ടെന്നിസ് നിർത്തുകയാണെന്നു ഭാര്യയ്ക്കു സന്ദേശമയച്ചു, മറുപടി കരിയറിൽ നിര്ണായകമായി
Mail This Article
വിജയങ്ങൾക്കു നടുവിൽ മിന്നിത്തിളങ്ങി നിൽക്കുന്ന രോഹൻ ബൊപ്പണ്ണയോടു ഗായകൻ വിജയ് യേശുദാസിന്റെ ചോദ്യങ്ങളിലൊന്നു തോൽവിയെക്കുറിച്ചായിരുന്നു. ‘പരാജയങ്ങളുടെ ഒരു കാലമുണ്ടായിരുന്നല്ലോ താങ്കൾക്ക്. ആ സമയത്തെ എങ്ങനെ അതിജീവിച്ചു?’ രോഹൻ പുഞ്ചിരിയോടെ വിജയിനോടു പറഞ്ഞു:
‘ശരിയാണ്, എനിക്കും ഒരു പരാജയകാലം ഉണ്ടായിരുന്നു. 2021ൽ ആദ്യ 5 മാസങ്ങൾക്കിടെ ഒരു കളി പോലും എനിക്കു ജയിക്കാൻ കഴിഞ്ഞില്ല. പോർച്ചുഗലിൽ നിന്നു ഞാൻ ആ സമയത്തു ഭാര്യ സുപ്രിയയ്ക്കൊരു വിഡിയോ മെസേജ് അയച്ചു. ടെന്നിസ് നിർത്താമെന്നു തോന്നുന്നു എന്നായിരുന്നു മെസേജ്. ഭാര്യ പറഞ്ഞു: ശരി, നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ആകാം. പക്ഷേ, ടെന്നിസിനോടു സ്നേഹമുണ്ടെങ്കിൽ ഇപ്പോൾ അതു ചെയ്യരുത്. ജയിച്ചുവേണം അവസാനിപ്പിക്കാൻ. ഭാര്യയുടെ മറുപടി വളരെ നിർണായകമായി. അന്നു മുതൽക്കാണു ഞാൻ വീണ്ടും ജയിച്ചു തുടങ്ങിയത്. അക്കാര്യത്തിൽ എന്റെ ഭാര്യയോടെനിക്കു വലിയ കടപ്പാടുണ്ട്.’ വിജയ് യേശുദാസുമായി രോഹൻ നടത്തിയ സംഭാഷണത്തിൽ ഏറെയും പ്രകടമായതു വ്യക്തിഗത അനുഭവങ്ങളുടെ തെളിച്ചം. തന്റെ പിതാവായ ഗായകൻ യേശുദാസ് ഉൾപ്പെടെ കുടുംബത്തിൽ എല്ലാവരുടെയും ടെന്നിസ് പ്രേമം വിജയ് പങ്കുവച്ചപ്പോൾ, ഒരു കപ്പ് കാപ്പിയും കുടിച്ച് കുടകിലെ വീട്ടിൽ പാട്ടു കേട്ടിരിക്കാനാണ് ഏറ്റവും ഇഷ്ടമെന്നു ബൊപ്പണ്ണയുടെ മറുപടി.
