ADVERTISEMENT

∙‘കാൽമുട്ടിനു പരുക്കേറ്റ നിമിഷം തന്നെ, മത്സരക്കളത്തിലേക്കു കരുത്തോടെ തിരിച്ചെത്താനുള്ള എന്റെ യാത്ര ‍ആരംഭിച്ചു കഴിഞ്ഞു. ഈ പാത ദൈർഘ്യമുള്ളതും ബുദ്ധിമുട്ടുള്ളതുമായിരിക്കാം. പക്ഷേ ഞാൻ ഇതിനെ അതിജീവിക്കും– ഒളിംപിക്സ് നഷ്ടത്തിന്റെ വേദന പങ്കുവച്ച് ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ തെളിഞ്ഞു നിന്നത് എം.ശ്രീശങ്കർ എന്ന അത്‍ലീറ്റിന്റെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവുമാണ്.  

ജീവിതം വിചിത്രമായ തിരക്കഥകൾ രചിക്കുമ്പോൾ ധൈര്യപൂർവം അത് അംഗീകരിക്കുകയും മുന്നോട്ടുപോകുകയും ചെയ്യേണ്ട‌തുണ്ട്– ശ്രീശങ്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പാരിസ് ഒളിംപിക്സ് ലക്ഷ്യമിട്ട് പാലക്കാട‌് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കഠിന പരിശീലനം നടത്തിവരുന്നതിനിടെയാണ് കേരളത്തിന്റെ അഭിമാനതാരത്തെ പരുക്ക് വീഴ്ത്തിയത്. ഇടതുകാൽമുട്ടിനു ശസ്ത്രക്രിയ നിർദേശിച്ചതോടെ ഈ സീസണിലെ പ്രധാന മത്സരങ്ങളെല്ലാം നഷ്ടമാകുമെന്നാണ് സൂചന. ചൈനയിലെ ഷാങ്‍ഹായിൽ 27നു നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിലൂടെ ഈ സീസണിലെ മത്സരങ്ങൾക്കു തുടക്കമിടാൻ ഒരുങ്ങുകയായിരുന്നു ശ്രീശങ്കർ. തുടർന്ന് ഒളിംപിക്സ് വരെ വിദേശത്ത് പരിശീലനം നടത്താനായിരുന്നു പദ്ധതി. 

∙നല്ല നേരത്ത് തിരിച്ചട‌ി

ശ്രീശങ്കറിനു പരുക്കേറ്റതോടെ രാജ്യത്തിനു നഷ്ടമാകുന്നത് ഒളിംപിക്സ് മെ‍ഡൽ പ്രതീക്ഷയാണ്. കഴിഞ്ഞവർഷം പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ പുരുഷ ലോങ്ജംപിൽ മൂന്നാം സ്ഥാനം കൈവരിച്ച ശ്രീശങ്കർ (8.09 മീറ്റർ), ഡയമണ്ട് ലീഗിൽ ആദ്യ 3 സ്ഥാനങ്ങളിലൊന്നു നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായിരുന്നു. ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ജംപിലെ മെ‍ഡലിനായുള്ള രാജ്യത്തിന്റെ 49 വർഷത്തെ കാത്തിരിപ്പും കഴിഞ്ഞവർഷം ശ്രീശങ്കർ അവസാനിപ്പിച്ചിരുന്നു. ജൂലൈയിൽ ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പി‍ൽ 8.37 മീറ്റർ ചാടിയ പ്രകടനമാണ് ശ്രീയെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ട‌്രാക്ക് ആൻഡ് ഫീൽഡ് അത്‍ലീറ്റാക്കി മാറ്റിയത്. കഴിഞ്ഞവർഷം ദേശീയ സീനിയർ അത്‍ലറ്റിക്സിനിട‌െ 8.41 മീറ്റർ പിന്നിട്ട ശ്രീശങ്കറിന്റെ പ്രകട‌നം 2023ലെ ലോകത്തെ മികച്ച നാലാമത്തെ ജംപായിരുന്നു.

പാരിസിലെ ‌പകരക്കാരൻ ?

എം.ശ്രീശങ്കറിന് പകരക്കാരനാകാൻ പുരുഷ ലോങ്ജംപിൽ ഇതുവരെ മറ്റൊരു ഇന്ത്യൻ അത്‌ലീറ്റ് പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയിട്ടില്ല. എന്നാൽ യോഗ്യത നേടാൻ ജൂൺ 30വരെ സമയ പരിധിയുണ്ട്. ഇതിനു പുറമേ ലോക റാങ്കിങ് അടിസ്ഥാനത്തിലും ഒളിംപിക്സ് യോഗ്യത നേടാം. നിലവിലെ ദേശീയ റെക്കോർഡ‍് ജേതാവായ ജെസ്വിൻ ആൽഡ്രിൻ, മലയാളി താരം വൈ.മുഹമ്മദ് അനീസ് എന്നിവരാണ് മുൻനിരയിലുള്ളത്.

അവൻ വേഗം ‌തിരിച്ചെത്തും: ശ്രീശങ്കറിന്റെ അമ്മ

പാലക്കാട്∙ കാലിലെ പരുക്കു ഭേദമായി ‘ശങ്കു’ വേഗം തിരിച്ചെത്തുമെന്നു ലോങ്ജംപ് താരം എം.ശ്രീശങ്കറിന്റെ അമ്മയും മുൻ ദേശീയ കായിക താരവുമായി കെ.എസ്.ബിജിമോൾ. ‘കാലിനു ശസ്ത്രക്രിയ ആവശ്യമുണ്ടോയെന്ന്, വിദഗ്ധ ഡോക്ടർമാരെ കാണിച്ച ശേഷമാകും തീരുമാനമെടുക്കുന്നത്. വേഗം പരുക്കു ഭേദമാകാൻ സാധ്യതയുണ്ടോയെന്നുള്ള പരിശോധനയിലാണ്. മികച്ച ഫോമിലായിരുന്നെങ്കിലും ദൗർഭാഗ്യം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതിന്റെ തെളിവാണ് ഈ പരുക്ക്. യാഥാർഥ്യം ഉൾക്കൊള്ളാൻ ശ്രീശങ്കർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്– കെ.എസ്.ബിജിമോൾ പറഞ്ഞു.

കഠിനാധ്വാനത്തിന്റെ‌ 3 വർഷങ്ങൾ

2021 ടോക്കിയോ ഒളിംപിക്സിൽ 7.69 മീറ്റർ മാത്രം പിന്നിടാൻ കഴിഞ്ഞ ശ്രീശങ്കറിന് നേടാനായത് 25–ാം സ്ഥാനം. കന്നി ഒളിംപിക്സിലെ നിരാശയ്ക്കു പാരിസിൽ പരിഹാരം കാണാൻ, പിതാവ് എം.മുരളിയ്ക്കൊപ്പം കഴിഞ്ഞ 3 വർഷമായി 
കഠിന പരിശ്രമത്തിലായിരുന്നു ശ്രീശങ്കർ. ശ്രദ്ധ പതറാതെയും ലക്ഷ്യം കൈവിട‌ാതെയുമുള്ള ആ മുന്നേറ്റത്തിനാണ് ഫിനിഷ് ലൈനിനെത്തും മുൻ‌പ് കാലിടറിയത്. 

English Summary:

Sreesankar's injury is a blow to India's Olympic medal dreams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com