ADVERTISEMENT

പാരിസ് ∙ പാരിസ് മേയർ പറഞ്ഞ വാക്കു പാലിച്ചു! നഗരമധ്യത്തിലൂടെ ഒഴുകുന്ന സെൻ നദി ക്ലീനാക്കുമെന്നു പറഞ്ഞ മേയർ ആനി ഡാൽഗോ അതു യാഥാർഥ്യമാക്കിയിരിക്കുന്നു! നദീജല പരിശോധനാഫലത്തിൽ മാത്രം വിശ്വാസമർപ്പിക്കാത്തവർക്കായി അവർ മറ്റൊന്നു കൂടി ചെയ്തു; ആ നദിയിലിറങ്ങി നീന്തി. ഒപ്പം നീന്താൻ പാരിസ് ഒളിംപിക്സ് സംഘാടക സമിതി അധ്യക്ഷൻ ടോണി എസ്താൻഗേയും മറ്റും കൂടി ചേർന്നതോടെ അതു വലിയ സംഭവമായി. അറുപത്തിയഞ്ചുകാരി ആനി ഡാൽഗോയും സംഘവും നീന്തിക്കയറിയതിനു പിന്നാലെ പരിസരവാസികളിൽ കുറെപ്പേരും വെള്ളത്തിലിറങ്ങി.

‘സെൻ നദിയിലെ വെള്ളം നല്ലതാണ്. അതിലിപ്പോൾ മാലിന്യമില്ല. അൽപം തണുപ്പുണ്ടായിരുന്നു. ഒളിംപിക്സാകുന്നതോടെ അതിനും മാറ്റം വരും. മത്സരങ്ങൾ നടത്താൻ കഴിയും’ – നീന്തൽ കഴിഞ്ഞു തിരികെക്കയറിയപ്പോൾ മേയർ പറഞ്ഞു.

പാരിസ് ഒളിംപിക്സുമായി ബന്ധപ്പെട്ട് സംഘാടകർ നേരിട്ട ഏറ്റവും വലിയ തലവേദനയായിരുന്നു സെൻ നദിയിലെ മാലിന്യപ്രശ്നം. ഇതു പരിഹരിക്കാനായത് ഒളിംപിക്സിനു ദിവസങ്ങൾ മാത്രം ശേഷിക്കെ സംഘാടകർക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്. മാലിന്യപ്രശ്നം മൂലം 100 വർഷത്തിലേറെയായി സെൻ നദിയിൽ നീന്തൽ അനുവദിച്ചിരുന്നില്ല. മേയറും പിന്നാലെ പൊതുജനങ്ങളും നീന്തിയതോടെ നദിയിൽ നടക്കേണ്ട ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട ആശങ്കകൾക്കും പരിഹാരമായി.

നഗരത്തിനു നടുവിലൂടെ അഴുക്കുചാൽ പോലെ ഒഴുകിയിരുന്ന നദിക്കാണ് വർഷങ്ങൾ നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കൊടുവിൽ പുതുജീവൻ ലഭിച്ചത്. 2015ൽ ആരംഭിച്ച നവീകരണ ജോലികൾക്കായി 13,000 കോടിയോളം രൂപ (104 കോടി യൂറോ)യാണ് ചെലവഴിച്ചത്. ജൂലൈ 26ന് സെൻ നദിക്കരയിലാണ് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. തുടർന്നു കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ബോട്ടുകളിൽ സെൻ നദിയിലൂടെ നടത്തും. ട്രയാത്‍ലോൺ, മാരത്തൺ സ്വിമ്മിങ് മത്സരങ്ങളുടെയും വേദി ഈ നദിയാണ്.

English Summary:

Paris mayor swims in Seine as river is cleaned up just in time for Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com