ഒടുവിൽ, സർക്കാർ വാക്കു പാലിച്ചു! ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കു സമ്മാനത്തുക ലഭിച്ചു
Mail This Article
തിരുവനന്തപുരം∙ ഒടുവിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത സമ്മാനത്തുക ലഭിച്ചു. കായിക മന്ത്രി വി.അബ്ദുറഹിമാൻ ഒക്ടോബർ 19ന് പ്രഖ്യാപിച്ച സമ്മാനത്തുക രണ്ടു മാസത്തോളം വൈകി ഇന്നലെയാണ് ലഭിച്ചത്. ഒരാഴ്ചയ്ക്കകം തുക ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നായിരുന്നു അന്നു മന്ത്രിയുടെ പ്രഖ്യാപനം. താരങ്ങൾക്കു സർക്കാർ നൽകിയ വാക്കു പാലിക്കാത്തതിനെക്കുറിച്ചു കഴിഞ്ഞയാഴ്ച മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
10 മലയാളി താരങ്ങൾക്കാണു സമ്മാനത്തുക ലഭിച്ചത്. സ്വർണം നേടിയവർക്ക് 25 ലക്ഷം രൂപയും വെള്ളി നേടിയവർക്ക് 19 ലക്ഷവും വെങ്കലം നേടിയവർക്ക് 12.5 ലക്ഷവുമായിരുന്നു സർക്കാർ പ്രഖ്യാപിച്ച സമ്മാനം. ജേതാക്കളെ ആദരിക്കാൻ തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി ഉപഹാരം മാത്രമാണു സമ്മാനിച്ചത്. അപ്പോഴാണ് ഒരാഴ്ചക്കകം സമ്മാനത്തുക അക്കൗണ്ടിൽ എത്തുമെന്ന് കായികമന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തുനിന്ന് പ്രോൽസാഹനം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളിൽ ചിലർ കേരളം വിടുമെന്നു പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. അക്കാര്യത്തിൽ സർക്കാർ ഇതുവരെ ഇടപെടൽ നടത്തിയിട്ടില്ല.