ADVERTISEMENT

ആദ്യ 2 ചാട്ടങ്ങൾ ഫൗൾ. മൂന്നാം ശ്രമത്തിലും മങ്ങിയ പ്രകടനം. മെഡൽ കൈവിട്ടെന്നു കരുതിയവരെ വിസ്മയിപ്പിച്ച് വനിതാ ലോങ്ജംപിലെ അഞ്ചാം ഊഴത്തിൽ നയന ജയിംസ് സ്വർണദൂരം കുറിച്ചു. ആ നയന മനോഹര പ്രകടനം (6.53 മീറ്റർ) മീറ്റിലെ സ്വർണ വരൾച്ചയിൽ നിന്ന് കേരളത്തെ ഉണർത്തി. ഇത്തവണത്തെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിൽ ഒരു മലയാളി താരത്തിന്റെ ആദ്യ സ്വർണമാണ് കോഴിക്കോട് ചക്കിട്ടപാറ സ്വദേശിനിയായ നയന ഇന്നലെ നേടിയത്. പിന്നാലെ പുരുഷ ഡെക്കാത്‌ലണിൽ കണ്ണൂർ ഇരിട്ടി സ്വദേശി കെ.ആർ.ഗോകുലും ഒന്നാമതെത്തിയതോടെ കേരളത്തിന്റെ സ്വർണ നേട്ടം രണ്ടായി. പുരുഷ 800 മീറ്ററിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അഫ്സലും 110 മീറ്റർ ഹർഡിൽസിൽ കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി സച്ചിൻ ബിനുവും വെങ്കലം നേടി.

.ഗോകുൽ
.ഗോകുൽ

 ഗോകുലിന് കന്നി സ്വർണം

മെഡൽ നഷ്ടങ്ങളിൽ പതറാതെ കഠിനാധ്വാനം ചെയ്യുന്നത് പൊന്നിന്റെ ഫലം ചെയ്യുമെന്ന് കെ.ആർ.ഗോകുൽ ഇന്നലെ തെളിയിച്ചു. 8 വർഷമായി ഡെക്കാത്‌ലണിൽ മത്സരിക്കുന്ന ഗോകുലിന്റെ സീനിയർ വിഭാഗത്തിലെ ദേശീയ സ്വർണത്തിനായുള്ള കാത്തിരിപ്പാണ് ഇന്നലെ സഫലമായത്. 2021ൽ ദേശീയ ഓപ്പൺ ചാംപ്യൻഷിപ്പിലെ വെങ്കലമായിരുന്നു നേവിയിൽ ഉദ്യോഗസ്ഥനായ ഗോകുലിന്റെ ഇതിനു മുൻപുള്ള വലിയ നേട്ടം.

അഭ ഖത്വ
അഭ ഖത്വ

ഖത്വയുടെ സ്വന്തം റെക്കോർഡ്

ദേശീയ റെക്കോർഡ് പ്രകടനത്തിലൂടെ ഫെഡറേഷൻ കപ്പിൽ ഇന്നലെ താരമായത് മഹാരാഷ്ട്രക്കാരി അഭ ഖത്വ. വനിതാ ഷോട്പുട്ടിലെ നിലവിലെ ദേശീയ റെക്കോർഡ് (18.06 മീറ്റർ) ഹരിയാനയുടെ മൻപ്രീത് കൗറിനൊപ്പം പങ്കിട്ടിരുന്ന ഇരുപത്തെട്ടുകാരി ഇന്നലെ അത് ഒറ്റയ്ക്കു സ്വന്തമാക്കി. 18.41 മീറ്ററാണ് ഖത്വ ഇന്നലെ കുറിച്ച പുതിയ റെക്കോർഡ് ദൂരം. പാരിസ് ഒളിംപിക്സ് യോഗ്യത 39 സെന്റിമീറ്റർ വ്യത്യാസത്തിലാണ് ഖത്വയ്ക്ക് നഷ്ടമായത്.

സച്ചിൻ ബിനു
സച്ചിൻ ബിനു

വിദ്യയ്ക്കു പകരം നിത്യ

400 മീറ്റർ വനിതാ ഹർഡിൽസിലെ ദേശീയ റെക്കോർഡ് ജേതാവ് ത‍മിഴ്നാടിന്റെ വിദ്യ രാംരാജിന് മീറ്റിന്റെ ആദ്യദിനത്തിൽ മത്സരം പൂർത്തിയാക്കാനായിരുന്നില്ല. അതിന്റെ നിരാശ ഇന്നലെ വിദ്യയുടെ ഇരട്ട സഹോദരി നിത്യ പരിഹരിച്ചു. വനിതകളുടെ 100 മീറ്റർ ഹർഡിൽസിലെ സ്വർണത്തോടെ. 13.14 സെക്കൻഡിൽ ഫിനിഷ് ചെയ്ത നിത്യ കരിയറിലെ മികച്ച സമയവും ഇന്നലെ കുറിച്ചു. ചെന്നൈയിൽ വിദ്യയ്ക്കൊപ്പം പരിശീലിക്കുന്ന നിത്യയുടെ മൂന്നാം ദേശീയ സ്വർണമാണിത്.

മുഹമ്മദ് അഫ്സൽ
മുഹമ്മദ് അഫ്സൽ

നീരജ് നേരിട്ട് ഫൈനലിൽ

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിലെ പുരുഷ ജാവലിൻത്രോയിലെ യോഗ്യതാ മത്സരങ്ങൾ ഇന്നു നടക്കുമ്പോൾ ഒളിംപിക്സ് ചാംപ്യൻ നീരജ് ചോപ്ര മത്സരിക്കില്ല. നീരജ്, ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് കിഷോർകുമാർ ജന, ഏഷ്യൻ ചാംപ്യൻഷിപ് വെള്ളി മെഡൽ ജേതാവ് ഡി.പി.മനു എന്നിവർ അടക്കം 9 പേർക്ക് ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു. നാളെയാണ് പുരുഷ ജാവലിൻത്രോ ഫൈനൽ മത്സരം.

നീരജ്
നീരജ്

പുരുഷ ജാവലിൻത്രോ മത്സരത്തിന് എൻട്രി നൽകിയവരിൽ മുൻപ് 75 മീറ്റർ പിന്നിട്ടവർക്ക് നേരിട്ട് ഫൈനലിലേക്കു യോഗ്യത നൽകാനാണ് തീരുമാനമെന്ന് ഇന്ത്യൻ ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർ പറഞ്ഞു. എൻട്രി സമർപ്പിച്ച 24 പേരിൽ 9 പേർ ഇങ്ങനെ ഫൈനലിലെത്തി. അവശേഷിക്കുന്ന 15 പേരാണ് ഇന്ന് യോഗ്യതാ മത്സരത്തിന് ഇറങ്ങുക. ഇവരിൽ മികച്ച 3 പേർക്ക് മാത്രമാകും ഫൈനലിലേക്കു യോഗ്യത.

English Summary:

Federationcup updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com