ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടെങ്കിലും, ഗൗതം ഗംഭീറിന് പൂർണ സ്വാതന്ത്ര്യം നൽകാതെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). മുഖ്യ പരിശീലകർക്ക് അവർക്ക് ഇഷ്ടമുള്ളവരെ കോച്ചിങ് സ്റ്റാഫിൽ ഉൾപ്പെടുത്താൻ സ്വാതന്ത്ര്യം നൽകുന്ന ശൈലിയാണ് ദീർഘകാലമായി ബിസിസിഐ അവലംബിക്കുന്നതെങ്കിലും, ഗംഭീറിന്റെ കാര്യത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നതായാണ് റിപ്പോർട്ട്. പരിശീലക സംഘത്തിലേക്ക് ഗംഭീർ ഇതുവരെ നിർദ്ദേശിച്ച അഞ്ച് പേരുകളിൽ നാലു പേരെയും ബിസിസിഐ വെട്ടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിസിസിഐ ഭാഗികമായെങ്കിലും അനുമതി നൽകിയത് ഗംഭീർ നിർദ്ദേശിച്ച ഒരാൾക്കു മാത്രം.

സ്ഥാനമൊഴിഞ്ഞ പരിശീലകൻ രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർക്ക്, അവരുടെ ഇഷ്ടക്കാരെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്താൻ ബിസിസിഐ അനുമതി നൽകിയിരുന്നു. ഗ്രെഗ് ചാപ്പൽ, ഗാരി കിർസ്റ്റൻ, അനിൽ കുംബ്ലെ, രവി ശാസ്ത്രി തുടങ്ങിയവർക്കും ഈ സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ, ഗംഭീറിന്റെ കാര്യത്തിൽ മാത്രം ബിസിസിഐ കടുംപിടിത്തം തുടരുന്നത് കൗതുകമുണർത്തുന്ന സംഗതിയാണ്.

കളിക്കളത്തിലും രാഷ്ട്രീയത്തിലും ഉൾപ്പെടെ സ്വന്തം നിലപാട് സധൈര്യം വ്യക്തമാക്കിയിട്ടുള്ള ഗംഭീറിനെ, പരിശീലകനെന്ന നിലയിൽ ചൊൽപ്പടിക്കു നിർത്താനുള്ള ബിസിസിഐയുടെ ശ്രമമായാണ് ഈ അസാധാരണ ഇടപെടലിനെ ക്രിക്കറ്റ് വൃത്തങ്ങൾ വ്യാഖ്യാനിക്കുന്നത്. ഗംഭീറിനെ മുഖ്യ പരിശീലകനാക്കുന്നതിൽ ബിസിസിഐയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെങ്കിലും, എല്ലാം ഗംഭീർ നിയന്ത്രിക്കുന്നതിൽ അവർക്കു താൽപര്യമില്ലെന്നാണ് അണിയറ വർത്തമാനം.

ബോളിങ് പരിശീലക സ്ഥാനത്തേക്ക് ഗംഭീർ നിർദ്ദേശിച്ച വിനയ് കുമാർ, മോണി മോർക്കൽ, ലക്ഷ്മിപതി ബാലാജി എന്നിവരുടെ പേരുകൾ ബിസിസിഐ തള്ളിയതായാണ് വിവരം. ഫീൽഡിങ് പരിശീലകരായി നിർദ്ദേശിച്ച മുൻ ഡച്ച് താരം റയാൻ ടെൻ ഡോഷട്ടെ, ദക്ഷിണാഫ്രിക്ക മുൻ താരം ജോണ്ടി റോഡ്സ് എന്നിവരുടെ പേരുകളും ബിസിസിഐ തള്ളി. ഇതുവരെ ഗംഭീർ നിർദ്ദേശിച്ചവരിൽ ബിസിസിഐ പരിഗണനയ്ക്ക് എടുത്തത് ബാറ്റിങ് പരിശീലകനായി അഭിഷേക് നായരുടെ പേരു മാത്രം.

ഗംഭീർ മെന്ററായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ് അഭിഷേക് നായർ. ടീമിന്റെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച അഭിഷേക് നായരെ ബാറ്റിങ് പരിശീലകനാകുന്നതിന് ബിസിസിഐയ്ക്ക് സമ്മതമാണ്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അഭിഷേക് നായർ ബിസിസിഐ പട്ടികയിലുണ്ട്.

ബോളിങ് പരിശീലക സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരം സഹീർ ഖാന്റെ പേരാണ് ബിസിസിഐ നിർദ്ദേശിക്കുന്നത്. വിനയ് കുമാർ, ബാലാജി, മോണി മോർക്കൽ എന്നിവർക്കായുള്ള ആവശ്യം തള്ളിയതും അതുകൊണ്ടുതന്നെ. ഗംഭീറുമായി സമവായത്തിൽ എത്തിയാൽ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇടംകയ്യൻ പേസ് ബോളർ ടീം ഇന്ത്യയുടെ ബോളിങ് പരിശീലകനായി എത്താനാണ് സാധ്യത.

ഇന്ത്യയ്ക്കായി 92 ടെസ്റ്റുകളിൽനിന്ന് 311 വിക്കറ്റുകൾ ഉൾപ്പെടെ 309 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 610 വിക്കറ്റുകളാണ് സഹീർ ഖാന്റെ സമ്പാദ്യം. ഗംഭീർ നിർദ്ദേശിച്ച ബാലാജിയുടെ പേരും ചർച്ചയ്ക്കു വന്നെങ്കിലും, സഹീർ ഖാനായി ബിസിസിഐ ഉറച്ചു നിൽക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഇപ്പോഴത്തെ ഫീൽഡിങ് പരിശീലകൻ ടി.ദിലീപിനെ നിലനിർത്താനും ബിസിസിഐയ്ക്ക് താൽപര്യമുണ്ടെന്നാണ് വിവരം.

English Summary:

Gambhir Facing Pushback from BCCI Over Support Staff Selections: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com