ഇന്റർനെറ്റിൽ വിരിഞ്ഞ പ്രണയം; മൊറോക്കൻ സുന്ദരിയെ തേടി കണ്ണൂരിൽ നിന്ന് വിദേശത്തേക്ക് പറന്ന സുനീർ

Mail This Article
ദുബായ് ∙ ഇവർക്ക് എല്ലാ ദിവസവും 'പ്രണയദിന'മാണ്. ഇന്റർനെറ്റിലൂടെ ആദ്യമായി കണ്ടതുമുതൽ കണ്ണൂർ തലശ്ശേരി സൈദാർപള്ളി സ്വദേശി സുനീർ കണ്ടിക്ക് മൊറക്കക്കാരി ഷൈമയോട് തോന്നിയ ഇഷ്ടവും പ്രണയവും സ്നേഹവുമെല്ലാം ഫെബ്രുവരി 14ൽ ഒതുങ്ങുന്നതല്ല. ഷൈമയ്ക്ക് സുനീറിനോടും അങ്ങനെ തന്നെ. ഭൂഖണ്ഡം മാറിയുള്ള പ്രണയത്തിന് വർഷങ്ങളോളം യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നതാണ് ഇവരുടെ ദാമ്പത്യജീവിത വിജയത്തിന്‍റെ സവിശേഷത.
പ്രണയത്തിന് മുന്നിൽ ഭാഷയോ ദേശമോ കാലമോ ഒന്നും പ്രശ്നമല്ലെന്ന് തെളിയിച്ച ആ കഥ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ഇപ്പോൾ മൊറോക്കോ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന, അറിയപ്പെടുന്ന വ്ളോഗർ കൂടിയായ സുനീർ കണ്ടി.
∙ ഷൈമയുടെ പ്രൊഫൈൽ ചിത്രത്തിൽ കണ്ണുടക്കി, പിന്നെ സംഭവിച്ചത്...
ഉമ്മർ-സുഹ്റ ദമ്പതികളുടെ മകനായ സുനീർ കണ്ണൂർ എസ്.എൻ കോളജിൽ നിന്ന് പ്രീഡിഗ്രി പാസ്സായ ശേഷം ചെന്നൈയിൽ നിന്ന് ബികോം ബിരുദം നേടി നാട്ടിൽ ജോലിയൊന്നും ചെയ്യാതെയാണ് 2000ൽ നേരെ ദുബായിലേക്ക് വച്ചുപിടിച്ചത്. 9 മാസം ദുബായിൽ അലഞ്ഞുതിരിഞ്ഞെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒടുവിൽ കുവൈത്തിൽ ജോലി കിട്ടിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ അങ്ങോട്ടേയ്ക്ക് പറന്നു. കുവൈത്തിലെ സുപ്രീം ഫൂഡ് സർവീസ് കമ്പനിയിൽ മാത്രമേ ജീവിതത്തിലിതുവരെ ജോലി ചെയ്തുള്ളൂ.

ഫിനാൻസ് മാനേജരായി 9 വർഷം അവിടെ പ്രവർത്തിക്കുമ്പോഴായിരുന്നു വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. വധുവിനെ സ്വയം ഇന്റനെറ്റിലൂടെ പരതുകയായിരുന്നു. പലരും കൺമുന്നിൽപ്പെട്ടെങ്കിലും ഒടുവിൽ മൊറോക്കക്കാരി ഷൈമ എന്ന സുന്ദരിയെ ബോധിച്ചു. സ്കൂളിലും കോളജിലും പഠിക്കുമ്പോഴും ഓരോ പെൺകുട്ടികളോട് ഇഷ്ടം തോന്നുകയും അതെല്ലാം പാളിപ്പോകുകയും ചെയ്ത അനുഭവം ഉള്ളതിനാൽ ഉള്ളിൽ നേരിയ ഭയമുണ്ടായിരുന്നു.

പക്ഷേ, ഷൈമയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായ സമീപനം ഉണ്ടായെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. ഒടുവിൽ ഒന്നര മാസത്തോളം എല്ലാ ദിവസവും ചാറ്റ് ചെയ്ത് ഇഷ്ടത്തിലായി. ഷൈമ ഞാനെന്‍റെ സഹോദരിയുടെ ചിത്രം അയച്ചുതരാം എന്ന് പറഞ്ഞ് സ്വന്തം ചിത്രം അയച്ചുകൊടുത്തു. ഇനി പറയൂ, ആരാണ് സുന്ദരി എന്നായി ഷൈമയുടെ ചോദ്യം. ഷൈമയുടെ പ്രൊഫൈലിലുളള അവരുടെ മാതാവിന്‍റെ ചിത്രം ഷൈമയുടേതാണെന്ന് കരുതിയിരുന്ന സുനീർ താൻ തന്നെയാണ് സുന്ദരി എന്ന് മറുപടി കൊടുത്തപ്പോൾ 2 ദിവസത്തോളം പിണങ്ങിനിന്നു.