വിജയ്: മയാമി ഓപ്പൺ വിജയിച്ചെത്തിയ താങ്കളുമായി ഒരപൂർവ യാദൃച്ഛികത പങ്കുവയ്ക്കട്ടെ. ഞാൻ കോളജ് വിദ്യാഭ്യാസം നേടിയതു മയാമിയിൽ നിന്നാണ്. എന്റെ സഹോദരൻ വിനോദ് മയാമി യൂണിവേഴ്സിറ്റിക്കു വേണ്ടി കളിച്ചിട്ടുണ്ട്. എന്റെ അച്ഛൻ ഒരു കടുത്ത ടെന്നിസ് ആരാധകനാണ് ഇപ്പോഴും. ടെന്നിസ് കളിക്കാൻ വേണ്ടി ചിലപ്പോഴൊക്കെ പാട്ട് റെക്കോർഡിങ് മാറ്റിവച്ചിട്ടുണ്ട് അദ്ദേഹം. ഞങ്ങളുടെ കുടുംബമാകെ ടെന്നിസ് പ്രേമികളാണ്. അതുകൊണ്ടു തന്നെ ചോദിക്കട്ടെ, അറ്റ്‍ലാന്റ ഒളിംപിക്സിൽ ലിയാൻഡർ പെയ്സിലൂടെ ലഭിച്ച ഒളിംപിക് മെഡൽ താങ്കളുടെ കരിയറിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
ബൊപ്പണ്ണ: എന്നെ മാത്രമല്ല, ഇന്ത്യയിലെ ഓരോ കായികതാരത്തെയും ആ മെഡൽ സ്വാധീനിച്ചിട്ടുണ്ട്. കായികരംഗം ഒരു കരിയർ ആക്കി മാറ്റാമെന്ന വിശ്വാസം ശക്തിപ്പെടുത്താൻ ആ മെഡൽ സഹായിച്ചു. പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയപ്പോൾ ലിയാൻഡറിന്റെ പാതയാണു ഞങ്ങൾക്കു വഴികാട്ടുന്നത്.
വിജയ്: എന്റെ മകൻ ബാസ്കറ്റ്ബോൾ കളി കണ്ടുകൊണ്ടിരിക്കെ ഒരിക്കൽ എന്നോടു ചോദിച്ചു: ‘അപ്പാ ലെബ്രോൺ ജെയിംസ് അപ്പയെക്കാൾ ചെറുപ്പമാണല്ലേ?’ ഞാൻ അവനോടു പറഞ്ഞു, സ്പോർട്സ് അങ്ങനെയാണ്. സ്പോർട്സ് താരങ്ങൾ വളരെ നേരത്തേ പരിശീലനം തുടങ്ങുന്നു. പക്ഷേ, ഞാൻ ചോദിക്കട്ടെ, ഈ പ്രായത്തിലും താങ്കൾ പിന്തുടരുന്ന വിജയമന്ത്രം എന്താണ്?
ബൊപ്പണ്ണ: എന്റെ ഇരുപതുകളിൽ ഫിറ്റ്നസും പരിശീലനവുമൊക്കെ ജിമ്മും ഡയറ്റും മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഇന്നതു പൂർണമായി മാറിയിട്ടുണ്ട്. ഇപ്പോൾ ഒന്നോ ഒന്നരയോ മണിക്കൂർ മാത്രമേ പരമാവധി പരിശീലനത്തിനു ചെലവഴിക്കൂ. യോഗ, ഐസ് ബാത്ത്, 7–8 മണിക്കൂർ സ്വച്ഛമായ ഉറക്കം എന്നിവയൊക്കെ ഇപ്പോൾ ശീലമാക്കി.
വിജയ്: നിരന്തര യാത്രകൾ മൂലം താങ്കൾക്കു കുടുംബവുമായി അകന്നു നിൽക്കേണ്ടി വരാറുണ്ടല്ലോ. ഇതിനെ എങ്ങനെ നേരിടുന്നു?
ബൊപ്പണ്ണ: കുടുംബവുമായി അകന്നു നിൽക്കുന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, നമ്മൾ യാത്ര ചെയ്യുന്നത് എന്തു ലക്ഷ്യവുമായാണ് എന്നു തിരിച്ചറിഞ്ഞാൽ അൽപം കൂടി എളുപ്പമാകും. പലപ്പോഴും ഇന്ത്യൻ സമയത്തെക്കാൾ ഏറെ വ്യത്യാസമുള്ള രാജ്യങ്ങളിൽ കളിക്കായി താമസിക്കേണ്ടി വരുമ്പോൾ കുടുംബവുമായി ആശയവിനിമയം പ്രയാസകരമാകുന്ന അവസ്ഥകളുണ്ട്. ഇപ്പോൾ വിഡിയോ കോൾ അടക്കമുള്ള സൗകര്യങ്ങൾ വന്നതിനാൽ അൽപം വ്യത്യാസം വന്നെന്നു മാത്രം.