ADVERTISEMENT

വിമ്പിൾഡനിലെ സെന്റർ കോർട്ട് പോലെ പ്രതീക്ഷയുടെ പച്ചപ്പണിഞ്ഞ വേദി. ഒത്ത നടുവിൽ എല്ലാവരുടെയും കണ്ണുകളുടെ ‘എയ്സ്’ ഏറ്റുവാങ്ങി മന്ദഹാസത്തോടെ രോഹൻ ബൊപ്പണ്ണ. കയ്യിൽ റാക്കറ്റിനു പകരം മൈക്ക്. ടെന്നിസ് മത്സരത്തിലെ ടൈബ്രേക്കർ സമ്മർദ നിമിഷങ്ങൾക്കു സമാനമായ ആകാംക്ഷയ്ക്കൊടുവിൽ ബൊപ്പണ്ണ പ്രഖ്യാപിച്ചു: ‘മനോരമ സ്പോർട്സ് സ്റ്റാർ, എം. ശ്രീശങ്കർ..’ സദസ്സിൽ നിലയ്ക്കാത്ത കയ്യടി. 12–ാം വയസ്സിൽ തന്നെ ഒളിംപ്യൻ ശങ്കർ എന്ന ഇമെയിൽ വിലാസമുണ്ടാക്കാൻ ആത്മവിശ്വാസം കാണിച്ച കേരളത്തിന്റെ സ്വന്തം ശ്രീശങ്കർ വിനയം വിടാത്ത പതിവു പുഞ്ചിരിയോടെ വേദിയിലേക്ക്. ബൊപ്പണ്ണയിൽ നിന്നു പുരസ്കാരം സ്വീകരിച്ച ശേഷം പറഞ്ഞു: ‘സർ, താങ്കളെ അൽപം മുൻപു കണ്ടപ്പോൾ ഒന്നിച്ചൊരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം ലജ്ജ മൂലം ഉള്ളിലൊതുക്കിയ ആളാണു ഞാൻ. താങ്കളുടെ കയ്യിൽ നിന്നു തന്നെ ഈ പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ട്..’ 

വേറെ ലവൽ! 

മിക്ക താരങ്ങളും വിരമിക്കൽ പ്രഖ്യാപിക്കുന്ന പ്രായത്തിൽ ലോക ടെന്നിസ് വേദികൾ കീഴടക്കാൻ രോഹന് എങ്ങനെ കഴിയുന്നു എന്ന അതിശയം പങ്കുവച്ചവരിൽ ക്രിക്കറ്റർ സച്ചിൻ ബേബി മുതൽ ഗായകൻ വിജയ് യേശുദാസ് വരെയുണ്ട്. ബൊപ്പണ്ണയിൽ നിന്നു രണ്ടാംസ്ഥാനം ഏറ്റുവാങ്ങിയ ശേഷം സച്ചിന്റെ വാക്കുകളിൽ തന്നെ ഈ ആരാധനയും അതിശയവും പ്രകടം: ‘അദ്ദേഹത്തിനു 44 വയസ്സായി എന്നല്ല പറയേണ്ടത്, അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നതു പോലെ 44–ാം ലവലിലാണെന്നാണ്. അതു നോക്കിയാൽ ഞാൻ 35–ാം ലവലിലാണ്. എന്റെ പ്രചോദനമാണ് അദ്ദേഹം.’ 

മനോരമ സ്പോർട്സ് സ്റ്റാർ റണ്ണറപ്പായ സച്ചിൻ ബേബി, ഭാര്യ അന്ന, മകൻ സ്റ്റീവ്, മുത്തശ്ശി ശോശാമ്മ, അമ്മ ലില്ലി ബേബി, അച്ഛൻ പി.സി ബേബി എന്നിവർക്കൊപ്പം ട്രോഫിയുമായി
മനോരമ സ്പോർട്സ് സ്റ്റാർ റണ്ണറപ്പായ സച്ചിൻ ബേബി, ഭാര്യ അന്ന, മകൻ സ്റ്റീവ്, മുത്തശ്ശി ശോശാമ്മ, അമ്മ ലില്ലി ബേബി, അച്ഛൻ പി.സി ബേബി എന്നിവർക്കൊപ്പം ട്രോഫിയുമായി

താരങ്ങളിലെ താരം 

മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ടിലെത്തിയ 3 താരങ്ങളും ജേതാക്കളായി മാറുന്ന അപൂർവ കാഴ്ചയായിരുന്നു അരൂരിലെ മഴവിൽ മനോരമ സ്റ്റുഡിയോയിൽ. മലയാളികളുടെ ഒളിംപിക്സ് പ്രതീക്ഷയായി മാറിയ എം. ശ്രീശങ്കറും ക്രിക്കറ്റ് മൈതാനങ്ങളിലെ അഭിമാനമായി മാറിയ സച്ചിൻ ബേബിയും കാണുന്നവർക്കെല്ലാം പ്രചോദനമായി ജീവിക്കുന്ന സിദ്ധാർഥ ബാബുവും തമ്മിലെ മത്സരം ജേതാക്കളിലെ ജേതാവിനെ കണ്ടെത്താൻ വേണ്ടിയായി. മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, വിജയ് യേശുദാസ് എന്നിവരെ സാക്ഷിയാക്കി രോഹൻ ആദ്യം പ്രഖ്യാപിച്ചതു രണ്ടാം സ്ഥാന ജേതാവിനെ. ആരവങ്ങൾക്കു നടുവിലേക്കു സച്ചിനെത്തി. പിന്നാലെ ഒന്നാം സ്ഥാനക്കാരന്റെ വർണത്തിളക്കത്തോടെ ശ്രീശങ്കറും മൂന്നാം സ്ഥാനക്കാരനായി സിദ്ധാർഥ ബാബുവും. സദസ്സിൽ കരഘോഷം മുഴങ്ങി. 