പിന്നീട് കാര്യമറിഞ്ഞപ്പോൾ ചിരിയായി. പകരം സുനീർ ഷൈമയ്ക്ക് അയച്ചുകൊടുത്തത് തന്‍റെ ഏറ്റവും കാണാൻ മൊഞ്ചില്ലാത്ത ചിത്രമായിരുന്നു. അതുകണ്ടും ഷൈമ 2 ദിവസത്തോളം മുങ്ങിനിന്നു. ഇതോടെ പ്രണയപ്പനിയുടെ ഗൗരവും സുനീർ തിരിച്ചറിഞ്ഞു. ഷൈമയോട് സംസാരിക്കാതെ എന്തോ ഒരിത്. മാനസമൈനേ വരൂ എന്ന് പാടിപ്പാടി കാത്തിരുന്നു. ഒടുവിൽ മൈന വന്നു, തന്‍റെ കുടുംബ ചിത്രവുമായി. അതുകണ്ടപ്പോൾ എല്ലാവരോടും എന്തോ ഒരിഷ്ടം. കുടുംബത്തോട് സംസാരിക്കൂ എന്ന് ഷൈമ പറഞ്ഞപ്പോൾ സന്തോഷമായി. സംസാരിച്ചപ്പോഴോ അവർക്ക് സുനീറിനെയും പെരുത്തിഷ്ടം. പിന്നീട്, ഫോണിലൂടെ സുനീർ ഷൈമയെ പ്രപോസ് ചെയ്തു. ഷൈമയുടെ യെസ് ലഭിക്കാൻ ഏറെ നിമിഷം വേണ്ടി വന്നില്ല.

∙ പിന്നെ മാംഗല്യം, തന്തുനാനേന
താൻ ഷൈമയെ കണ്ടെത്തിയെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും സുനീർ ആദ്യം വിളിച്ചു പറഞ്ഞത് മാതാവിനോടാണ്. മൊറോക്കോ എന്ന് ഉമ്മ ആദ്യം കേൾക്കുകയായിരുന്നു. അത് ആഫ്രിക്കയിലെ രാജ്യമാണെന്നറിഞ്ഞപ്പോൾ ഉമ്മ ബേജാറിലായി. പിന്നീട് പറഞ്ഞു, എല്ലാം നിന്‍റെ ഇഷ്ടം. പ്രിയപ്പെട്ടവരെ വിളിച്ച് അനുഗ്രഹം വാങ്ങി തീരുമാനിച്ചോ എന്ന് പറഞ്ഞതോടെ വിവാഹത്തിനുള്ള കൊട്ടും കുരവയുമുയർന്നു.

ഇന്റർനെറ്റിലൂടെ കണ്ട ഷൈമയുടെ കുടുംബത്തെ കാണാൻ സുനീർ മൊറോക്കോയിലേക്ക് ചെന്നു. മറാക്കെഷ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 50 കിലോ മീറ്റർ അകലെ യൂസുഫിയയിലായിരുന്നു ഷൈമയുടെ വീട്. കുടുംബത്തോടൊപ്പം സുനീറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഷൈമയെ കണ്ട് ഞെട്ടിയത്. അന്ന് അവർക്ക് 17 വയസ്സ് ആയതേ ഉണ്ടായിരുന്നുള്ളൂ. സുനീറിന് 28 വയസ്സും. കുറച്ച് ദിവസം മൊറോക്കോയിൽ താമസിച്ച് കുടുംബത്തെ കൂടുതൽ മനസിലാക്കിയ ശേഷം ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താൻ തീരുമാനം. ആദ്യം മൊറോക്കോയിലും പിന്നീട് ഉമ്മയുടെ ആഗ്രഹപ്രകാരം തലശ്ശേരിയിലും ചടങ്ങുകൾ. നാട്ടിലെ ചടങ്ങിന് ഷൈമയുടെ കുടുംബാംഗങ്ങൾ വരികയും ചെയ്തു.

∙ വാഹനങ്ങളുടെ 'ഡാൻസും' മുളകും വില്ലൻ
വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൂരിലെത്തിയ ഷൈമയുടെ പിതാവ് യാത്രയ്ക്കിടെ നാടുകാണാൻ വേണ്ടി മിനി ബസിന്‍റെ മുൻസീറ്റിലിരുന്നതേ ഓർമയുള്ളൂ, ദാ മുന്നിൽനിന്നൊരു യമണ്ടൻ ലോറി ചീറിപ്പാഞ്ഞ് വരുന്നു. മിനി ബസിനെ തൊട്ടു തൊട്ടില്ല എന്ന പോലെ അതു കുതിച്ചപ്പോൾ അദ്ദേഹം നിലവിളിച്ചുകൊണ്ട് പിന്നിലേയ്ക്കോടി. പിന്നീടൊരിക്കലും അദ്ദേഹത്തിന് ഈ ആഗ്രഹമുണ്ടായിട്ടില്ലെന്ന് സുനീറും ഷൈമയും പറയുന്നു.

