ADVERTISEMENT

കോഴിക്കോട് ∙ അപൂര്‍വമായേ തലശ്ശേരിക്കാരി സാറ ട്രാക്കില്‍ ഒന്നാം സ്ഥാനത്തുനിന്നു പിന്തള്ളപ്പെട്ടിട്ടുള്ളൂ. ആദ്യവട്ടം അതു സംഭവിച്ചത് പണ്ട് കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലാണ്. നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍നിന്നു വന്ന പി.ടി. ഉഷ എന്ന പെൺകുട്ടിയായിരുന്നു ഒന്നാമതെത്തിയത്. തലശ്ശേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നെത്തിയ നെട്ടൂര്‍ കരുവാന്റവിട സാറ മൂന്നാമത്. 

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ദുബായില്‍ നടന്ന ഓപണ്‍ ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പിലൂടെ ആദ്യ രാജ്യാന്തര മൽസരത്തിനിറങ്ങിയപ്പോൾ, അഞ്ച് പതിറ്റാണ്ടിനിപ്പുറം ഒരിക്കല്‍ കൂടി സാറയ്ക്ക് ഒന്നാം സ്ഥാനം കൈവിടേണ്ടി വന്നു. 200 മീറ്ററിൽ രണ്ടാമതും 100 മീറ്ററില്‍ മൂന്നാമതും ഫിനിഷ് ചെയ്തു. എങ്കിലും റിലേ ടീമിനൊപ്പം ഓടി സ്വര്‍ണം ‘പിടിച്ചുവാങ്ങി’ വിഷമം തീര്‍ത്തു.

അറുപത്തിരണ്ടുകാരി സാറയെന്ന റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി കായിക രംഗത്ത് സജീവമാണ്. അഞ്ചു മക്കളെ പോറ്റി, നല്ല വിദ്യാഭ്യാസം നല്‍കി മികച്ച ജോലിയില്‍ എത്തിക്കുന്നതിനൊപ്പം തന്റെ കായിക സപര്യയും കൈവിടാതെ കാത്ത സാറ ദേശീയ മാസ്റ്റേഴ്‌സ് മീറ്റുകളിലെ പതിവു സ്വര്‍ണ ജേതാവാണ്. അഞ്ചു വര്‍ഷം മുമ്പ് സര്‍വീസില്‍നിന്നു വിരമിക്കുന്നതുവരെ, സര്‍വീസ് മീറ്റുകളിലും ദേശീയതലത്തില്‍ മാറ്റുരച്ചു സുവര്‍ണ്ണനേട്ടങ്ങള്‍ കൊയ്തു. ‘‘നൂറ്, ഇരുനൂറ്, നാനൂറ് മീറ്ററുകളിലൊന്നും  സ്വര്‍ണം വിട്ടുകൊടുക്കാറില്ല’’- സാറ പറയുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കേരള ടീമിന്റെ ഭാഗമായി, ഉത്തര്‍പ്രദേശില്‍ നടന്ന ദേശീയ  സ്‌കൂള്‍ ഗെയിംസില്‍ ഹോക്കി കളിച്ച ചരിത്രവും തലശ്ശേരിക്കാരുടെ സാറത്തയ്ക്കുണ്ട്.

