ടീമിൽ ഇടം പ്രതീക്ഷിച്ചിരിക്കുമ്പോൾ ഓസീസ് പര്യടനത്തിന് ക്ഷണിച്ചത് കമന്റേറ്ററായി: വൻ തുക വാഗ്ദാനം ചെയ്തെന്നും രഹാനെ

Mail This Article
മുംബൈ∙ ഇനിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ, ഇത്തവണ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ കമന്ററി പറയാനായി ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം അജിൻക്യ രഹാനെ. വൻതുക പ്രതിഫലമായി വാഗ്ദാനം ചെയ്തെങ്കിലും, ആ ഓഫർ താൻ സ്വീകരിച്ചില്ലെന്ന് രഹാനെ വ്യക്തമാക്കി. ഇനിയും കളി തുടരാനാകുമെന്ന് ഉറപ്പുള്ളതിനാലാണ് കമന്ററി പറയാനുള്ള ക്ഷണം നിരസിച്ചതെന്നും രഹാനെ വിശദീകരിച്ചു. ഇനിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും, കമന്ററി ജോലി പിന്നീടും ചെയ്യാമല്ലോയെന്നും രഹാനെ ചൂണ്ടിക്കാട്ടി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു ശേഷം ഇന്ത്യൻ ടീമിൽനിന്ന് തഴഞ്ഞതുമായി ബന്ധപ്പെട്ട് സിലക്ടർമാർ തന്നോട് ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നും രഹാനെ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത രഹാനെയെ, പിന്നീട് നടന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കു പിന്നാലെ ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നു. പുതിയ താരങ്ങൾക്ക് അവസരം നൽകാനുള്ള അജിത് അഗാർക്കർ അധ്യക്ഷനായ പുതിയ സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന്റെ തുടർച്ചയായിരുന്നു രഹാനെയുടെ പുറത്താകൽ.
‘‘ഏതാനും വർഷം മുൻപ് ഞാൻ ടീമിനു പുറത്തായിരുന്നു. പിന്നീട് മികച്ച പ്രകടനവുമായി തിരിച്ചെത്തി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിച്ചെങ്കിലും അതിനുശേഷം വീണ്ടും തഴയപ്പെട്ടു. ഈ ഘട്ടത്തിൽ എനിക്ക് എന്താണ് ചെയ്യാനാകുക? എന്നേക്കൊണ്ട് സാധിക്കുന്നതുപോലെ കളിക്കുക. അങ്ങനെ ഞാൻ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും മികച്ച പ്രകടനം കാഴ്ചവച്ചു. അങ്ങനെ വീണ്ടും ടീമിലേക്ക് വഴിതുറന്നു.’ – രഹാനെ പറഞ്ഞു.
‘‘പരിചയസമ്പന്നരായ താരങ്ങൾ ടീമിലേക്ക് തിരിച്ചെത്തിയാൽ അവർക്ക് 2–3 പരമ്പരകളിൽ എന്തായാലും അവസരം ലഭിക്കുമെന്ന് എല്ലാവർക്കും അറിയാം. ദക്ഷിണാഫ്രിക്കൻ പര്യടനം എന്തായാലും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ എനിക്ക് അവസരം ലഭിച്ചില്ല. ഇത്രനാൾ ടീമിനായി ആത്മാർഥമായി കളിച്ചിട്ടും അവസരം ലഭിക്കാതെ പോയത് നിരാശപ്പെടുത്തി.’ – രഹാനെ പറഞ്ഞു.
‘‘എന്തുകൊണ്ടാണ് എന്നെ തഴഞ്ഞത് എന്ന് ചോദിച്ചുപോകുന്ന ഒരാളല്ല ഞാൻ. എന്റെ ശൈലിയും അതല്ല. എന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ആരും എന്നോട് പറഞ്ഞില്ല. ഞാനൊട്ട് അന്വേഷിച്ചതുമില്ല. പോയി സംസാരിക്കാൻ എന്നോട് കുറേപ്പേർ പറഞ്ഞു. പക്ഷേ, അപ്പുറത്തുള്ളയാൾ തയാറാണെങ്കിലല്ലേ സംസാരിച്ചിട്ട് കാര്യമുള്ളൂ. അപ്പുറത്തുള്ളയാൾ തയാറല്ലെങ്കിൽ എന്തു പറഞ്ഞിട്ടും പോരാടിയിട്ടും എന്തു കാര്യം.’ – രഹാനെ ചോദിച്ചു.
‘‘നേരിട്ട് മുഖാമുഖം സംസാരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ട് മെസേജ് അയയ്ക്കാനൊന്നും പോയില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു പിന്നാലെ എന്നെ തഴഞ്ഞപ്പോൾ വിഷമം തോന്നി. കാരണം ഞാൻ അതിനായി ഏറെ കഠിനാധ്വാനം ചെയ്തിരുന്നു. അടുത്ത പരമ്പരയിൽ അവസരം ലഭിക്കുമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്റെ കയ്യിൽ നിൽക്കുന്ന കാര്യങ്ങളേക്കുറിച്ച് തലപുകച്ചിട്ടല്ലേ കാര്യമുള്ളൂ. ഞാൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവർ ഇപ്പോഴുമുണ്ട്.’ – രഹാനെ ചൂണ്ടിക്കാട്ടി.
ഇപ്പോഴും ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെന്നു തന്നെയാണ് തന്റെ ആഗ്രഹമെന്ന് രഹാനെ വിശദീകരിച്ചു. മുംബൈയെ രഞ്ജി ട്രോഫി സെമിയിലെത്തിച്ച രഹാനെ, അടുത്ത രണ്ടു മത്സരങ്ങൾക്കൊണ്ട് സിലക്ടർമാരുടെ ശ്രദ്ധ നേടാനാകുമെന്ന വിശ്വാസത്തിലാണ്. ‘‘എന്റെയുള്ളിൽ ഇപ്പോഴും ആ പഴയ തീ അതുപോലെയുണ്ട്. നിലവിൽ ഞാൻ രഞ്ജി ട്രോഫി കളിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈ ടീമിനായി കഴിവിന്റെ പരമാവധി നൽകാനാണ് ശ്രമം. എന്തായാലും ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവു കൂടി നടത്തുകയാണ് എന്റെ ലക്ഷ്യം.’ – രഹാനെ പറഞ്ഞു.