നെടുമ്പാശേരിയിൽ നിന്ന് തിരുവല്ല, കോഴിക്കോട് സ്മാർട്ട് ബസ് സർവീസ് ഉടൻ: മന്ത്രി ഗണേഷ്

Mail This Article
അബുദാബി ∙ പ്രവാസികൾക്കു വേണ്ടി വിമാനത്താവളങ്ങളിൽ നിന്ന് പുതിയ സ്മാർട്ട് ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. 3 മാസത്തിനകം നെടുമ്പാശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് രണ്ടും കോഴിക്കോട്ടേക്ക് മൂന്നും ബസുകൾ സർവീസ് നടത്തും. 2 വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരു ബസ് എന്ന വിധത്തിലായിരിക്കും സർവീസ് നടത്തുക. ആളില്ലാതെ പുറപ്പെടുന്നതിനു പകരം വിമാനം വൈകിയാൽ ബസും കാത്തുനിൽക്കും.
ദീർഘദൂര യാത്രയാണെങ്കിലും ഇടയ്ക്ക് സ്റ്റോപ്പുകൾ ഉണ്ടാകും. നാട്ടിൽ ഡ്രൈവിങ് ടെസ്റ്റ് നേരത്തേയാക്കണമെങ്കിൽ പ്രവാസികൾ ആർടിഒയ്ക്ക് നേരിൽ കണ്ട് അപേക്ഷ നൽകണമെന്നും മന്ത്രി അറിയിച്ചു. യുഎഇ ഉൾപ്പെടെവിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് നാട്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ ഇളവു നൽകാനാകുമോ എന്നത് പരിശോധിക്കുമെന്നും പറഞ്ഞു.
തരൂർ വിശ്വപൗരൻ; പറഞ്ഞത് സത്യം
കേരള വികസനത്തെക്കുറിച്ച് ശശി തരൂർ പറഞ്ഞതിനു നേരെ കൊഞ്ഞനംകുത്തേണ്ട കാര്യമില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. എല്ലാ കാര്യങ്ങളിലും പ്രകടമായ മാറ്റമുണ്ട്. തരൂർ രാഷ്ട്രീയക്കാരനായതുകൊണ്ട് സത്യം പറയാതിരിക്കാനാകില്ല. കോൺഗ്രസുകാരനായല്ല വിശ്വ പൗരനായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.