എരിവാണ് ഷൈമയുടെയും കുടുംബത്തിന്‍റെയും മറ്റൊരു ഇന്ത്യൻ പേടി. കോഴി പൊരിച്ചതിന്‍റെ മുകളിൽ അലങ്കരിച്ച പച്ചമുളക് കാപ്സിക്കം ആണെന്ന് കരുതി ചവച്ച പിതാവും ഉഴുന്നുവടയിലെ മുളക് തിന്ന ഷൈമയും എരിപിരി കൊണ്ട് കരഞ്ഞതും രസകരമായ ഒാർമകൾ തന്നെ. ഒരു മാസത്തോളം തലശ്ശേരിയിൽ താമസിച്ച ഷൈമയുടെ കുടുംബം കേരളത്തിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളും മൈസൂരും ബെംഗളൂരുവുമെല്ലാം സന്ദർശിച്ചു.

എല്ലാ സ്ഥലവും ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ ഇരുവരും നിറഞ്ഞ ചിരിയോടെ പറഞ്ഞു-ഹൈവ.. മുംതാസ്.(മനോഹരം). നിലവിൽ മൊറോക്കോയിലാണ് സുനീറും കുടുംബവും സ്ഥിരതാമസമാക്കിയത്. റസ്റ്ററന്റ്, എക്സ്പോർട് ബിസിനസ് ചെയ്യുകയാണ് അദ്ദേഹം. അതോടൊപ്പം മൊറോക്കൻ കാഴ്ചകളും ഷൈമയുടെ മൊറോക്കൻ പാചകരീതിയും അനാവരണം ചെയ്യുന്ന യു ട്യൂബ് ചാനലിനായും സമയം കണ്ടെത്തുന്നു. പ്ലസ് വണ്ണിന് പഠിക്കുന്ന ദരീനാ(16)ണ് ഈ ദമ്പതികളുടെ മൂത്തമകൾ. രണ്ടാമത്തേയാൾ സരീൻ(11) ആറാം ക്ലാസിലും പഠിക്കുന്നു.

ഷൈമയും മക്കളും അത്യാവശ്യം മലയാളം പറയാൻ പഠിച്ചിട്ടുണ്ട്. എങ്കിലും കുട്ടികൾക്ക് അറബികാണ് കൂടുതൽ വഴങ്ങുന്നത്. അമ്മയുടെ കൂടെയാണ് മക്കൾ കൂടുതൽ ചെലവഴിക്കുന്നത് എന്നതിനാൽ മാതൃഭാഷ എന്നതിന്‍റെ യഥാർഥ അർഥം തനിക്കിപ്പോഴാണ് ശരിക്കും പിടികിട്ടിയതെന്ന് സുനീർ പറയുന്നു.

∙ ഇന്റർനെറ്റ് ലൗ ഈസ് ഡെയ്ഞ്ചറസ്
ഇന്റർനെറ്റിലൂടെയുള്ള സ്ത്രീ-പുരുഷ സൗഹൃദം പലപ്പോഴും അപകടകരമാണെന്ന് സുനീർ പറയുന്നു. ഷൈമ മൂന്നു മാസത്തോളം എന്നെ പഠിച്ച ശേഷമാണ് ഫോട്ടോ പോലും അയച്ചുതന്നത്. എന്നാൽ ഇന്ന് പല പെൺകുട്ടികളും ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട് പുരുഷൻ ഒരുക്കുന്ന കെണിയിൽ ചെന്ന് പതിക്കാറുണ്ട്.

പലരും വ്യാജ പ്രൊഫൈലുമായാണ് സമൂഹമാധ്യമത്തിലെത്തുന്നത്. പെൺവേഷം കെട്ടുന്ന പുരുഷന്മാരാണ് ഇതിൽ കേമന്മാർ. ഇന്ന് കേൾക്കുന്ന വാർത്തകളൊന്നും അത്ര ശുഭകരമല്ല, പ്രത്യേകിച്ച് ഇത്തരത്തിലുള്ള തട്ടിപ്പുകൾ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്റനെറ്റ് ഉപയോഗിക്കുന്നവർ വളരെ ജാഗ്രത പുലർത്തണമെന്നാണ് സുനീറിന് പറയാനുള്ളത്.