ഒത്തുകളിച്ചെന്ന് കായികമന്ത്രി: പരാമർശം പിൻവലിച്ചില്ലെങ്കിൽ മെഡലുകൾ കടലിൽ എറിയുമെന്ന ഭീഷണിയുമായി താരങ്ങൾ

Mail This Article
തിരുവനന്തപുരം ∙ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ ഒത്തുകളി പരാമർശത്തിൽ പ്രതിഷേധിച്ച് ദേശീയ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾ സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധിച്ചു. മന്ത്രി പരാമർശം പിൻവലിച്ചിലെങ്കിൽ മെഡലുകൾ കടലിൽ വലിച്ചെറിയുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ദേശീയ ഗെയിംസിൽ പങ്കെടുത്ത് ബീച്ച് ഹാൻഡ് ബാളിൽ വെള്ളിമെഡൽ നേടീയ ടീമംഗങ്ങളായ 9 പേരാണ് മെഡലുകളുമായെത്തി പ്രതിഷേധിച്ചത്.
ഫൈനലിൽ ഹരിയാനയ്ക്ക് വേണ്ടി കേരളം ഒത്തുകളിച്ചെന്ന് മന്ത്രി പറഞ്ഞതായി കായികതാരങ്ങൾ ആരോപിച്ചു. ഒരാഴ്ചയ്ക്കകം മന്ത്രി പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ പരിശീലനം നടത്തിയ ശംഖുമുഖം ബീച്ചിലെ കടലിൽ മെഡലുകൾ വലിച്ചെറിയുമെന്ന് കായിക താരങ്ങൾ പറഞ്ഞു.
പത്തംഗ ടീമിലെ 9 പേരും പ്രതിഷേധവുമായി എത്തി. ഒരാൾ പരീക്ഷയായതിനാലാണ് വരാതിരുന്നതെന്ന് താരങ്ങൾ പറഞ്ഞു. കായിക താരങ്ങൾ പ്രതിഷേധവുമായി എത്തിയതിനു പിന്നാലെ സ്പോർട്സ് കൗൺസിൽ ഗേറ്റ് അടച്ച് പൂട്ടി. താരങ്ങൾ ഗേറ്റിനു മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു.