ADVERTISEMENT

ചെന്നൈ ∙ സമ്മർദ നിമിഷങ്ങളെ നേരിടാൻ താൻ പഠിച്ചത് ചെന്നൈ സൂപ്പർ കിങ്സ് താരമായ മുൻ ഇന്ത്യൻ ക്രിക്കറ്റർ എം.എസ്. ധോണിയെയും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെയും മാതൃകയാക്കിയാണെന്ന് ടീനേജ് ചെസ് താരം ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയുമായി ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു പതിനേഴുകാരൻ ഗുകേഷ്.

‘‘ധോണിയും ജോക്കോവിച്ചും കടുത്ത സമ്മർദത്തിലും കൂളായി കളിക്കുന്നവരാണ്. അതിന്റെ ഫലം മത്സരഫലത്തെയും സ്വാധീനിക്കാറുണ്ട്. ഏറ്റവും ആവശ്യമുള്ള നേരത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും സാധിക്കുന്നു. ’’. – ഗുകേഷ് പറഞ്ഞു.

വിശ്വനാഥൻ ആനന്ദിനു ശേഷം കാൻഡിഡേറ്റ്സ് ചെസ് ജേതാവാകുന്ന ഇന്ത്യക്കാരനാണു ഗുകേഷ്. ‘വിശ്വനാഥൻ ആനന്ദ് എല്ലാവർക്കും ഒരു പ്രചോദനമാണ്. എന്റെ കരിയറിൽ അദ്ദേഹം ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്’ – ഗുകേഷ് പറഞ്ഞു. 5 തവണ ലോകചാംപ്യനായിട്ടുള്ള നോർവേ താരം മാഗ്നസ് കാൾസനും തന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്നു ഗുകേഷ് പറഞ്ഞു. ‘ലോക കായികരംഗത്ത് ഏറ്റവും മികച്ച മനോഭാവം കൈമുതലായുള്ള വ്യക്തികളിൽ ഒരാളാണ് മാഗ്നസ് കാൾസൻ. റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് അഭിനന്ദിച്ചതിൽ വളരെയേറെ സന്തോഷമുണ്ട്’– ഗുകേഷ് പറഞ്ഞു.

ലോകചാംപ്യൻ ചൈനയുടെ ഡിങ് ലിറനെതിരായ മത്സരത്തിനുള്ള ഒരുക്കം ഉടൻ തുടങ്ങുമെന്നും ഗുകേഷ് പറഞ്ഞു.

ഗുകേഷിന് വൻ സ്വീകരണം 

ചെന്നൈ ∙ കാൻഡിഡേറ്റ്സ് ചെസ് ജേതാവായ ശേഷം കാന‍ഡയിൽനിന്നു മടങ്ങിയെത്തിയ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിനു സ്നേഹോഷ്മള വരവേൽപ്പൊരുക്കി ജൻമനാട്. ടൊറന്റോയിൽനിന്ന് പുലർച്ചെ 3 മണിയോടെയാണ് ഗുകേഷ് ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. ഗുകേഷിനെ വരവേൽക്കാൻ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു നഗരവും. ഗുകേഷിന്റെ സ്കൂളിലെ നൂറുകണക്കിനു വിദ്യാർഥികൾ പതിനേഴുകാരനായ ചെസ് പ്രതിഭയെ സ്വീകരിക്കാൻ വിമാനത്താളവളത്തിലെത്തിയിരുന്നു.

ആരവങ്ങൾക്കു നടുവിലേക്കെത്തിയ ഗുകേഷിനെ പൂമാലകളും കയ്യടികളും പൊതിഞ്ഞതോടെ മാതാവ് പത്മ അടക്കമുള്ളവരുടെ കണ്ണുകൾ നിറഞ്ഞു. ആൾക്കൂട്ടത്തിനിടയിലൂടെയെത്തി മകനെ ചേർത്തു പിടിച്ച് നെറുകിൽ ചുംബനം നൽകാനും പത്മ മറന്നില്ല. പിന്നാലെ, ചെന്നൈയുടെ വകയായി ഗുകേഷിനെ പുഷ്പകീരിടം ചൂടിച്ചു. 

English Summary:

Dhoni and Djokovic Influenced says Gukesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com