മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭാര്യയ്ക്കും കുട്ടികൾക്കും മുന്നിൽ വെടിയേറ്റു മരിച്ചു; തരംഗയുടെയും മാത്യൂസിന്റെയും ക്യാപ്റ്റൻ
Mail This Article
കൊളംബോ∙ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. നാൽപ്പത്തൊന്നുകാരനായ ധമ്മിക നിരോഷനയാണ് കൊല്ലപ്പെട്ടത്. ഗോൾ ജില്ലയിലെ ചെറുനഗരമായ അംബാലങ്ങോടയിലെ വസതിയിൽ വച്ചായിരുന്നു അരുംകൊലയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭാര്യയ്ക്കും രണ്ടു മക്കൾക്കും മുൻപിൽ വച്ചാണ് നിരോഷനയെ അജ്ഞാതൻ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, അക്രമിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓൾറൗണ്ടറെന്ന നിലയിൽ ക്രിക്കറ്റിൽ സജീവമായ നിരോഷന, കരിയറിന്റെ തുടക്കക്കാലത്ത് ശ്രീലങ്കയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട താരമാണ്. 2001–2004 കാലഘട്ടത്തിൽ ഗോൾ ക്രിക്കറ്റ് ക്ലബ്ബിനായി 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും എട്ട് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽനിന്ന് മുന്നൂറിലധികം റൺസും 19 വിക്കറ്റുകളും സ്വന്തമാക്കി.
ശ്രീലങ്ക അണ്ടർ 19 ടീമിന്റെ നായകനുമായിരുന്നു നിരോഷന. 2000ൽ ശ്രീലങ്കൻ അണ്ടർ 19 ടീമിൽ അരങ്ങേറിയ അദ്ദേഹം, രണ്ടു വർഷത്തോളം ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിച്ചു. ശ്രീലങ്കൻ അണ്ടർ 19 ടീമിനെ 10 മത്സരങ്ങളിൽ നയിച്ചു. ശ്രീലങ്കൻ താരങ്ങളായ ഫർവീസ് മഹ്റൂഫ്, എയ്ഞ്ചലോ മാത്യൂസ്, ഉപുൽ തരംഗ തുടങ്ങിയവർ അണ്ടർ 19 ടീമിൽ നിരോഷനയ്ക്കു കീഴിൽ കളിച്ചവരാണ്.
ഒപ്പമുണ്ടായിരുന്ന താരങ്ങൾ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും, നിരോഷനയുടെ കരിയർ പാതിവഴിയിൽ അപൂർണമായി അവസാനിച്ചു. 2004 ഡിസംബറിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.