അടുത്തയിടെ വിജയകരമായി ഫിനിഷ് ചെയ്ത ഗോൾഡൻ ഗ്ലോബ് റേസുമായി സാമ്യമുള്ളതാണ് ഈ മത്സരവും. 1973ൽ ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിൽനിന്ന് തുടങ്ങി അവിടെത്തന്നെ ഫിനിഷ് ചെയ്ത വിറ്റ്ബ്രഡ് റേസിന്റെ 50–ാം വാർഷികത്തിന്റെ ഭാഗമായാണ് ഓഷ്യൻ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്. 1973 കാലത്തെ സമുദ്ര പര്യവേക്ഷണ ഉപാധികൾ മാത്രമേ മത്സരാർഥികൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ളൂ.
‘വനിതകൾ മാത്രമുള്ള സംഘമാണ് ഞങ്ങളുടേത്. അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് ഇനി ഇന്ത്യൻ മഹാസമുദ്രത്തിലേക്കാണ് റേസ്. ഇന്ത്യയിൽ പായ്‌വഞ്ചിയോട്ടം പരിശീലിച്ചവർ അധികം പേരില്ല. പ്രത്യേകിച്ചും പെൺകുട്ടികൾ ഈ മേഖലയിൽനിന്നു വിട്ടുനിൽക്കുകയാണ്. അവർക്കെല്ലാം പ്രചോദനമാവുകയാണ് എന്റെ ലക്ഷ്യം. ഏപ്രിലിൽ സതാംപ്ടനിലെ ഫിനിഷിങ് ലൈനിൽ എത്താമെന്നാണ് പ്രതീക്ഷ’– ധന്യ പറഞ്ഞു.