പാരിസ് ടിക്കറ്റ് ഉറപ്പിച്ച് അബ്ദുല്ല
Mail This Article
ന്യൂഡൽഹി ∙ ട്രിപ്പിൾ ജംപിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കർ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി. ട്രിപ്പിളിൽ നേരിട്ടുള്ള യോഗ്യതാ മാർക്ക് (17.22 മീറ്റർ) മറികടക്കാനായില്ലെങ്കിലും ‘റോഡ് ടു പാരിസ്’ റാങ്കിങ്ങിൽ 21–ാം സ്ഥാനത്തെത്തിയാണ് അബ്ദുല്ല യോഗ്യതാ മാർക്ക് ഉറപ്പിച്ചത്. തമിഴ്നാട്ടുകാരൻ പ്രവീൺ ചിത്രവേലും (23–ാം റാങ്ക്) പാരിസ് യോഗ്യത ഉറപ്പിച്ചു. ആദ്യ 32 റാങ്കുകാർക്കാണ് അവസരം.
വനിതാ ജാവലിൻ ത്രോയിൽ അന്നു റാണി (ലോക റാങ്കിങ് 21), പുരുഷ ഷോട്പുട്ടിൽ തേജീന്ദർപാൽ സിങ് ടൂർ (23), വനിതകളിൽ ആഭ ഖാത്തുവ (23), പുരുഷ ഹൈജംപിൽ സർവേഷ് കുഷാരെ (23) എന്നിവരും യോഗ്യത നേടി. റാങ്കിങ്ങിൽ ആദ്യ 32ൽ വരുന്നവർക്കാണ് ഈയിനങ്ങളിൽ അവസരം കിട്ടുന്നത്.
ഉത്തർപ്രദേശുകാരി പാരുൽ ചൗധരി 5000 മീറ്ററിൽ റാങ്കിങ്ങിലൂടെ യോഗ്യത നേടി. 3000 മീറ്റർ സ്റ്റീപ്പിൾചെയ്സിൽ യോഗ്യതാ മാർക്ക് മറികടന്ന താരം ഇതോടെ രണ്ടിനങ്ങളിൽ മത്സരിക്കും.
പുരുഷ ലോങ്ജംപിൽ തമിഴ്നാട്ടുകാരൻ ജസ്വിൻ ആൽഡ്രിൻ 33–ാം റാങ്കിലായിപ്പോയെങ്കിലും 7–ാം റാങ്കിലുള്ള മലയാളിതാരം എം.ശ്രീശങ്കർ പരുക്കേറ്റു പിൻമാറിയതിനാൽ സാധ്യത നിലനിൽക്കുന്നുണ്ട്. റാങ്കിങ് പ്രകാരം ഈ താരങ്ങൾക്കെല്ലാം യോഗ്യത ഉറപ്പാണെങ്കിലും ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ സിലക്‌ഷൻ കമ്മിറ്റിയാകും ഇവരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. റിലേ ടീമിനെ ഉൾപ്പെടെ ഫെഡറേഷൻ ഉടൻ പ്രഖ്യാപിക്കും.
പിൻമാറിയതല്ല: നീരജ്
വിശദീകരണവുമായി നീരജ് ചോപ്രയുടെ പോസ്റ്റ്
ന്യൂഡൽഹി ∙ പാരിസ് ഡയമണ്ട് ലീഗിൽനിന്നു താൻ പിൻമാറിയതല്ലെന്ന വിശദീകരണവുമായി ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര. ‘ഇത്തവണ പാരിസ് ഡയമണ്ട് ലീഗിൽ മത്സരിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഒളിംപിക്സ് ഒരുക്കത്തിന്റെ ഭാഗമായുള്ള എന്റെ മത്സര കലണ്ടറിൽ പാരിസ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ പിൻമാറി എന്ന പ്രചാരണം ശരിയല്ല’ – നീരജ് പരുക്കിന്റെ പിടിയിലാണെന്നും അതിനാൽ ഒളിംപിക്സ് മുൻനിർത്തി ഡയമണ്ട് ലീഗ് ഒഴിവാക്കിയതാണെന്നുമുള്ള രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.നീരജ് ഇല്ലെങ്കിലും മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജന പാരിസ് ഡയമണ്ട് ലീഗിൽ മത്സരിക്കാനിറങ്ങും. ഞായറാഴ്ചയാണു മത്സരം.