ട്രിപ്പിൾ ജംപിൽ ഡിആർഎസ്
Mail This Article
ദൂരം അളന്നതിലെ പിഴവ് ധീരതയോടെ ചോദ്യം ചെയ്തപ്പോൾ മല്ലാല അനുഷയുടെ വെള്ളി സ്വർണമായി. ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിന്റെ ഒന്നാംദിനത്തിൽ ട്രിപ്പിൾജംപ് പിറ്റിലായിരുന്നു ആന്ധ്ര താരത്തിന്റെ നാടകീയ വിജയം. ആവേശകരമായ മത്സരത്തിൽ അനുഷയുടെ അഞ്ചാം ജംപിൽ ഒഫീഷ്യലുകൾ ആദ്യം കണക്കാക്കിയ ദൂരം 13.11 മീറ്റർ. എന്നാൽ സ്വന്തം മനക്കണക്കിൽ വിജയദൂരം ഉറപ്പാക്കിയിരുന്ന അനുഷ ആ തീരുമാനം ചോദ്യം ചെയ്തു. ക്രിക്കറ്റ് ഫീൽഡിലെ ‘ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്)’ പോലെ ദൂരം വീണ്ടും അളന്നപ്പോൾ പ്രകടനം 13.35 മീറ്ററായി ഉയർന്നു. ഈ പ്രകടനത്തിന്റെ കരുത്തിൽ മലയാളി താരം എൻ.വി.ഷീനയെ മറികടന്നാണ് മല്ലാല അനുഷ സ്വർണം ഉറപ്പിച്ചത്. തൃശൂർ ചേലക്കര സ്വദേശിനിയായ ഷീന വെള്ളി നേടിയപ്പോൾ (13.32 മീറ്റർ) എറണാകുളം രവിപുരം സ്വദേശിനി ഗായത്രി ശിവകുമാറിലൂടെ (13.08) വെങ്കലവും കേരളത്തിന് കിട്ടി.
6 ഇനങ്ങളിൽ ഫൈനൽ നടന്ന ഒന്നാംദിനത്തിൽ ആർക്കും പാരിസ് ഒളിംപിക്സ് യോഗ്യതയുടെ അടുത്തെങ്ങുമെത്താനായില്ല. 400 മീറ്റർ ഹർഡിൽസിൽ കഴിഞ്ഞവർഷം പി.ടി.ഉഷയുടെ ദേശീയ റെക്കോർഡിനൊപ്പമെത്തിയ തമിഴ്നാട്ടുകാരി വിദ്യ രാംരാജിന്റെ മത്സരത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്നാൽ പുറംവേദനയെത്തുടർന്ന് വിദ്യയ്ക്ക് ഇന്നലെ മത്സരം പൂർത്തിയാക്കാനായില്ല. വനിതാ 400 മീറ്റർ ഹർഡിൽസിൽ പഞ്ചാബിന്റെ വീർപാൽ കൗർ സ്വർണവും പാലക്കാട്ടുകാരി വി.കെ.ശാലിനി വെള്ളിയും നേടി. പുരുഷ പോൾവോൾട്ടിൽ മധ്യപ്രദേശിന്റെ കൗമാര താരം ദേവ്‌കുമാർ മീണ (5.10 മീറ്റർ) സ്വർണം നിലനിർത്തി. രണ്ടാംദിനമായ ഇന്ന് 11 ഇനങ്ങളിൽ ഫൈനൽ നടക്കും. പുരുഷ ഷോട്പുട്ടിൽ ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട് ഏഷ്യൻ ഗെയിംസ് ചാംപ്യൻ തേജീന്ദർ സിങ് ടൂർ കളത്തിലിറങ്ങും. 200, 800 മീറ്റർ ഫൈനലുകളും പുരുഷ ഹൈജംപ്, വനിതാ ലോങ്ജംപ് മത്സരങ്ങളും ഇന്നാണ്.