തലശ്ശേരി നെട്ടൂരിലെ ഗൗരീവിലാസം എല്‍പി സ്‌കൂളില്‍ വച്ചായിരുന്നു ആദ്യമായി സ്‌പോര്‍ട്‌സില്‍ കമ്പം കയറുന്നത്. സ്‌കൂളില്‍ കായികമേളകളിലെല്ലാം താരമായി. പിന്നീട്, വടക്കുമ്പാട് ശ്രീനാരായണ ഗവ. ബേസിക് യുപി സ്‌കൂളിലും തലശ്ശേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളിലും (ഇപ്പോഴത് ഹയര്‍സെക്കന്‍ഡറി) പഠിച്ച മൂന്നു വര്‍ഷങ്ങളിലും ജില്ലാ കായിക മേളകളില്‍ സ്‌കൂളുകളെ വിജയത്തിലേക്കു നയിച്ച് റോളിങ് ട്രോഫി നേടിക്കൊടുത്തു. ‘‘ഈ രണ്ട് സ്‌കൂളുകളെയും  പഠിച്ച മൂന്നു വര്‍ഷങ്ങളിലും തുടര്‍ച്ചയായി ജില്ലാ കായികമേളകളില്‍ വിജയത്തിലെത്തിച്ച് ട്രോഫി നേടിക്കൊടുത്തിട്ടുണ്ട്. ഈ മേളകളിലെല്ലാം ഞാന്‍ തന്നെയായിരുന്നു വ്യക്തിഗത ചാംപ്യനും’’ -സാറത്ത പറയുന്നു. 

എന്നാല്‍, കുടുംബത്തിന്റെ സമ്മതമില്ലാത്തതുകാരണം സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാനായില്ല. സംസ്ഥാനമേള കണ്ണൂരില്‍ എത്തിയപ്പോള്‍ മാത്രം പങ്കെടുത്തു. അന്നാണ് പി.ടി. ഉഷയ്‌ക്കൊപ്പം ഓടിയത്. പത്താംതരം കഴിഞ്ഞതോടെ സാറയുടെ പഠനവും അവസാനിച്ചു; കായികമേഖലയില്‍ നിന്ന് വലിയൊരു ഇടവേളയും എടുക്കേണ്ടിവന്നു. പിന്നീട്, 13 വര്‍ഷത്തെ സ്വകാര്യ സ്‌കൂള്‍ അധ്യാപനവും കഴിഞ്ഞ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായതോടെയാണ് സാറ വീണ്ടും ട്രാക്കില്‍ മിന്നല്‍ക്കൊടിയായി മാറിയത്.

സര്‍വീസ് മത്സരങ്ങളിലും മുതിര്‍ന്നവര്‍ക്കുള്ള മാസ്റ്റേഴ്‌സ് മത്സരങ്ങളിലും എല്ലാ വര്‍ഷവും പങ്കെടുത്തു. ദേശീയ തലത്തില്‍ വരെ തുടര്‍ച്ചയായി സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടി. ‘‘പിന്നീട്, ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നുള്ള രണ്ടുവര്‍ഷം മാത്രമാണ് മീറ്റുകളില്‍നിന്ന് വീട്ടുനിന്നത്’’-സാറ പറയുന്നു. ‍‘‘ദേശീയ തലത്തില്‍പോലും 100, 200, 400 എന്നിവയാണ് എന്റെ ഇനങ്ങള്‍. ഇവ മൂന്നും ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല’’-സാറയുടെ കട്ടായം.

ഈയടുത്ത് ദുബായില്‍ നടന്ന ഓപണ്‍ ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സില്‍ മാറ്റുരച്ചതും മികച്ച അനുഭവമായി. ആദ്യമായിട്ടായിരുന്നു ഒരു രാജ്യാന്തര മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ‘‘ശ്രീലങ്കക്കാരികളെല്ലാം ശരവേഗത്തിലാ പോകുന്നത്. എങ്കിലും റിലേയില്‍ ഒന്നാമതെത്താനായി’’. സ്വന്തമായി അപേക്ഷ നല്‍കി, സ്വന്തം ചെലവിലാണ് സാറ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. 

