ഹാർദിക് പാണ്ഡ്യ പുറത്തിരിക്കും, രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാരണം ഇതാണ്...

Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ മത്സരം തന്നെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയില്ലാതെ കളിക്കേണ്ടിവരും. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മാർച്ച് 23ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിലെ ‘സ്ലോ ഓവർ റേറ്റുകളുടെ’ പേരിലാണു പാണ്ഡ്യയ്ക്കെതിരായ നടപടി. ഗ്രൂപ്പ് ഘട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഓവറുകൾ കൃത്യസമയത്ത് തീർക്കാത്തതിന്റെ പേരിൽ പാണ്ഡ്യ നടപടി നേരിട്ടിരുന്നു.
കഴിഞ്ഞ സീസണിൽ മൂന്നു തവണയാണ് പാണ്ഡ്യ ഈ പിഴവ് ആവർത്തിച്ചത്. ഇങ്ങനെ സംഭവിച്ചാൽ അടുത്ത മത്സരത്തിൽ ക്യാപ്റ്റനു വിലക്കു വരും. ഇതിനു പുറമേ 30 ലക്ഷം രൂപ പിഴയായി അടയ്ക്കേണ്ടിവരും. കഴിഞ്ഞ സീസണിൽ മുംബൈയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിക്കാതിരുന്നതിനാലാണു പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ക്യാപ്റ്റനു നടപടി നേരിടേണ്ടിവന്നത്.
മാർച്ച് 29ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പാണ്ഡ്യ ടീമിലേക്കു തിരിച്ചെത്തും. പാണ്ഡ്യയുടെ അഭാവത്തിൽ രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസിനെ നയിക്കുമെന്നാണു വിവരം. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരുടെ പേരുകളും ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത്. ടീം തുടർച്ചയായി പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യൻസ് ആരാധകർ തന്നെ പാണ്ഡ്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.