അന്തർസർവകലാശാല പുരുഷ അത്‌ലറ്റിക്സ്: കപ്പടിച്ച് കാലിക്കറ്റ്, ചരിത്രനേട്ടം 12 വർഷത്തിനു ശേഷം
Mail This Article
ചെന്നൈ ∙ അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷവിഭാഗം അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 12 വർഷത്തിനു ശേഷം ഓവറോൾ കിരീടനേട്ടം സ്വന്തമാക്കി കാലിക്കറ്റ് സർവകലാശാല. 2 സ്വർണവും ഒരു വെള്ളിയും 6 വെങ്കലവും അടക്കം 53 പോയിന്റ് നേടിയാണ് കാലിക്കറ്റ് ഒന്നാമതെത്തിയത്. മാംഗ്ലൂർ സർവകലാശാല (48 പോയിന്റ്), മദ്രാസ് സർവകലാശാല (47 പോയിന്റ്) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കഴിഞ്ഞ വർഷത്തെ 3–ാം സ്ഥാനക്കാരായ മഹാത്മാ ഗാന്ധി സർവകലാശാല 42 പോയിന്റുകളുമായി 4–ാം സ്ഥാനത്തായി. ഇതിനു മുൻപ് 2011ലാണ് കാലിക്കറ്റ് ദേശീയ ചാംപ്യന്മാരായത്. കഴിഞ്ഞ വർഷം കാലിക്കറ്റ് അഞ്ചാമതായിരുന്നു.
ട്രിപ്പിൾ ജംപിൽ 16.19 മീറ്റർ പ്രകടനത്തോടെ സ്വർണം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വി.എസ്.സെബാസ്റ്റ്യനാണ് മീറ്റിലെ താരം. 4x100 മീറ്റർ റിലേയിലായിരുന്നു കാലിക്കറ്റിന്റെ രണ്ടാം സ്വർണനേട്ടം. അജിത് ജോൺ, ജീവൻ കുമാർ (ഇരുവരും സെന്റ് തോമസ് തൃശൂർ), മുഹമ്മദ് സജീൻ (ശ്രീകൃഷ്ണ ഗുരുവായൂർ), മുഹമ്മദ് ഹിഷാം (ക്രൈസ്റ്റ് ഇരിങ്ങാലക്കുട) എന്നിവരാണ് ടീമംഗങ്ങൾ. 1500 മീറ്ററിൽ സെന്റ് തോമസിലെ ആദർശ് ഗോപി വെള്ളി നേടി.
പുരുഷ ചാംപ്യൻഷിപ്പിന്റെ ഭാഗമായി നടത്തിയ മിക്സ്ഡ് റിലേയിലെ വെള്ളിയും കാലിക്കറ്റിനാണ് എൻ.പി.ഷിജൻ, മുഹമ്മദ് റിസ്‌വാൻ (ഇരുവരും സെന്റ് തോമസ്), ശിൽപ ഇടിക്കുള (വിമല തൃശൂർ), കെ.അനശ്വര (ക്രൈസ്റ്റ്) എന്നിവരടങ്ങിയതായിരുന്നു ടീം. വെങ്കലം നേടിയ 5 പേർ തൃശൂർ സെന്റ് തോമസിലെ വിദ്യാർഥികളാണ്. അലക്സ് പി.തങ്കച്ചൻ (ഡിസ്കസ് ത്രോ), അനൂപ് വൽസൻ (ജാവലിൻ ത്രോ), കെ.പി.പ്രവീൺ (20 കി.മീ. നടത്തം), അജിത് ജോൺ (200 മീ), എം.അനസ് (ട്രിപ്പിൾ ജംപ്). ഇരിങ്ങാലക്കുട ക്രൈസ്റ്റിലെ അലൻ ബിജുവിനും വെങ്കലമുണ്ട് (പോൾവോൾട്ട്)
സ്പോർട്സ് കൗൺസിൽ കോച്ച് സേവ്യർ പൗലോസാണ് മുഖ്യ പരിശീലകൻ. സി.മധു, ടി.എ.അജിത്, എം.എസ്.അനന്തു എന്നിവർ സഹപരിശീലകരും സെന്റ് തോമസ് കോളജ് കായിക വിഭാഗം മേധാവി ശ്രീജിത്ത് രാജ് ടീം മാനേജരുമാണ്.