മനോരമ സ്പോർട്സ് സ്റ്റാർ ജേതാവ് എം ശ്രീശങ്കർ അമ്മ കെ.എസ്. ബിജിമോൾ, അച്ഛൻ എസ്.മുരളി എന്നിവർക്കൊപ്പം ട്രോഫിയുമായി
മനോരമ സ്പോർട്സ് സ്റ്റാർ ജേതാവ് എം ശ്രീശങ്കർ അമ്മ കെ.എസ്. ബിജിമോൾ, അച്ഛൻ എസ്.മുരളി എന്നിവർക്കൊപ്പം ട്രോഫിയുമായി

പിന്നാലെ സ്പോർട്സ് ക്ലബ് പുരസ്കാര പ്രഖ്യാപനം. ഡെന്നി തോമസ്, മനോരമ അസോഷ്യേറ്റ് എഡിറ്റർ പി.ജെ.ജോർജ് എന്നിവരെ സാക്ഷിയാക്കി രോഹൻ ബൊപ്പണ്ണ വിജയികളെ പ്രഖ്യാപിച്ചു. വയനാട് പാപ്ലശേരി അഴീക്കോടൻ നഗർ ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി, തൃശൂർ വരന്തരപ്പിള്ളി വരാക്കര റെഡ്‍ലാൻഡ്സ് വോളിബോൾ സെന്റർ എന്നിവർക്കു പുരസ്കാരങ്ങളും രോഹൻ സമ്മാനിച്ചു. 

മനോരമ സ്പോർട്സ് സ്റ്റാർ മൂന്നാംസ്ഥാനം നേടിയ സിദ്ധാർഥ ബാബു രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം
മനോരമ സ്പോർട്സ് സ്റ്റാർ മൂന്നാംസ്ഥാനം നേടിയ സിദ്ധാർഥ ബാബു രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം

അത്യപൂർവം, താരസംഗമം

സ്പോർട്സ് സ്റ്റാർ പുരസ്കാര പ്രഖ്യാപനവേദി അപൂർവമായൊരു താരസംഗമത്തിനു കൂടിയാണു സാക്ഷ്യം വഹിച്ചത്. വേദിയോളം താരത്തിളക്കം വഹിച്ച സദസ്സിൽ നിന്ന് അർജുന അവാർഡ് ജേതാക്കളായ എം.ഡി. വൽസമ്മ, മേഴ്സി കുട്ടൻ, ഐ.എം. വിജയൻ, ടോം ജോസഫ്, ജോസഫ് ജി. ഏബ്രഹാം, രാജ്യാന്തര അത്‌ലീറ്റുകളായ സിനി ജോസ്, ലിജോ ഡേവിഡ് തോട്ടാൻ, അനു രാഘവൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദ‍ീപ്, മുൻ രാജ്യാന്തര വോളിബോൾ താരങ്ങളായ എസ്.എ. മധു, മൊയ്തീൻ നൈന, രാജ് വിനോദ്, മിനിമോൾ ഏബ്രഹാം, ധ്യാൻചന്ദ് പുരസ്കാര ജേതാവ് കെ.സി. ലേഖ, രാജ്യാന്തര ബാസ്കറ്റ്ബോൾ താരം പി.എസ്. ജീന, രാജ്യാന്തര ബാഡ്മിന്റൻ താരം അപർണ ബാലൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ പി.വി. ശ്രീനിജിൻ എംഎൽഎ, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കൂടിയായ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, മുൻ ടേബിൾ െടന്നിസ് താരം എസ്.എ.എസ്. നവാസ്, ആർച്ചറി അസോസിയേഷൻ ദേശീയ ട്രഷറർ ഡോ.ജോറിസ് പൗലോസ് തുടങ്ങിയവർ വേദിയിലെത്തി. 

മനോരമ സ്പോർട്സ് സ്റ്റാർ 2023 

1. എം.ശ്രീശങ്കർ (ലോങ്ജംപ്)

2. സച്ചിൻ ബേബി (ക്രിക്കറ്റ്) 

3. സിദ്ധാർഥ ബാബു (പാരാ ഷൂട്ടിങ്) 

മനോരമ സ്പോർട്സ് ക്ലബ് 2023

1. ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പാപ്ലശേരി, വയനാട്

2. ചക്കാലയ്ക്കൽ എച്ച്എസ്എസ് അക്കാദമി, മടവൂർ, കോഴിക്കോട്

3 റെഡ് ലാൻഡ്സ് വോളിബോൾ സെന്റർ, വരാക്കര, തൃശൂർ

English Summary:

Manorama sports star award 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com