പാരിസ് ഒളിംപിക്സ്: ഇന്ത്യൻ താരങ്ങളുടെ ഔദ്യോഗിക വസ്ത്രം പുറത്തിറക്കി
Mail This Article
ന്യൂഡൽഹി ∙ മെഡൽ നേട്ടത്തിൽ ഇന്ത്യൻ താരങ്ങൾ പാരിസ് ഒളിംപിക്സിൽ പുതിയ റെക്കോർഡ് തീർക്കുമെന്നു കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ(ഐഒഎ) നേതൃത്വത്തിൽ നടന്ന ഔദ്യോഗിക യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒളിംപിക്സിൽ പങ്കെടുക്കുന്ന താരങ്ങളുടെ ഔദ്യോഗിക വസ്ത്രം, ജഴ്സി തുടങ്ങിയവ ചടങ്ങിൽ അവതരിപ്പിച്ചു. ‘2016ൽ നടന്ന റിയോ ഒളിംപിക്സിൽ 2 മെഡലാണു നമ്മൾ നേടിയത്. ടോക്കിയോയിൽ ഇത് 7 ആയി വർധിച്ചു. രാജ്യത്തിന്റെ സ്ഥാനം 67ൽ നിന്നു 48 ആയി. ഇക്കുറി നമ്മുടെ താരങ്ങൾ കൂടുതൽ മെഡലുകൾ സ്വന്തമാക്കുമെന്നാണു പ്രതീക്ഷ’– മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ ടാർഗറ്റ് ഒളിംപിക് പോഡിയം സ്കീം ഒട്ടേറെ താരങ്ങളെ പിന്തുണച്ചെന്നും ഇതു പ്രകടനം മെച്ചപ്പെടാൻ കാരണമായിട്ടുണ്ടെന്നും പി.ടി. ഉഷ പറഞ്ഞു. 21 അംഗ ഷൂട്ടിങ് ടീമും 16 അംഗ ഇന്ത്യൻ ഹോക്കി ടീമും ഉൾപ്പെടെ ഏകദേശം 120 താരങ്ങൾ ഉൾപ്പെടുന്ന സംഘമാണ് ഇക്കുറി ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.