പാണ്ഡ്യയെ പിന്തള്ളി ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാകാൻ സൂര്യകുമാർ; ശ്രീലങ്കയ്ക്കെതിരെ സഞ്ജു സാംസൺ കളിച്ചേക്കും
Mail This Article
മുംബൈ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ ബിസിസിഐ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കും. ജൂലൈ 27നാണ് മൂന്നു മത്സരങ്ങളുള്ള പരമ്പരയ്ക്കു തുടക്കമാകുന്നത്. കാൻഡിയിലെ പല്ലെകൽ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം നടക്കുക. രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ യുവനിരയുമായാണ് ഇന്ത്യ കളിക്കാനിറങ്ങുക.
ട്വന്റി20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായ പേസർ ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിക്കും. ഹാർദിക് പാണ്ഡ്യയെ പിന്തള്ളി സൂര്യകുമാർ യാദവ് ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്താനാണു സാധ്യത. ലോകകപ്പ് വിജയിച്ച ശേഷം വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ട്വന്റി20 ടീമിനൊപ്പം ചേരും. അങ്ങനെയെങ്കിൽ സഞ്ജു സാംസണ് വിക്കറ്റ് കീപ്പറുടെ റോളിൽ പ്ലേയിങ് ഇലവനിൽ ഇറങ്ങാന്‍ കഴിയില്ല. ബിസിസിഐ സഞ്ജുവിനെ സ്പെഷലിസ്റ്റ് ബാറ്ററായി ഉപയോഗിക്കാനാണു സാധ്യത.
ശുഭ്മൻ ഗില്ലും യശസ്വി ജയ്സ്വാളുമായിരിക്കും ട്വന്റി20 ടീമിൽ ഓപ്പണര്‍മാർ. ഫിനിഷറുടെ റോളിൽ റിങ്കു സിങ്ങും പ്ലേയിങ് ഇലവനിലെത്തും. ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയും കളിക്കും. സിംബാബ്‍വെയ്ക്കെതിരെ സെഞ്ചറി തികച്ച യുവതാരം അഭിഷേക് ശർമയും ഋതുരാജ് ഗെയ്ക്‌വാദും കളിക്കുമോയെന്നു വ്യക്തമല്ല. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കെ.എൽ. രാഹുൽ നയിക്കുമെന്നാണു വിവരം.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സാധ്യതാ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ, റിങ്കു സിങ്, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആവേശ് ഖാൻ.