ADVERTISEMENT

ഭുവനേശ്വർ ∙ വയസ്സ് 38, ദേശീയ മത്സരങ്ങൾ 50, ഒരേയൊരു ദേശീയ സ്വർണം നേടിയത് 12 വർഷങ്ങൾക്കു മുൻപ്. എന്നിട്ടും ബിനീഷ് ജേക്കബിന്റെ മനസ്സിലെ ഉത്സാഹത്തിളക്കം മങ്ങുന്നില്ല. കായികാധ്വാനവും ശരീരക്ഷമതയും നിർണായകമായ പോൾവോൾട്ടിൽ, കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ ബിനീഷിന്റെ അൻപതാം ദേശീയ ചാംപ്യൻഷിപ്പായിരുന്നു ഭുവനേശ്വറിൽ നടന്ന ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സ്. സ്ഥിരോത്സാഹത്തിന്റെ ആൾരൂപമായി കളത്തിലിറങ്ങുന്ന ‘വെറ്ററൻ താരത്തെ’ തളർത്താൻ ഇത്തവണയും മെഡൽ നഷ്ടത്തിന്റെ നിരാശയ്ക്കായില്ല. നേരിയ വ്യത്യാസത്തിൽ വഴുതിപ്പോയ മെഡൽ അടുത്ത മീറ്റിൽ തിരിച്ചുപിടിക്കുമെന്ന വാശിയോടെ, സഹതാരങ്ങൾക്കു കൈകൊടുത്ത് ബിനീഷ് മടങ്ങി.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പോൾവോൾട്ടിൽ മത്സരിച്ചു തുടങ്ങിയശേഷം ഇതുവരെ ബിനീഷ് പോൾ താഴെവച്ചിട്ടില്ല.‌‌ ഒരു ഇനത്തിൽ തുടർച്ചയായി 25 വർഷം മത്സരിക്കുന്നുവെന്ന അത്യപൂർവ റെക്കോർഡിനുടമ. 2003ലെ നാഷനൽ സ്കൂൾ അത്‌ലറ്റിക്സിൽ വെങ്കലം നേടി ദേശീയതലത്തിൽ അരങ്ങേറിയ താരം കഴിഞ്ഞ 2 പതിറ്റാണ്ടിലേറെയായി പോൾവോൾട്ടിൽ ദേശീയ മത്സരവേദികളിലെ പതിവ് മുഖമാണ്. 2 തവണ അഖിലേന്ത്യാ അന്തർ സർവകലാശാലാ ചാംപ്യനായ ബിനീഷിന്റെ അക്കൗണ്ടിലേക്ക് ഇതുവരെയെത്തിയത് 15 ദേശീയ മെഡലുകൾ. 2012ലെ ഫെഡറേഷൻ കപ്പിലാണ് അവസാനമായി ദേശീയ ചാംപ്യനായത്. അതേവർഷം ഏഷ്യൻ ഇൻഡോർ‌ ചാംപ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.

ബിനീഷ് ജേക്കബ്, ചിത്രം∙ വിഷ്ണു വി. നായർ/മനോരമ
ബിനീഷ് ജേക്കബ്, ചിത്രം∙ വിഷ്ണു വി. നായർ/മനോരമ

പ്രായം കൂടുതോറും മെഡലുകളുമായുള്ള അകലം കൂടിയെങ്കിലും ഉയരങ്ങൾ കീഴടക്കാനുള്ള അടങ്ങാത്ത ആവേശമാണ് ബിനീഷിനെ ഇപ്പോളും മത്സരക്കളത്തിൽ പിടിച്ചുനിർത്തുന്നത്. പരുക്കും പരിശീലകന്റെ അഭാവവും പോൾവോൾട്ടിന്റെ സാമ്പത്തിക ബാധ്യതകളും ഇടയ്ക്കു വില്ലനായെങ്കിലും പിൻമാറാൻ ഒരുക്കമല്ലായിരുന്നു ബിനീഷ്. സംസ്ഥാന തലത്തിലെ കടുത്തപോരാട്ടങ്ങളിൽ വിജയിച്ചാണ് ഓരോ തവണയും ദേശീയ മത്സരങ്ങൾക്കുള്ള യോഗ്യതയുറപ്പാക്കുന്നത്. അത്‌ലറ്റിക്സ് ഫെഡറേഷൻ നിശ്ചയിക്കുന്ന യോഗ്യതാ മാർക്ക് പിന്നിടുന്നവർക്കു മാത്രമേ ദേശീയ ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാനാകൂ.

ബെംഗളൂരുവിൽ റെയിൽവേ ജീവനക്കാരനായ ബിനീഷിന്റെ പരിശീലനം നേരത്തേ സായ് കേന്ദ്രത്തിലായിരുന്നു. പ്രായ നിബന്ധനമൂലം സായിലെ പരിശീലനം മുടങ്ങിയപ്പോൾ ഒറ്റയ്ക്കു പരിശീലനം ആരംഭിച്ചു. പോൾവോൾട്ടിലെ പരിചയ സമ്പന്നനായ താരത്തിന്റെ സഹായം തേടി വൈകാതെ പുതുതലമുറയിലെ അത്‌ലീറ്റുകളുമെത്തി. അതോടെ ബിനീഷ് പരിശീലകനുമായി. 2020ൽ നടന്ന കാറപകടത്തിൽ കാലിനു സാരമായി പരുക്കേറ്റ താരം ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. എന്നാൽ പരുക്കിനെ തോൽപിച്ച പോരാട്ടവീര്യത്തോടെ ഒരുവർഷത്തിനകം പോൾവോൾട്ട് പിറ്റിലേക്ക് തിരിച്ചെത്തി ബിനീഷ് കായികലോകത്തെ വിസ്മയിപ്പിച്ചു.

English Summary:

Binish Jacob shine in 50th national meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com