പരിശീലനം വീട്ടില്‍ത്തന്നെ

സ്വന്തം നിലയ്ക്കുള്ള പരിശീലനമാണ് ട്രാക്കില്‍ കുതിക്കാന്‍ കരുത്താകുന്നത്. പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തിനു ശേഷം വീടിനുള്ളിൽ വ്യായാമം ചെയ്യുകയും അകത്തുതന്നെ ഓടുകയും ചെയ്യും. ചിലപ്പോഴത് വീട്ടുമുറ്റം വരെയെത്തും. മീറ്റുകള്‍ ഉള്ളപ്പോള്‍ തൊട്ടടുത്ത പൊതുനിരത്തിലും ഓടി പരിശീലിക്കും. ദുബായില്‍ പോയപ്പോഴാണ് ആദ്യമായി ഒരു മൈതാനത്ത് പ്രാക്ടീസ് ചെയ്തത്. പതിറ്റാണ്ടുകളായി നാട്ടില്‍ സ്വര്‍ണമെഡല്‍ കൊണ്ടുവരുന്ന സാറത്ത നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയങ്കരിയാണ്. ഓരോ മീറ്റിലും നേട്ടവുമായി അവരെത്തുമ്പോള്‍ അഭിനന്ദനവുമായി നാട്ടുകാരും ക്ലബ്ബുകളും രാഷ്ട്രീയപ്പാര്‍ട്ടികളുമൊക്കെയെത്തും. വിരമിച്ച ആരോഗ്യവകുപ്പ് ജീവനക്കാരുടെ കൂട്ടായ്മ അടുത്ത കാലത്ത് ക്യാഷ് പ്രൈസ് അടക്കം നല്‍കി ആദരിച്ചിരുന്നു. 

ട്രാക്കിലെന്ന പോലെ ജീവിതത്തിലും സാറയുടെ ജീവിതം ഒരു മത്സരം തന്നെയായിരുന്നു അസുഖബാധിതനായിരുന്ന ഭര്‍ത്താവ് മെഹബൂബും അഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തെ ഒറ്റയ്ക്കു താങ്ങേണ്ടിവന്നു. വീട്ടുകാര്യങ്ങള്‍ മുഴുവന്‍ തോളിലേറ്റിയതിനൊപ്പം തന്നെയായിരുന്നു അധ്യാപികയായും പിന്നീട് നഴ്‌സിങ് അസിസ്റ്റന്റായും ജോലി ചെയ്തത്. അഞ്ചു വര്‍ഷം മുൻപായിരുന്നു വിരമിക്കല്‍. 2013 ല്‍ മെഹബൂബ് മരിച്ചു. അതിനിടെ അഞ്ചു മക്കളെയും പഠിപ്പിച്ച് നല്ല നിലയില്‍ ജോലി നേടാന്‍ പ്രാപ്തരാക്കി. മൂന്ന് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. പെണ്‍മക്കളും മൂത്ത മകനും മകന്റെ ഭാര്യയും നഴ്‌സിങ് ആണ് പ്രഫഷന്‍ ആയി എടുത്തത്.

മൂത്ത മകന്‍ മന്‍സൂര്‍ നഴ്‌സിങ് ആണ് പഠിച്ചതെങ്കിലും ഇപ്പോള്‍ സൗദിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ മറൈന്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി അബുദാബിയില്‍ ജോലി ചെയ്യുന്നു. ആണ്‍കുട്ടികളില്‍ മൂന്നാമത്തെയാള്‍ മന്‍സീര്‍ ദുബായില്‍ ഡ്രൈവര്‍ ആണ്. പെണ്‍മക്കളില്‍ മൂത്തയാള്‍ മുംതാസ് തലശ്ശേരി ജനറല്‍ ആശുപത്രിയിലും ഇളയ മകള്‍ ഫാത്തിമത്തുനജ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും നഴ്‌സാണ്.

മക്കൾ നല്ല ജീവിതം നയിക്കുന്നതു കണ്ട് സായൂജ്യമടഞ്ഞ് ഇരിക്കാന്‍ സാറത്ത തയാറല്ല. പേരക്കുട്ടികളെ പരിപാലിക്കുന്ന തിരക്കിനിടയിലും ചിന്ത ഒന്നേയുള്ളൂ– ഇനിയും ഓടണം, സ്വര്‍ണമെഡലുകള്‍ നേടണം.

English Summary:

Sara's new aims in athletics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com