ADVERTISEMENT

മുംബൈ∙ രാജ്യാന്തര ട്വന്റി20യിൽ രോഹിത് ശർമയുടെ പിൻഗാമിയായി സൂര്യകുമാർ യാദവ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടു ദിവസം മുൻപു വരെ ക്യാപ്റ്റൻ സ്ഥാനം ഉറപ്പിച്ചിരുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് നായക സ്ഥാനം ലഭിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിലെ സൂചന. നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിനു പുറമേ, രാജ്യാന്തര ട്വന്റി20യിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമയ്ക്കും സൂര്യകുമാറിനെ നായകനാക്കുന്നതിനോടാണു താൽപര്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2026ലെ ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട്, സൂര്യകുമാറിനെ ക്യാപ്റ്റനായി അവരോധിക്കാനാണ് സിലക്ഷൻ കമ്മിറ്റിയുടെ നീക്കം. ഗൗതം ഗംഭീറും രോഹിത് ശർമയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയേക്കുറിച്ച് നിയുക്ത പരിശീലകൻ ഗൗതം ഗംഭീർ നിലപാടു വ്യക്തമാക്കിയതോടെയാണ് നായകസ്ഥാനത്തേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ വഴിയടഞ്ഞതെന്നാണ് സൂചന.

സ്ഥിരമായി പരുക്കിന്റെ പിടിയിലാകുന്ന ഹാർദിക്കിനെ ടീമിന്റെ നായകസ്ഥാനത്ത് എങ്ങനെ പ്രതിഷ്ഠിക്കുമെന്ന ചിന്ത സിലക്ടർമാരിൽ ചിലർക്കുണ്ട്. ബിസിസിഐയിലെ ചില ഉന്നതരും ഇതേ ആശങ്ക പങ്കുവയ്ക്കുന്നു. നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന വിവരം ചീഫ് സിലക്ടർ അജിത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും ഹാർദിക് പാണ്ഡ്യയെ അറിയിച്ചു കഴിഞ്ഞു.

ഈ മാസം ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ മാത്രമല്ല, 2026 വരെ സൂര്യകുമാറിനെ നായകനാക്കി നിലനിർത്തിയുള്ള പദ്ധതിയാണ് സിലക്ടർമാരുടെ മനസ്സിൽ. ഒരു ഘട്ടത്തിൽ ബാറ്റർമാരുടെ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു വരെയെത്തിയ ചരിത്രമുള്ള സൂര്യകുമാർ, നിലവിലെ താരങ്ങളിൽ ഏറ്റവും മികച്ച ട്വന്റി20 ബാറ്ററായാണ് പരിഗണിക്കപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ നയിച്ച ഏഴു മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചതിന്റെ പകിട്ടുമുണ്ട് സൂര്യയ്ക്ക്.

English Summary:

Gautam Gambhir and Rohit Sharma prefer Suryakumar Yadav for Team India's T20I captaincy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com