പാരിസ് എന്റെ ഭാഗ്യനഗരം
Mail This Article
ചോക്ലേറ്റ് പോലെ മധുരമുള്ള ഓർമയാണ് ഒളിംപ്യൻ അഞ്ജു ബോബി ജോർജിനു പാരിസ്. പാരിസിൽ ഒളിംപിക്സിനു കൊടിയേറാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ബെംഗളൂരുവിലെ വീട്ടിലിരുന്ന് ആ മധുരസ്മരണകളിലൂടെ ഒരുവട്ടം കൂടി സഞ്ചരിക്കുകയാണ് ഇന്ത്യയുടെ മുൻ ചാംപ്യൻ അത്‌ലീറ്റ്. 2003ൽ ലോക ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ അഞ്ജു വെങ്കലം നേടിയതു പാരിസിലാണ്. ലോക അത്‌ലറ്റിക് മീറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ വ്യക്തിഗത മെഡലായി ആ നേട്ടം റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, അഞ്ജു ബോബി ജോർജ് സ്പോർട്സ് ഫൗണ്ടേഷൻ അധ്യക്ഷ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കിടയിൽ അഞ്ജു പാരിസ് വിശേഷങ്ങൾ പങ്കുവച്ചപ്പോൾ.
ഞെട്ടിപ്പോയ നിമിഷം
2002ൽ കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും കഴിഞ്ഞതോടെ ഗോൾഡൻ ലീഗിൽ (ഇപ്പോഴത്തെ ഡയമണ്ട് ലീഗ്) മത്സരിക്കാനായി ഞാൻ യൂറോപ്പിലെത്തി. ലോക ചാംപ്യൻഷിപ്പിലേക്ക് ഏതാനും ആഴ്ചകൾ മാത്രം. ജർമനിയിലെ മത്സരം കഴിഞ്ഞപ്പോൾ എനിക്കാകെ ക്ഷീണം. ഛർദിയും മറ്റു ബുദ്ധിമുട്ടുകളും. അവിടെയുള്ള ഒരാശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണു ഞെട്ടിക്കുന്ന ആ വിവരം ഡോക്ടർ പറഞ്ഞത്: നിങ്ങൾക്ക് ഒരു വൃക്ക മാത്രമേയുള്ളൂ. ഒരൊറ്റ വൃക്കയും വച്ച് നിങ്ങൾക്കെങ്ങനെ ഇത്ര വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു... ഞാനാകെ തകർന്നുപോയി. ഭർത്താവും പരിശീലകനുമായ ബോബി (റോബർട്ട് ബോബി ജോർജ്) ഒപ്പമുണ്ടായിരുന്നതായിരുന്നു കരുത്ത്.
തിരിച്ചുവരവ്
എനിക്കിനി ഒന്നും ചെയ്യാനാകില്ല എന്നു കരുതി എന്റെ പരിശീലകൻ മൈക്ക് പവൽ നിരാശനായി മടങ്ങി. ജർമനിയിൽ നിൽക്കേണ്ട, നമുക്കു പാരിസിലേക്കു പോകാം എന്നു ബോബി പറഞ്ഞതിനാൽ ഞങ്ങൾ അവിടേക്കു പോയി. ഹോട്ടൽ മുറിയിലിരുന്നു മടുത്തപ്പോൾ പാർക്കിലേക്കിറങ്ങി. അതിനടുത്തുള്ള ഗ്രൗണ്ടിൽ അത്‌ലീറ്റുകളുടെ പരിശീലനം കണ്ടതോടെ വീണ്ടും ഉത്സാഹമായി. ബോബിയുടെ സ്നേഹനിർബന്ധം കൂടിയായപ്പോൾ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു.
പാരിസ് ഡേയ്സ്
ഒടുവിൽ ചാംപ്യൻഷിപ് വന്നെത്തി. ഫൈനലിൽ ആദ്യ റൗണ്ടിൽ 6.61 മീറ്റർ ചാടി. ആ റൗണ്ടിൽ ഒന്നാമതു ഞാനായിരുന്നു. എന്നാൽ, അടുത്ത രണ്ടു ചാട്ടവും ഫൗളായി. നാലാമത്തെ ചാട്ടം മോശമായിപ്പോയി (6.56 മീറ്റർ മാത്രം). പക്ഷേ, അഞ്ചാമത്തെ ചാട്ടം ചരിത്രത്തിലേക്കായിരുന്നു: 6.70 മീറ്റർ. 5–ാം ചാട്ടത്തിന്റെ മികവിൽ വെങ്കല മെഡൽ. പാരിസ് അങ്ങനെ എന്റെ ഭാഗ്യനഗരമായി. പാരിസായിരുന്നു പിന്നീടു നാലുവർഷത്തോളം എന്റെ പരിശീലന കേന്ദ്രം.