ADVERTISEMENT

തണുപ്പു പുതച്ച പുലർകാലം. വെടിയുണ്ടകളുടെ പശ്ചാത്തല സംഗീതം. പതിനഞ്ചുകാരി ദോർസ യുവ്‌റിവഫയെ സ്വപ്നക്കിടക്കയിൽനിന്നു വിളിച്ചുണർത്തി അമ്മ പറഞ്ഞു: ‘എഴുന്നേൽക്ക്. നമ്മൾ നാടുവിടുകയാണ്...’ കണ്ണുതിരുമ്മിയെഴുന്നേറ്റ ദോർസ ആദ്യം തപ്പിയതു തന്റെ ബാഡ്മിന്റൻ ബാഗാണ്. വ്യാജ പാസ്പോർട്ടിൽ ഇരുവരും ഇറാനിൽനിന്നു തുർക്കിയിലെത്തി. അവിടെനിന്നു ജർമനി വഴി ബൽജിയം, ഫ്രാൻസ്. ഒടുവിൽ ബ്രിട്ടനിൽ. പാരിസ് ഒളിംപിക്സിൽ ബാഡ്മിന്റനിൽ മത്സരിക്കാൻ പ്രതിസന്ധികളെ പൊരുതിത്തോൽപിച്ച റാക്കറ്റുമായി ദോർസയും ഉണ്ടാവും. ഒളിംപിക്സിൽ ഇത്തവണ മത്സരിക്കുന്ന അഭയാർഥി ടീമിലെ 36 പേരിലൊരാളാണ് ഇരുപതുകാരിയായ ദോർസ.

ദേശീയ ചാംപ്യൻഷിപ്പുകളിൽ വരെ ദോ‍ർസ ജേതാവായിട്ടും ഒരിക്കൽപ്പോലും രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇറാൻ ടീമിൽ ഇടംപിടിക്കാനായില്ല. മുൻ കായികതാരം കൂടിയായ പിതാവിന്റെ നിർദേശപ്രകാരം അതോടെ നാടുവിട്ടു. അദ്ദേഹം ഇറാനിൽത്തന്നെ തുടരുകയാണ്; എന്നെങ്കിലും ഭാര്യയും മകളും ജന്മനാട്ടിലേക്കു തിരിച്ചെത്താൻ സാഹചര്യമുണ്ടാകുമെന്ന പ്രതീക്ഷയിൽ .

എളുപ്പമായിരുന്നില്ല അഭയാർഥി ജീവിതം. വിവിധ രാജ്യങ്ങളിലായി 3 തവണയാണു ദോർസയും അമ്മയും ജയിലിലടയ്ക്കപ്പെട്ടത്. വീസയോ പാസ്പോർട്ടോ ഇല്ലാത്തതായിരുന്നു പ്രശ്നം. 2019ൽ ബ്രിട്ടനിലെത്തിയതോടെ ജീവിതം നേർരേഖയിലായി. ബർമിങ്ങാമിൽ അവൾ പുതിയ ജീവിതത്തിലേക്ക് ആദ്യ സെർവ് തൊടുത്തു. ഇപ്പോൾ മിഡിൽസക്സ് യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് സയൻസിൽ ഡിഗ്രി ചെയ്യുന്നു. ഒപ്പം പരിശീലനവും. 

വിവിധ കാരണങ്ങളാ‍ൽ ജന്മനാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന അത്‍ലീറ്റുകളാണു രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ അഭയാർഥി (റെഫ്യൂജി) ടീമിലുള്ളത്.

English Summary:

A girl who left Iran is in the refugee team for the Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com