പാരിസ് ഒളിംപിക്സിനു ശേഷം ഷെല്ലി ആൻ ഫ്രെയ്സർ വിരമിക്കും
Mail This Article
കിങ്സ്റ്റൻ∙ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആന്‍ ഫ്രെയ്സർ വിരമിക്കാൻ ഒരുങ്ങുന്നു. പാരിസ് ഒളിംപിക്സ് കരിയറിലെ അവസാന വേദിയായിരിക്കുമെന്ന് ഷെല്ലി വ്യാഴാഴ്ച വെളിപ്പെടുത്തി. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പത്തു വട്ടം ലോകചാംപ്യനായ ഷെല്ലി നിലപാടു വ്യക്തമാക്കിയത്. ഒളിംപിക്സിൽ മൂന്നു തവണ സ്വര്‍ണം നേടിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് 37–ാം വയസ്സിൽ കരിയർ അവസാനിപ്പിക്കുന്നതെന്നും ഷെല്ലി പറഞ്ഞു. മകനും ഭർത്താവിനും തന്നെ ആവശ്യമുള്ള സമയമാണിതെന്നും ഷെല്ലി വ്യക്തമാക്കി. ബെയ്ജിങ്, ലണ്ടൻ ഒളിംപിക്സുകളിലാണ് 100 മീറ്റർ ഓട്ടത്തിൽ ഷെല്ലി സ്വർണം നേടിയത്. ജമൈക്കയ്ക്കു വേണ്ടി റിലേയിലും സ്വർണം സ്വന്തമാക്കി. ടോക്കിയോയില്‍ 100 മീറ്ററിൽ വെള്ളിയും ലണ്ടനിൽ 200 മീറ്ററിൽ വെള്ളിയും നേടി. 2016ലെ റിയോ ഒളിംപിക്സിൽ 100 മീറ്റർ ഓട്ടത്തിലെ വെങ്കല മെഡല്‍ ജേതാവാണ്.
ലോക ചാംപ്യൻഷിപ്പിൽ 2009,2013,2015,2019,2022 വർഷങ്ങളിലായിരുന്നു 100 മീറ്ററിലെ വിജയങ്ങൾ. 2013 ൽ 200 മീറ്റർ ഓട്ടത്തിലും വിജയിച്ചു. 2009,2013,2015, 2019 വർഷങ്ങളിൽ ജമൈക്കൻ ടീമിനൊപ്പം റിലേയിലും വിജയം സ്വന്തമാക്കി.