ചാംപ്യൻസ് ട്രോഫിയിലെ വിക്കറ്റ് കീപ്പറെയും ശ്രേയസ് അയ്യരെയും ചൊല്ലി തർക്കം; സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ‘ഇടഞ്ഞ്’ ഗംഭീറും അഗാർക്കറും

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിൽ, സിലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കറും ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തതായി റിപ്പോർട്ട്. ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആരാകണം, ശ്രേയസ് അയ്യരെ ടീമിൽ ഉൾപ്പെടുത്തണോ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവരും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തത്. ഋഷഭ് പന്തിനെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാക്കാനായിരുന്നു അഗാർക്കറിനു താൽപര്യമെങ്കിലും, കെ.എൽ. രാഹുൽ മതിയെന്ന് ഗംഭീർ വാശിപിടിച്ചതായാണ് വിവരം. ശ്രേയസ് അയ്യർ ടീമിൽ വേണോയെന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസം പുറത്തുവന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘‘സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ശ്രേയസ് അയ്യരെ ടീമിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ടും രണ്ടാം വിക്കറ്റ് കീപ്പർ ആരാകണമെന്ന കാര്യത്തിലും വലിയ ചർച്ചയാണ് നടന്നതെ’ന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും കെ.എൽ. രാഹുലാണ് ഇന്ത്യൻ ടീമിനായി വിക്കറ്റ് കാത്തത്. രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായിരുന്ന ഋഷഭ് പന്തിന് ഒരു മത്സരത്തിൽപ്പോലും അവസരം നൽകിയിരുന്നില്ല. ടീമിൽത്തന്നെ ഒരു മത്സരത്തിൽപ്പോലും അവസരം ലഭിക്കാതെ പോയ ഏക താരവും പന്തായിരുന്നു. മാത്രമല്ല, കെ.എൽ. രാഹുലാണ് ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന് വാർത്താ സമ്മേളനത്തിൽ ഗംഭീർ പ്രഖ്യാപിച്ചതോടെ ഋഷഭ് പന്തിന്റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി ചോദ്യങ്ങളുയർന്നിരുന്നു.
‘‘കെ.എൽ. രാഹുലാണ് ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ഈ ഘട്ടത്തിൽ അത്ര മാത്രമേ പറയാനാകൂ. ഋഷഭ് പന്തിന് ഭാവിയിൽ അവസരം ലഭിക്കുമായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ കെ.എൽ. രാഹുൽ നല്ല രീതിയിൽ വിക്കറ്റ് കീപ്പറുടെ ജോലി നിർവഹിക്കുന്നുണ്ട്. എന്തായാലും രണ്ട് വിക്കറ്റ് കീപ്പർമാരെ കളിപ്പിക്കേണ്ട കാര്യമില്ലല്ലോ’ – മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോൾ ഗംഭീർ പറഞ്ഞു. അതേസമയം, ചാംപ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കുന്ന സമയത്ത് ഋഷഭ് പന്താകും ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്നാണ് അഗാർക്കർ വിശദീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പക്ഷേ, പന്തിന് ഒരു മത്സരത്തിൽപ്പോലും അവസരം ലഭിച്ചതുമില്ല.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇടംകയ്യൻ ബാറ്റിങ് സാധ്യത മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് അക്ഷർ പട്ടേലിന് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയപ്പോൾത്തന്നെ ഋഷഭ് പന്തിന്റെ സാധ്യതകൾക്ക് മങ്ങലേറ്റിരുന്നു. അവസരം മുതലെടുത്ത് അക്ഷർ പട്ടേൽ ആദ്യ രണ്ടു മത്സരങ്ങളിൽ 52, 41 റൺസ് വീതം നേടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഉൾപ്പെടെ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം കൂടിയാണ് അക്ഷർ പട്ടേൽ. അന്ന് 47 റൺസെടുത്ത അക്ഷർ പട്ടേലാണ് വിരാട് കോലിക്കൊപ്പം ടീമിനു പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ഏകദിന ടീമിലേക്ക് ശക്തമായ തിരിച്ചുവരവു നടത്തിയ ശ്രേയസ് അയ്യരുടെ കാര്യത്തിലായിരുന്നു സിലക്ഷൻ കമ്മിറ്റി യോഗത്തിലെ മറ്റൊരു പ്രധാന ചർച്ച. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 181 റൺസടിച്ച് അയ്യർ കരുത്തുകാട്ടിയിരുന്നു. അയ്യരുടെ മികച്ച ഫോം മധ്യനിരയിലെ ഇന്ത്യയുടെ ദൗർബല്യം ഒരുപരിധി വരെ പരിഹരിക്കുകയും ചെയ്തു. അതേസമയം, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും വിരാട് കോലിക്ക് പരുക്കേറ്റതുകൊണ്ടു മാത്രമാണ് കളിപ്പിച്ചതെന്നും അയ്യർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇങ്ങനെ ലഭിച്ച അവസരം അയ്യർ മുതലെടുത്ത് അർധസെഞ്ചറി കുറിച്ചതോടെ താരത്തെ തുടർന്നും കളിപ്പിക്കാൻ ടീം മാനേജ്മെന്റ് നിർബന്ധിതരായി. ആദ്യ മത്സരത്തിൽ പരീക്ഷിച്ച യശസ്വി ജയ്‌സ്വാളിന്, വിരാട് കോലിയുടെ തിരിച്ചുവരവോടെ ടീമിലെ സ്ഥാനം നഷ്ടമാകുകയും ചെയ്തു.