ADVERTISEMENT

2036 ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിൽ മുംബൈയിൽ നടന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) സെഷനിലാണ്. 2036 ഒളിംപിക്‌സിനു പുറമേ 2030 യൂത്ത് ഒളിംപിക്‌സും ഇന്ത്യയിൽ സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്നും ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായി ചേർന്ന്, രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റസ് കമ്മിഷനുമായി സർക്കാർ 2 വട്ടം ഫലപ്രദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു.

രാജ്യാന്തര കായികമേളകൾക്ക് ആതിഥ്യം വഹിക്കുന്നത് ലോക കായികരംഗത്ത് ഇന്ത്യയുടെ പ്രതിഛായ മെച്ചപ്പെടുത്തും. ഫിഫ അണ്ടർ 17 പുരുഷ-വനിതാ ലോകകപ്പുകൾ, ചെസ് ഒളിംപ്യാഡ്, ഹോക്കി പുരുഷ ലോകകപ്പ് തുടങ്ങിയവ ഇതിനകം നമ്മൾ വിജയകരമായി സംഘടിപ്പിച്ചു. വരുംവർഷങ്ങളിൽ ഇന്ത്യൻ കായിക സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഒരു ലക്ഷം കോടി രൂപയാകുമെന്നും നമ്മുടെ യുവാക്കൾ അതിന്റെ പ്രാഥമിക ഗുണഭോക്താക്കളാകുമെന്നും പ്രധാനമന്ത്രി മോദി വിഭാവനം ചെയ്യുന്നു.

രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കു മെഡൽ സാധ്യതയുള്ള മത്സര ഇനങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. കായിക മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം 2013-14 ലെ 1,093 കോടി രൂപയിൽനിന്ന് 2023-24ൽ 3397.32 കോടി രൂപയായി സർക്കാർ വർധിപ്പിച്ചു. കോർപറേറ്റ്, സ്വകാര്യ നിക്ഷേപങ്ങളും രാജ്യത്തിന്റെ കായിക മുന്നേറ്റത്തിന് സംഭാവന നൽകിയിട്ടുണ്ട്. ഒളിംപിക്സ് മെഡൽ പട്ടികയിൽ ആദ്യ പത്തിലെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഈ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് കരുത്തുപകരുന്നതാണ് ഖേലോ ഇന്ത്യ പദ്ധതി. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങൾക്ക്, പരിശീലനത്തിനും മറ്റുമായി 6.28 ലക്ഷം രൂപയുടെ വാർഷിക സ്കോളർഷിപ് ഖേലോ ഇന്ത്യ പദ്ധതിയിലൂടെ നൽകുന്നുണ്ട്. നിലവിൽ രാജ്യത്തെ 2800ൽ അധികം അത്‍ലീറ്റുകൾ ഇതിന്റെ ഗുണഭോക്താക്കളാണ്. 2016 മുതൽ ഇതുവരെ 3000 കോടിയിലധികം രൂപ ചെലവഴിച്ച് 331 അടിസ്ഥാന കായിക വികസന പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ട്.  ഒപ്പം, ഈ വർഷം നടക്കുന്ന പാരിസ് ഒളിംപിക്സിനുള്ള തയാറെടുപ്പിലാണു നമ്മൾ. ഒളിംപിക്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടവുമായി നമ്മുടെ താരങ്ങൾ മടങ്ങിയെത്തുമെന്ന് എനിക്കുറപ്പുണ്ട്. പരമാവധി അത്‌ലീറ്റുകൾ പാരിസ് ഗെയിംസിനു യോഗ്യത നേടാൻ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ട്. 

തിരഞ്ഞെടുത്ത ഇനങ്ങളിലെ കായിക താരങ്ങളുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമായി 350ൽ അധികം വിദേശയാത്രകൾക്ക് അവസരമൊരുക്കി. നമ്മുടെ 58 അത്‌ലീറ്റുകൾ ഇതുവരെ പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയിട്ടുമുണ്ട്.

English Summary:

India's growth in sports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com