ADVERTISEMENT

പൊന്നാനി (മലപ്പുറം) ∙ ഷഹീൻ യാസിർ - കബഡിയെന്തെന്നറിയാതെ നോക്കി നിന്നവൻ. ‘നിനക്ക് പറ്റും’ എന്ന അധ്യാപകന്റെ ഒറ്റവാക്കിൽ കളി പഠിക്കാൻ തുടങ്ങിയവൻ പഠിച്ചു തുടങ്ങിയപ്പോൾ കബഡിയെ രക്‌തത്തിലേക്കു ചേർത്തു വച്ചവൻ - ഓഗസ്റ്റ് 20ന് ലോകത്തിന്റെ നെറുകയിലേക്കു കയറുകയാണവൻ. ലോകകപ്പ് കബഡി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിനു വേണ്ടി ഷഹീൻ മത്സരിക്കും.. പൊന്നനാനി സ്വദേശി മഷൂദിനൊപ്പം ഷഹീൻ യാസിറും കളത്തിലിറങ്ങും. ഇത്തവണത്തെ ലോകകപ്പ് കബഡി മത്സരം പൊന്നാനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. ഇംഗ്ലണ്ട് ടീമിനു വേണ്ടി രണ്ടു പൊന്നാനിക്കാരാണ് കളത്തിലിറങ്ങുന്നത്.

∙ ‘നിനക്ക് പറ്റും’

പൊന്നാനി വെള്ളീരി സ്കൂളിന് സമീപം കരുമത്തിപ്പറമ്പിൽ പരേതനായ ഹംസയുടെ മകൻ ഷഹീൻ യാസിറിന്റെ ജീവിതം മാറ്റി മറിച്ചത് ഈ ഒരൊറ്റ വാക്കിലായിരുന്നു. എംഐ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കായികാധ്യാപകരായ വി.കെ.ഷബീറും ഹസ്സൻ കോയയുമാണ് ഷഹീനെ കളത്തിലിറക്കുന്നത്. അതുവരെ അത്‌ലറ്റിക്സിൽ മാത്രം പങ്കെടുത്തിരുന്ന ഷഹീൻ അന്നാണ് ആദ്യമായി കബഡി മത്സരം തന്നെ നേരിട്ട് കാണുന്നത്. അധ്യാപകർ പകർന്ന ആത്മവിശ്വാസത്തിൽ പിന്നെ കളത്തിലിറങ്ങി. ആദ്യ വർഷത്തിൽ ഒരു നേട്ടവുമുണ്ടാക്കാനായില്ല.. പത്താം ക്ലാസിലേക്കെത്തിയപ്പോൾ.. മറ്റൊരു പ്രതിസന്ധി കൂടി മുന്നിലേക്കു വന്നു. ശരീരഭാരം കുറയ്ക്കണം.. എങ്കിലേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ. അങ്ങനെ 3 മാസം കൊണ്ട് 10 കിലോഗ്രാം ഭാരം കുറച്ചു. പരിശീലനം ജീവിതത്തിന്റെ ഭാഗമാക്കി. ഒടുവിൽ കബഡി ഷഹിന് വഴങ്ങിത്തുടങ്ങി. പിന്നെ കളിക്കളത്തിലെ ഓരോ നീക്കത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. ഷഹീൻ താരമായി ഉയർന്നു.

∙ പൊന്നാനിയിലെ വളക്കൂറ്

കബഡിക്ക് പൊന്നാനിയിലൊരു വളക്കൂറുണ്ട്. മികച്ച പരിശീലകരുടെയും താരങ്ങളുടെയും നാടാണിത്. വി.കെ ഷബീറിനും ഹസ്സൻ കോയയ്ക്കുമൊപ്പം പി.വിലത്തീഫും കാദർ കൂട്ടിയും സീനിയർ താരങ്ങളായ ലൂബൈബ് ഹുസൈൻ, ഫഹീം ഹുസൈൻ, അബദുറഹ്‌മാൻ തുടങ്ങി പലരുടെയും പരിശീലനം ഷഹീന് ലഭിച്ചു. പൊന്നാനി എംഇഎസ് കോളജിൽ പഠിക്കുന്ന കാലത്ത് തുടർച്ചയായി 4 വർഷം യൂണിവേഴ്‌സിറ്റി ടീമിൽ കളിച്ചു. അവസാന വർഷം ക്യാപ്റ്റനായി മുൻനിരയിൽനിന്നു ജില്ലാ, സംസ്‌ഥാന മത്സരങ്ങളിൽ പങ്കെടുത്തു. പിന്നെ ഉപരി പഠനത്തിനായി ഇംഗ്ലണ്ടിലെത്തിയപ്പോഴും കബഡിയെന്ന ആവേശം അതേപടി തുടർന്നു. അവിടെ നിന്നാണ് ലോകകപ്പ് ടീമിലേക്ക് ഇടം ലഭിച്ചിരിക്കുന്നത്.

English Summary:

Ponnani Native Shaheen Yazir in England World Cup Team for Kabaddi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com