ടേബിൾ ടെന്നിസിൽ സഹോദരയുദ്ധം
Mail This Article
അലക്സിസ് ലെബേൺ, 20 വയസ്സ്, പുരുഷ ടേബിൾ ടെന്നിസിൽ നിലവിലെ ഫ്രഞ്ച് ചാപ്യൻ. ഫെലിക്സ് ലെബേൺ, 17 വയസ്സ്, പുരുഷ ടേബിൾ ടെന്നിസിൽ ലോക 5–ാം നമ്പർ. പാരിസ് ഒളിംപിക്സിൽ ആതിഥേയർക്കായി ഈ സഹോദരങ്ങൾ സിംഗിൾസിലും ഡബിൾസിലും ടീമിനത്തിലും മത്സരിക്കും. സിംഗിൾസിൽ ഇരുവരും നേർക്കുനേർ വരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഡബിൾസിൽ ഇവർ ഒന്നിച്ചാണിറങ്ങുന്നത്.
ലോക ടേബിൾ ടെന്നിസ് വേദിയിലെ പുത്തൻ താരോദയങ്ങളായ ഇരുവരും ഒളിംപിക്സിൽ ഫ്രാൻസിൻ്റെ മെഡൽ പ്രതീക്ഷകളാണ്. ഇരുവരും ഇതുവരെ 7 തവണ നേർക്കുനേർ വന്നതിൽ, ഫ്രഞ്ച് ദേശീയ ചാംപ്യൻഷിപ് ഫൈനലിൽ ഉൾപ്പെടെ, എല്ലാത്തവണയും ജയിച്ചത് ചേട്ടൻ അലക്സിസ് ആണ്. എന്നാൽ, ഈ വർഷം യൂറോപ്യൻ ചാംപ്യൻഷിപ്പിൽ സിംഗിൾസ് സ്വർണംനേടി ഉജ്വല ഫോമിലാണ് അനിയൻ ഫെലിക്സ്. അതിലൂടെ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കു കുതിച്ചുകയറി. അലക്സിസ് ഇപ്പോൾ 22-ാ റാങ്കിലാണ്.
ടേബിൾ ടെന്നിസ് ഈ സഹോദരൻമാർക്കു കുടുംബകാര്യമാണ്. ഇവരുടെ പിതാവ് സ്റ്റെഫാൻ ഫ്രഞ്ച് ദേശീയതാരമായിരുന്നു. അമ്മാവൻ ക്രിസ്റ്റഫെ ലെഗൗ 3 ഒളിംപിക്സുകളിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ചു.ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയിട്ടുണ്ട്.