വിരാട് കോലിക്ക് ഇന്ത്യൻ ടീം ക്യാംപിലെ ഭക്ഷണം വേണ്ട; പുറത്തുനിന്ന് വരുത്തി കഴിച്ച് സൂപ്പർ താരം

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനു മുന്നോടിയായി ദുബായിലെ ഐസിസി അക്കാദമിയിൽ പരിശീലനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഫെബ്രുവരി 19ന് പാക്കിസ്ഥാനിൽ തുടക്കമാകുന്ന ടൂർണമെന്റിൽ, തൊട്ടടുത്ത ദിവസം ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തമായ നിയന്ത്രണങ്ങൾക്കു നടുവിലാണ് ഇന്ത്യൻ താരങ്ങൾ ദുബായിൽ പരിശീലിക്കുന്നത്. സ്വന്തമായി ഷെഫിനെയോ സഹായികളെയോ സ്റ്റൈലിസ്റ്റിനെയോ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ നേരത്തേതന്നെ താരങ്ങളെ അറിയിച്ചിരുന്നു. പരിശീലകൻ ഗൗതം ഗംഭീറിന്റെ പഴ്സനല്‍ സ്റ്റാഫിനെ പോലും ഒപ്പം കൊണ്ടുപോകാൻ അനുമതി ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ ദുബായിൽവച്ച് ഇന്ത്യൻ ക്യാംപിൽ വിളമ്പുന്നതല്ലാതെ പ്രത്യേക ഭക്ഷണം പുറത്തുനിന്നു വരുത്തിച്ച് കഴിക്കുകയാണു സൂപ്പർ താരം വിരാട് കോലി. ഇന്ത്യൻ താരങ്ങളെ സഹായിക്കുന്നതിനായി ദുബായിൽ ഏർപ്പെടുത്തിയ മാനേജരെ ഭക്ഷണത്തിന്റെ കാര്യത്തിൽ തന്റെ താൽപര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി 15 മിനിറ്റിലേറെ നേരമാണു കോലി സംസാരിച്ചത്. തുടർന്ന് കോലിക്കു താൽപര്യമുള്ള ഭക്ഷണം മാനേജർ പുറത്തുനിന്നു വരുത്തിച്ചു നൽകി. കുറച്ചു ഭക്ഷണം കഴിച്ച കോലി ബാക്കിയുള്ളത് പൊതിഞ്ഞെടുത്തു കൊണ്ടുപോകുകയും ചെയ്തു.
ബോർഡർ ഗാവസ്കർ ട്രോഫിയിലെ തോൽവിക്കു പിന്നാലെയാണ് താരങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചത്. ചാംപ്യൻസ് ട്രോഫിക്ക് കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ ബിസിസിഐ താരങ്ങളെ അനുവദിച്ചിട്ടില്ല. ഇതിനായി പ്രത്യേക നിർദേശങ്ങളും ബിസിസിഐ പുറത്തിറക്കി. ഒരു താരത്തിനും ഇക്കാര്യത്തിൽ ഇളവു ലഭിക്കില്ലെന്ന് ബിസിസിഐ താരങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു.