ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാർ, നാടിന് അഭിമാന നേട്ടം കൊയ്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെയും പറഞ്ഞു പറ്റിക്കുകയാണോ?. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ 10 കേരളാ താരങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക ഒരാഴ്ചയ്ക്കുള്ളിൽ അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നു കായിക –മന്ത്രി വി.അബ്ദുറഹിമാൻ ഉറപ്പുനൽകിയിട്ട് ഒന്നര മാസം കഴിഞ്ഞെങ്കിലും ഇതുവരെ ആർക്കും ഒരു രൂപ പോലും കിട്ടിയിട്ടില്ല.

സംസ്ഥാനത്തു നിന്ന് മതിയായ പ്രോൽസാഹനം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടി മെഡൽ ജേതാക്കളിൽ പലരും കേരളം വിടുന്നതായി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഒക്ടോബർ 18ന് മന്ത്രിസഭ 10 മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക തീരുമാനിച്ചത്. സ്വർണം നേടിയവർക്ക് 25 ലക്ഷം രൂപയും വെള്ളി നേടിയവർക്ക് 19 ലക്ഷവും വെങ്കലം നേടിയവർക്ക് 12.5 ലക്ഷവുമായിരുന്നു പ്രഖ്യാപിച്ചത്.

അടുത്ത ദിവസം തന്നെ മെഡൽ ജേതാക്കളെ ആദരിക്കാൻ തലസ്ഥാനത്ത് കായിക വകുപ്പ് സമ്മേളനവും സംഘടിപ്പിച്ചു. സമ്മാനത്തുക അവിടെ വിതരണം ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സമ്മാനിച്ചത് മെമന്റോ മാത്രം. പിന്നാലെ പ്രസംഗിച്ച കായിക മന്ത്രിയാണ് ഒരാഴ്ചയ്ക്കകം കായിക താരങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തുമെന്ന് അറിയിച്ചത്. പക്ഷേ അതും വെറുംവാക്കായി. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ട്രഷറി നിയന്ത്രണം തന്നെയാണു തടസ്സം.

ഹരിയാനയും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ഏഷ്യൻ ഗെയിംസ് മെഡലുകളുമായി എത്തിയ തങ്ങളുടെ താരങ്ങൾക്ക് വൻ തുകയാണ് പാരിതോഷികമായി നൽകിയത്.

English Summary:

Asian Games winners waiting for reward

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com