ADVERTISEMENT

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കില്ല. ഓഗസ്റ്റ് രണ്ടു മുതല്‍ ഏഴുവരെ കൊളംബോയിലാണ് ഏകദിന പരമ്പര. ജൂലൈ 27ന് തുടക്കമാകുന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ട്വന്റി20 മത്സരങ്ങൾക്കു ശേഷം പാണ്ഡ്യ നാട്ടിലേക്കു മടങ്ങും. വ്യക്തിപരമായ കാരണങ്ങളാൽ ഏകദിന പരമ്പര കളിക്കാനില്ലെന്നാണു പാണ്ഡ്യയുടെ നിലപാട്. താരം പരുക്കിന്റെ പിടിയിലാണെന്നതു ശരിയല്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

‘‘ഹാർദിക് പാണ്ഡ്യയ്ക്ക് ഫിറ്റ്നസ് പ്രശ്നങ്ങളില്ല. ട്വന്റി20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ നയിക്കും. വളരെ വ്യക്തിപരമായ കാരണം ഉള്ളതിനാലാണ് ഏകദിന മത്സരങ്ങളിൽനിന്ന് പാണ്ഡ്യ വിട്ടുനിൽക്കുന്നത്. പാണ്ഡ്യയ്ക്കു പരുക്കുണ്ടെന്ന ചില റിപ്പോർട്ടുകൾ കണ്ടു. ഇതു ശരിയല്ല.’’– ബിസിസിഐ പ്രതിനിധി പ്രതികരിച്ചു. ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമ നയിച്ച ടീമില്‍ വൈസ് ക്യാപ്റ്റനായാണു പാണ്ഡ്യ കളിച്ചത്. ലോകകപ്പ് വിജയത്തിനുപിന്നാലെ രോഹിത് ട്വന്റി20യിൽനിന്നു വിരമിച്ചതിനാൽ പാണ്ഡ്യയായിരിക്കും ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയെ നയിക്കുക.

അതേസമയം ആരായിരിക്കും ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനെന്നു വ്യക്തമല്ല. സിംബാബ്‍വെ പര്യടനത്തിൽ ഇന്ത്യയെ നയിച്ച ശുഭ്മൻ ഗില്ലോ, സൂര്യകുമാർ യാദവോ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആകാനാണു സാധ്യത. ശ്രീലങ്കയ്ക്കെതിരെ ഏകദിന മത്സരങ്ങൾ കളിക്കാനില്ലെന്ന കാര്യം ഹാർദിക്, ക്യാപ്റ്റൻ രോഹിത് ശർമയെ അറിയിച്ചിട്ടുണ്ട്. രോഹിത് ശർമയും ശ്രീലങ്കയ്ക്കെതിരെ കളിക്കുന്നില്ല. 

കെ.എൽ. രാഹുലായിരിക്കും ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രാഹുൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശുഭ്മൻ ഗില്ലിന്റെ പേരും പരിഗണിക്കുന്നുണ്ട്. ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ടീമുകളെ ബിസിസിഐ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസണെ ട്വന്റി20 ടീമിലേക്കു പരിഗണിക്കാൻ സാധ്യതയുണ്ട്.

English Summary:

Hardik Pandya Won't Play ODI Series vs Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com