ADVERTISEMENT

മുംബൈ∙ 2026ലെ ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര. യുവനിര വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് അവസരം കാത്തിരിക്കുന്നതിനാൽ ‘പ്രായമായ’ സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത കുറവാണെന്ന് അമിത് മിശ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമാണെങ്കിലും, സഞ്ജുവിന് ലോകകപ്പിലെ ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പർ. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ മാത്രമാണ് സഞ്ജു കളിച്ചത്.

ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറി ഒൻപതു വർഷത്തിനു ശേഷമായിരുന്നു ഒരു ഐസിസി ടൂർണമെന്റിനുള്ള ടീമിൽ മലയാളി താരത്തിന് ഇടം ലഭിക്കുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും ട്വന്റി20യില്‍നിന്നു വിരമിച്ചതിനാൽ സഞ്ജുവിന് ഇനി ഇന്ത്യൻ ടീമിൽ കൂടുതൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിരാട് കോലി ടീമിൽ നടപ്പാക്കിയ ആശയം പ്രകാരം യുവതാരങ്ങളിലാകും ഇന്ത്യ ശ്രദ്ധിക്കുക, ഇതോടെ സഞ്ജുവിന് പ്രായം ഒരു ഭീഷണിയാകുമെന്നാണ് അമിത് മിശ്രയുടെ കണ്ടെത്തൽ. സഞ്ജുവിന് ഇപ്പോൾ 29 വയസ്സു പ്രായമുണ്ട്.

‘‘സഞ്ജു അടുത്ത ലോകകപ്പ് കളിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന് പ്രായമായി. ഇന്ത്യൻ ടീമിലേക്ക് യുവതാരങ്ങളുടെ നീണ്ട നിര തന്നെ അവസരം കാത്തിരിക്കുന്നുണ്ട്. സഞ്ജുവിന് കളിക്കണമെങ്കിൽ അദ്ഭുതകരമായ പ്രകടനങ്ങൾ നടത്തേണ്ടിവരും. അടുത്ത ലോകകപ്പ് വരെ സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിച്ചാൽ ഒരുപക്ഷേ അക്കാര്യം പരിഗണിച്ചേക്കും. അല്ലെങ്കിൽ ലോകകപ്പ് കളിക്കുകയെന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടേറിയ കാര്യമാണ്.’’

‘‘ഒരുപാട് യുവതാരങ്ങൾ ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. പ്രതിഭയായ ഇഷാൻ കിഷൻ ട്വന്റി20 ടീമിനു പുറത്തിരിക്കുന്നു. ഋഷഭ് പന്ത് ഇവിടെയുണ്ട്. ധ്രുവ് ജുറേലും ജിതേഷ് ശർമയുമുണ്ട്. അങ്ങനെ നീണ്ട ക്യൂ തന്നെയാണ്.’’– അമിത് മിശ്ര വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിനു ശേഷം സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു കളിച്ചിരുന്നു.

English Summary:

He is old, cannot play next World Cup: Amit Mishra

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com