വനിതാ ജിംനാസ്റ്റിക്സിലെ ‘പോസ്റ്റർ ഗോൾ’: നാദിയ കൊമനേച്ചി
Mail This Article
കൂട്ടുകാരികൾക്കൊപ്പം മെയ്‌വഴക്കത്തോടെ വ്യായാമം ചെയ്യുന്ന ഈ താരം (മുന്നിൽ നിൽക്കുന്നത്) 14–ാം വയസ്സിൽ കായികലോകത്തെ അമ്പരപ്പിച്ചയാളാണ്. 1976 മോൺട്രിയോൾ ഒളിംപിക്സിൽ വനിതാ ജിംനാസ്റ്റിക്സിൽ പെർഫക്ട് ടെൻ സ്കോർ നേടി ചരിത്രം കുറിച്ച റുമേനിയൻ താരം നാദിയ കൊമനേച്ചി. ഒളിംപിക് ജിംനാസ്റ്റിക്സിൽ ആദ്യമായി പെർഫക്ട് ടെൻ സ്കോർ നേടിയ താരമായി അതോടെ കൊമനേച്ചി.
വനിതാ ജിംനാസ്റ്റിക്സിലെ ‘പോസ്റ്റർ ഗോൾ’ ആയി അറിയപ്പെട്ട കൊമനേച്ചി 2 ഒളിംപിക്സുകളിലായി നേടിയത് 5 സ്വർണവും 3 വെള്ളിയും ഒരു വെങ്കലവും. 1984ൽ വിരമിച്ചതിനു ശേഷം റുമേനിയയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം യുഎസിലേക്കു കുടിയേറിയ കൊമനേച്ചി പിന്നീട് വർഷങ്ങൾക്കു ശേഷമാണ് തിരിച്ചുവന്നത്. റുമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ ആശുപത്രി സ്ഥാപിച്ചത് ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കൊമനേച്ചി റുമേനിയ–യുഎസ് ബന്ധത്തിന്റെ അംബാസഡറുമായി.
രാജ്യാന്തര ഒളിംപിക് സമിതിയിലും ലോക ജിംനാസ്റ്റിക്സ് ഫെഡറേഷനിലും പദവികൾ വഹിച്ച അറുപത്തിരണ്ടുകാരി കൊമനേച്ചി, ഭർത്താവും മുൻ ജിംനാസ്റ്റിക്സ് താരവുമായ ബർട് കോണർക്കൊപ്പം യുഎസ് നഗരമായ നോർമനിലാണ് ഇപ്പോൾ താമസം. 17 വയസ്സുള്ള ഡിലൻ പോൾ കോണർ ആണ് മകൻ.